News - 2024

ഇറ്റാലിയന്‍ ആഭ്യന്തര മന്ത്രിയെ ആക്രമിക്കുന്നത് ശരിയല്ലെന്ന് കത്തോലിക്ക മെത്രാന്‍

സ്വന്തം ലേഖകന്‍ 02-08-2018 - Thursday

ഇറ്റലി: നിയമപരമല്ലാത്ത കുടിയേറ്റത്തെ തടയുവാന്‍ ശ്രമിക്കുന്നതിന്റെ പേരില്‍ ഇറ്റാലിയന്‍ ആഭ്യന്തര മന്ത്രിയും, ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ മാറ്റിയോ സാല്‍വീനിയ്ക്കെതിരെയുള്ള ആക്രമണത്തെ വിമര്‍ശിച്ച് ചിയോഗ്ഗിയായിലെ മെത്രാന്‍ അഡ്രിയാനോ ടെസ്സാരൊല്ലോ രംഗത്ത്. അടുത്തിടെ രാജ്യത്തെ ഏറ്റവും വലിയ കത്തോലിക്കാ പ്രസിദ്ധീകരണമായ ‘ഫാമിഗ്ലിയാ ക്രിസ്റ്റ്യാന’ സാല്‍വീനിയെ സാത്താനുമായി താരതമ്യം ചെയ്തുകൊണ്ടു കവര്‍ സ്റ്റോറി തയാറാക്കിയിരിന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ബിഷപ്പിന്റെ പ്രതികരണം. മാഗസിന്‍ രാജ്യത്തെ മുഴുവന്‍ കത്തോലിക്കാ പുരോഹിതരുടെ അഭിപ്രായമായി കരുതരുതെന്നും ‘ഫാമിഗ്ലിയാ ക്രിസ്റ്റ്യാന’ സഭയുടെ ശബ്ദമല്ലെന്നും ‘കൊറിയേറെ ഡെല്‍ വെനാറ്റോ’ ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ ബിഷപ്പ് അഡ്രിയാനോ പറഞ്ഞു.

സാല്‍വീനിയെ ചെകുത്താനോടു ഉപമിച്ച കത്തോലിക്കാ പ്രസിദ്ധീകരണത്തിന്റെ നിലപാടിനോട് താനും യോജിക്കുന്നില്ലെന്ന് ഫാ. അലെക്സാണ്ടര്‍ ലൂസിയെ എന്ന വൈദികനും അഭിപ്രായപ്പെട്ടിരിന്നു. വത്തിക്കാന്റെ ശബ്ദം എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന ഒരു പ്രസിദ്ധീകരണം ഒരു മന്ത്രിയെ ചെകുത്താനെന്നു വിശേഷിപ്പിച്ചത് നിരുത്തരവാദപരമാണെന്നായിരിന്നു അദ്ദേഹത്തിന്റെ പ്രതികരണം. അനിയന്ത്രിതമായ നിയമവിരുദ്ധ കുടിയേറ്റത്തെ തടയുവാനുള്ള സര്‍ക്കാര്‍ നടപടികളെ പിന്തുണക്കുന്നവരാണ് ഭൂരിപക്ഷം കത്തോലിക്ക വിശ്വാസികളെങ്കിലും, ഏതാനും മെത്രാന്‍മാര്‍ മാറ്റിയോ സാല്‍വീനിയെ പരസ്യമായി വിമര്‍ശിച്ചുകൊണ്ട് രംഗത്തുണ്ട്.

കുടിയേറ്റക്കാരെ സഹായിക്കുവാനായി താന്‍ എല്ലാ ദേവാലയങ്ങളും മോസ്കുകളാക്കി മാറ്റുവാന്‍ വരെ തയ്യാറാണെന്ന്‍ ഒരു മെത്രാന്‍ പറഞ്ഞതും സാല്‍വീനിയെ ‘അന്തിക്രിസ്തു’വെന്ന് ഒരു വൈദികന്‍ വിശേഷിപ്പിച്ചതും വലിയ വിവാദങ്ങള്‍ക്ക് വഴിതെളിയിച്ചിരിന്നു. ഇതിനിടെ കുടിയേറ്റ നയങ്ങളെ സംബന്ധിച്ച് സഭാനേതൃത്വവും, വിശ്വാസിസമൂഹവും തമ്മിലുള്ള വിഭാഗീയത വര്‍ദ്ധിച്ചുവരികയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. അബോര്‍ഷനും അനിയന്ത്രിത കുടിയേറ്റത്തിനും എതിരെ ശക്തമായ നിലപാടുള്ള സെന്റര്‍-റൈറ്റ് പോപ്പുലിസ്റ്റ് പാര്‍ട്ടികളായ ലെഗാ നൊര്‍ഡ് പാര്‍ട്ടിയും, ഫൈവ്സ്റ്റാര്‍ മൂവ്മെന്റും അടങ്ങുന്ന സഖ്യക്ഷിയാണ് ഇപ്പോള്‍ ഇറ്റലി ഭരിക്കുന്നത്. പൊതു കെട്ടിടങ്ങളില്‍ ക്രൂശിത രൂപം പ്രദര്‍ശിപ്പിക്കണമെന്ന് അനുശാസിക്കുന്ന ബില്‍ പ്രാബല്യത്തില്‍ കൊണ്ടുവരുവാന്‍ ഇറ്റലി ഒരുങ്ങുകയാണ്.


Related Articles »