News - 2025

വധശിക്ഷ ഒരു സാഹചര്യത്തിലും അംഗീകരിക്കാനാവില്ല: മതബോധനത്തിൽ മാറ്റംവരുത്തി മാർപാപ്പ

സ്വന്തം ലേഖകന്‍ 03-08-2018 - Friday

വത്തിക്കാന്‍ സിറ്റി: ഒരു സാഹചര്യത്തിലും വധശിക്ഷ അംഗീകരിക്കാനാവില്ലെന്നു പ്രഖ്യാപിച്ച് കത്തോലിക്കാസഭ. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്‍ദേശപ്രകാരം കത്തോലിക്കാസഭയുടെ വേദോപദേശത്തില്‍(സിസിസി) ഇതനുസരിച്ചുള്ള മാറ്റം വരുത്തി. ചില സാഹചര്യങ്ങളിൽ വധശിക്ഷ അനുവദനീയമാണെന്നായിരുന്നു ഇതിനു മുന്‍പുള്ള പ്രബോധനം. 2267-ാം മതബോധനത്തിലാണ് മാറ്റംവരുത്തിയത്. കുറ്റവാളിയുടെ അനന്യതയും ഉത്തരവാദിത്വവും പൂർണ്ണമായും നിർണയിച്ചു കഴിഞ്ഞാൽ മനുഷ്യജീവിതങ്ങളെ അന്യായ അക്രമിയിൽ നിന്ന് ഫലപ്രദമായി സംരക്ഷിക്കുന്നതിനുള്ള ഏകമാർഗ്ഗമാണ് അതെങ്കില്‍ വധശിക്ഷ നടപ്പിലാക്കുന്നത് സഭയുടെ പരമ്പരാഗത പഠനം തടയുന്നില്ലായെന്നാണ് സി‌സി‌സി 2267ചൂണ്ടിക്കാട്ടുന്നത്.

ഇതിന് പകരമായാണ് വധശിക്ഷ ഒരു സാഹചര്യത്തിലും അംഗീകരിക്കാനാവില്ലായെന്ന് എഴുതിചേര്‍ത്തിരിക്കുന്നത്. വ്യക്തിയുടെ അലംഘനീയതയുടെയും അന്തസിന്റെയും മേലുള്ള കടന്നാക്രമണമായിട്ടാണു സുവിശേഷത്തിന്റെ വെളിച്ചത്തില്‍ സഭ വധശിക്ഷയെ കാണുന്നതെന്ന് പുതിയ പ്രബോധനം വ്യക്തമാക്കുന്നു. ലോകവ്യാപകമായി വധശിക്ഷ ഇല്ലാതാക്കാന്‍ സഭ നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിക്കുമെന്നും പ്രബോധനത്തില്‍ ചേര്‍ത്തു. കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥത്തിൽ മേയിൽ മാറ്റം വരുത്തിയിരുന്നെങ്കിലും വ്യാഴാഴ്ചയാണ് വത്തിക്കാന്‍ ഔദ്യോഗികമായി ഇത് പ്രസിദ്ധീകരിക്കുന്നത്.

More Archives >>

Page 1 of 347