News - 2024
“ശബ്ദമില്ലാത്തവരുടെ ശബ്ദമാണ് നിങ്ങള്‍”; നിക്കരാഗ്വയില്‍ സഭയെ പിന്തുണച്ച് പതിനായിരങ്ങളുടെ റാലി
സ്വന്തം ലേഖകന്‍ 31-07-2018 - Tuesday
മനാഗ്വ: ആഭ്യന്തര കലാപം രൂക്ഷമായ മദ്ധ്യ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വയില്‍ കത്തോലിക്കാ സഭയെ പിന്തുണച്ചുകൊണ്ട് പതിനായിരങ്ങളുടെ റാലി. “പിതാക്കന്‍മാര്‍ ഭീകരവാദികളോ, നിയമലംഘകരോ അല്ല, മറിച്ച് സ്വന്തം കുഞ്ഞാടുകളുടെ മണമുള്ള ആട്ടിടയന്‍മാരാണ്” എന്നാര്‍ത്ത് വിളിച്ചുകൊണ്ടാണ് വിശ്വാസികള്‍ ജാഥ നടത്തിയത്. “ശബ്ദമില്ലാത്തവരുടെ ശബ്ദമാണ് നിങ്ങള്‍”, “ജനങ്ങളോടൊപ്പം നിന്നതിനു ധീരരായ മെത്രാന്‍മാര്‍ക്ക് നന്ദി” തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളും തിരുസ്വരൂപങ്ങളും ജനസമൂഹം വഹിച്ചിരിന്നു. നിക്കരാഗ്വ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരും, സര്‍ക്കാര്‍ അനുകൂലികളും സാധാരണക്കാര്‍ക്ക് നേരെ നടത്തിയ പ്രക്ഷോഭത്തില്‍ അനുരഞ്ജന ശ്രമവുമായി കത്തോലിക്ക സഭ ഇടപ്പെട്ടിരിന്നു.
തുടര്‍ന്നു മെത്രാന്‍മാര്‍ക്കെതിരെയും സര്‍ക്കാര്‍ നടപടി നടത്തിയിരിന്നു. ഇതിനെതിരെയാണ് ജനങ്ങള്‍ സഭാനേതൃത്വത്തിന് വേണ്ടി തെരുവില്‍ ഇറങ്ങിയത്. മനാഗ്വ കത്രീഡലിന്റെ മുന്നില്‍ വെച്ച് ഡയലോഗ് കമ്മീഷന്‍ അംഗവും, അതിരൂപതാ അല്‍മായ-അജപാലക പ്രവര്‍ത്തനങ്ങളുടെ മേധാവിയുമായ ഫാ. കാര്‍ലോസ് അവിലെസ് റാലിയില്‍ പങ്കെടുത്തവരെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
'മെത്രാന്‍മാര്‍ക്കും, ആട്ടിടയന്‍മാര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള തീര്‍ത്ഥയാത്ര'യെന്നാണ് അദ്ദേഹം റാലിയെ വിശേഷിപ്പിച്ചത്. അക്രമത്തിന്റെ മാര്‍ഗ്ഗമല്ല സഭ ആഗ്രഹിക്കുന്നതെന്നും, ഒരു കരണത്തടിച്ചാല്‍ മറുകരണവും കാണിച്ചുകൊടുക്കണമെന്ന യേശുവിന്റെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് എത്രത്തോളം അപമാനിക്കപ്പെട്ടാലും, വിമര്‍ശിക്കപ്പെട്ടാലും പ്രശ്നപരിഹാരത്തിനായുള്ള ചര്‍ച്ചകള്‍ക്ക് സഭ തയ്യാറാണെന്നും ഫാ. അവിലെസ് പറഞ്ഞു.
അടുത്തിടെ ചില മെത്രാന്‍മാര്‍ക്ക് സര്‍ക്കാര്‍ അനുകൂലികളായ അര്‍ദ്ധസൈനിക വിഭാഗത്തില്‍ നിന്നും കടുത്ത ആക്രമണങ്ങളാണ് നേരിടേണ്ടി വന്നത്. ഒരു മെത്രാന് കത്തികൊണ്ടുള്ള മുറിവേറ്റപ്പോള്‍ മറ്റൊരു മെത്രാനെ വെടിയേറ്റു. ഇതിനു പുറമേ “സര്‍ക്കാരിനെ മറിച്ചിടുവാന്‍ ശ്രമിക്കുന്ന അട്ടിമറിക്കാര്‍” എന്ന് പ്രസിഡന്റ് ഒര്‍ട്ടേഗ കത്തോലിക്കാ സഭാനേതൃത്വത്തെ വിശേഷിപ്പിച്ചതും വന്‍ ജനരോക്ഷത്തിനു കാരണമായി. പരിക്കേറ്റ പ്രതിഷേധക്കാരെ ചികിത്സിക്കുവാനായി പല ദേവാലയങ്ങളും താല്‍ക്കാലിക ആശുപത്രികളായി മാറ്റിയിരിക്കുകയാണ്. സാമൂഹിത സുരക്ഷിതത്വ നയങ്ങളിലും, പെന്‍ഷന്‍ പദ്ധതികളിലും നിക്കരാഗ്വെന്‍ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗ മാറ്റം പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് രാജ്യത്തു അക്രമ സംഭവങ്ങള്‍ ആരംഭിച്ചത്.