News - 2024

‘റോസറി എക്രോസ് ഇന്ത്യ’; പോളണ്ടിന്റെ മാതൃക ഒടുവില്‍ ഭാരതത്തിലേക്കും

സ്വന്തം ലേഖകന്‍ 05-08-2018 - Sunday

ന്യൂഡൽഹി: പോളണ്ടില്‍ ആരംഭിച്ച് അയര്‍ലണ്ട്, ഇറ്റലി, അമേരിക്ക, ഗ്രേറ്റ് ബ്രിട്ടന്‍, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ വിജയകരമായി പൂര്‍ത്തിയാക്കിയ രാജ്യവ്യാപക ജപമാലയത്നത്തിന് ഒടുവില്‍ ഭാരതവും തയാറെടുക്കുന്നു. ജപമാലരാജ്ഞിയുടെ തിരുനാൾ ദിനമായ ഒക്‌ടോബർ എഴ് വൈകിട്ട് അഞ്ചിനാണ് ‘റോസറി എക്രോസ് ഇന്ത്യ’ എന്ന പേരില്‍ രാജ്യവ്യാപക പ്രാര്‍ത്ഥനായത്നം നടക്കുക. ജപമാലയത്നത്തിന് മുന്നോടിയായി ആഗസ്റ്റ് 15 മുതല്‍ 54 ദിവസം നീണ്ടുനിൽക്കുന്ന ’54 ഡേ മിറാക്കുലസ് റോസറി നൊവേന’ പ്രാർത്ഥനയും സംഘടിപ്പിക്കുന്നുണ്ട്.

ഭാരതത്തിനും പൌരന്‍മാര്‍ക്കും ലോകം മുഴുവന്റെ പാപപ്പൊറുതിക്കും വൈദികർക്കും സമർപ്പിതര്‍ക്കു വേണ്ടിയും ജീവന്റെ സംസ്‌ക്കാരം വളരുന്നതിനും വിവാഹ- കുടുംബജീവിത വിശുദ്ധി ഉണ്ടാകുന്നതിനും വേണ്ടിയാണ് ജപമാലയത്നം നടത്തുന്നത്. ബോംബെ അതിരൂപതാംഗവും സാന്ത്രാക്രൂസ് ഔവർ ലേഡി ഓഫ് ഈജിപ്ത് ഇടവക വികാരിയുമായ ഫാ. റൂയി ഫ്രാൻസിസ് കൊമേലയോയാണ് ‘റോസറി ഓൺ ദ കോസ്റ്റി’ന്റെ ആത്മീയ നേതൃത്വം വഹിക്കുന്നത്. അതിരൂപതാ യുവജന അനിമേറ്ററായ മെലീസ മിറാൻഡയാണ് നാഷണൽ കോർഡിനേറ്റർ.

കണ്ണൂര്‍ ബിഷപ്പ് അലക്സ് വടക്കുംതല അടക്കം നിരവധി ബിഷപ്പുമാര്‍ രാജ്യവ്യാപക പ്രാര്‍ത്ഥനയ്ക്കു പിന്തുണയുമായി രംഗത്തുണ്ട്. ദേവാലയങ്ങൾ, ഗ്രോട്ടോകൾ, പ്രാദേശിക പ്രാർത്ഥനാ കൂട്ടായ്മകൾ, കരിശുപള്ളികൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സംഘടിച്ച് ഇന്ത്യ ഒന്നടങ്കം അണിചേരും വിധമുള്ള ക്രമീകരണങ്ങൾക്ക് സംഘാടകര്‍ തുടക്കം കുറിച്ചുകഴിഞ്ഞു. കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാനും പങ്കെടുക്കുന്നവരെ ഏകോപിപ്പിക്കാനുമായി വെബ്സൈറ്റും ആരംഭിച്ചിട്ടുണ്ട്.

ഇടവകകളും സ്ഥാപനങ്ങളും രജിസ്റ്റര്‍ ചെയ്യുവാന്‍ http://rosaryacrossindia.co.in സന്ദര്‍ശിക്കുക.


Related Articles »