India
വിശ്വാസികള്‍ ഒറ്റക്കെട്ടാണെന്ന പ്രഖ്യാപിച്ച് തൃശൂര്‍ അതിരൂപതയുടെ വിശ്വാസ സംരക്ഷണ സദസ്
സ്വന്തം ലേഖകന്‍ 06-08-2018 - Monday
തൃശൂര്‍: മാധ്യമധര്‍മം മറന്നു ക്രൈസ്തവ സഭകളെ ആക്ഷേപിച്ച് ചിതറിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ വിശ്വാസികള്‍ ഒറ്റക്കെട്ടാണെന്ന പ്രഖ്യാപിച്ചു തൃശൂര്‍ അതിരൂപതയുടെ വിശ്വാസ സംരക്ഷണ സദസ്. ഇന്നലെ സെന്റ് തോമസ് കോളജിലെ മോണ്‍. ജോണ്‍ പാലോക്കാരന്‍ സ്‌ക്വയറില്‍ നടന്ന സമ്മേളനത്തില്‍ തൃശൂര്‍ അതിരൂപതയിലെ ഇടവകകളില്‍നിന്നുള്ള ആയിരകണക്കിന് പ്രതിനിധികളാണ് പങ്കെടുത്തത്. റിട്ടയേഡ് സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് സിറിയക് ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു. അസത്യങ്ങളും അര്‍ധസത്യങ്ങളും കാപട്യത്തിന്റെ ചായംപൂശി സത്യമെന്ന രീതിയില്‍ പ്രചരിപ്പിക്കുകയും മതവിശ്വാസ മൂല്യങ്ങളെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നതല്ല മാധ്യമധര്‍മം എന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിയമവിരുദ്ധമാണെന്നും ജസ്റ്റീസ് സിറിയക് ജോസഫ് ഓര്‍മപ്പെടുത്തി.
കോടതിയില്‍ വിചാരണയിലുള്ളതോ അന്വേഷണത്തിലിരിക്കുന്നതോ ആയ കേസുകളില്‍ മാധ്യമങ്ങള്‍ വിചാരണ നടത്തുന്നതും പരസ്യമായി അഭിപ്രായ പ്രകടനം നടത്തുന്നതും നിയമമനുസരിച്ചു തെറ്റാണെന്നും സ്വാര്‍ഥ ലാഭത്തിനുവേണ്ടി അങ്ങനെ ചെയ്യുന്ന ചാനലുകളേയും പത്ര മാധ്യമങ്ങളേയും കുടുംബങ്ങളില്‍നിന്ന് ഒഴിവാക്കുകയാണു വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമരംഗം സമൂഹത്തിനു നല്‍കുന്ന സംഭാവനകള്‍ വളരെ വലുതാണെന്നത് വിസ്മരിക്കുന്നില്ലായെന്നും പക്ഷേ, സ്വാര്‍ഥ താല്‍പര്യങ്ങള്‍ ലക്ഷ്യംവച്ചുകൊണ്ട് വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്നവരെ തിരിച്ചറിയാന്‍ ഏതൊരു വിശ്വാസിക്കും തിരിച്ചറിയുവാന്‍ കഴിയുമെന്നും ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. കുമ്പസാരത്തിനെതിരേ ദേശീയ വനിതാ കമ്മീഷന്റെ നിലപാടിനെതിരേയും സഭാമേലധ്യക്ഷന്മാതരെ ഒന്നടങ്കം ആക്ഷേപിച്ച് ചില മാധ്യമങ്ങള്‍ നടത്തുന്ന ദുഷ്പ്രചാരണത്തിനെതിരേയും പ്രതിഷേധിച്ചുകൊണ്ടുള്ള പ്രമേയം സീറോ മലബാര്‍ സഭാ പിആര്‍ഒ പി.ഐ. ലാസര്‍ മാസ്റ്റര്‍ അവതരിപ്പിച്ചു.
അതിരൂപതാ സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍, കത്തോലിക്കാ കോണ്‍ഗ്രസ് അതിരൂപതാ പ്രസിഡന്റ് പ്രഫ. കെ.എം. ഫ്രാന്‍സിസ്, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. മേരി റെജീന, വൈദിക സമിതി സെക്രട്ടറി ഫാ. ജോസ് കോനിക്കര, കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സെക്രട്ടറി അഡ്വ. ബിജു കുണ്ടുകുളം, സിആര്‍ഐ സെക്രട്ടറി സിസ്റ്റര്‍ റോസ് അനിത എഫ്‌സിസി, കത്തോലിക്ക കോണ്‍ഗ്രസ് ഡയറക്ടര്‍ ഫാ. വര്‍ഗീസ് കുത്തൂര്‍, എ.എ. ആന്റണി എന്നിവര്‍ പ്രസംഗിച്ചു.