News - 2025
പത്തുലക്ഷം രൂപയുടെ ഭക്ഷണക്കിറ്റുകള്‍: ദുരിതാശ്വാസ സഹായങ്ങളുമായി മാനന്തവാടി രൂപത
സ്വന്തം ലേഖകന്‍ 10-08-2018 - Friday
മാനന്തവാടി: പ്രളയദുരിതത്തിലകപ്പെട്ട വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുമായി മാനന്തവാടി രൂപത. ദുരിതാശ്വാസക്യാംപിലുള്ളവര്‍ക്കൊപ്പം വിവിധ ഇടങ്ങളില്‍ ഒറ്റപ്പെട്ടുപോയവരെയും അടിയന്തിരമായി സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് രൂപതയുടെ പ്രവര്‍ത്തനപദ്ധതി രൂപീകരിച്ചിരിക്കുന്നത്. അരിയും പലവ്യഞ്ജനങ്ങളും ഉള്‍ക്കൊള്ളുന്ന ആയിരം കിറ്റുകളാണ് ഒന്നാം ഘട്ടത്തില്‍ വിതരണം ചെയ്യുന്നത്. ആവശ്യമെങ്കില്‍ കൂടുതല്‍ കിറ്റുകള്‍ വിതരണത്തിനെത്തിക്കും. പ്രളയമേഖലകളില്‍ ആവശ്യമായ ചികിത്സാ സഹായമെത്തിക്കുന്നതിന് കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് മുപ്പത് പേരടങ്ങുന്ന മെഡിക്കല്‍ സംഘത്തെയും രൂപീകരിച്ചിട്ടുണ്ട്.
ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, ആരോഗ്യപ്രവര്‍ത്തര്‍ എന്നിവരടങ്ങുന്ന സംഘം ആവശ്യമുള്ള മരുന്നുകളുമായി ക്യാംപുകളിലും പ്രളയമേഖലകളിലും സഹായമെത്തിക്കും. ദുരിതാശ്വാസപുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് കുടുംബങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഫൊറോനഇടവക തലങ്ങളില്‍ സന്നദ്ധപ്രവര്‍ത്തകരുടെ സ്വകാഡ് രൂപീകരിക്കും. ശുചീകരണം, പുന ര്‍നിര്‍മ്മാണം, തുടങ്ങിയ മേഖലകളില്‍ ഈ സ്‌ക്വാഡ് ക്രിയാത്മകമായി പ്രവര്‍ത്തിക്കും. ക്യാംപുകളിലുള്ളവര്‍ക്കായി വസ്ത്രങ്ങള്‍ ശേഖരിച്ച് നല്കുന്നതിന് വസ്ത്രബാങ്ക് ആരംഭിക്കും.
പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്ത്ഥികള്‍ക്ക് നോട്ട്ബുക്ക്, കുട, ബാഗ്, പുസ്തകങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കും.രൂപതയിലെ ദേവാലയങ്ങള്‍, പാരിഷ് ഹാളുകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവയുടെ മുഴുവന്‍ സൗകര്യങ്ങളും ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി ഉപയോഗിക്കും. ദുരിതാശ്വാസക്യാംപിലെത്തിപ്പെടാതെ ബന്ധുക്കുളുടെയും പരിചയക്കാരുടെയും വീടുകളിലും മറ്റും കഴിയുന്ന പ്രളയബാധിതരേയും സഹായപദ്ധതികളുടെ ഭാഗമായി പരിഗണിച്ച് അവര്‍ക്കും അടിയന്തിരസഹായങ്ങള്‍ നല്കാന്‍ അധികൃതര്‍ തയ്യാറാകണം.
രൂപതയുടെ നേതൃത്വത്തില്‍ പ്രത്യേക ദുരിതാശ്വാസനിധി രൂപീകരിക്കുന്നതാണ്. മാനന്തവാടി ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം പിതാവിന്റെ നിര്‍ദ്ദേശപ്രകാരം ചേര്‍ന്ന ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെ യോഗത്തില്‍ വികാരി ജനറാള്‍ മോണ്. അബ്രാഹം നെല്ലിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ഫാ. പോള്‍ കൂട്ടാല, ഫാ. ജോസ് കൊച്ചറക്കല്‍, ഫാ. ജോര്‍ജ്ജ് മൈലാടൂര്‍, പോള്‍ മുണ്ടോളിക്കല്‍, ഫാ. ജില്‍സണ് കോക്കണ്ടത്തില്‍, സെബാസ്റ്റ്യന് പാലംപറംപില്‍, സാലു മേച്ചേരില്‍, ജോസ് പള്ളത്ത്, സി. സ്‌റ്റെഫീന എഫ്‌സിസി, സി. അനിറ്റ എസ്‌സിവി എന്നിവര്‍ പ്രസംഗിച്ചു.