News - 2024

യുവജന ക്യാമ്പ് നടത്തി: ചൈനയിലെ കത്തോലിക്ക വൈദികരെ ഭരണകൂടം പുറത്താക്കി

സ്വന്തം ലേഖകന്‍ 12-08-2018 - Sunday

ബെയ്ജിംഗ്: യുവജന ക്യാമ്പ് നടത്തിയതിന്റെ പേരില്‍ ചൈനയിലെ ഭൂഗർഭ സഭ വൈദികരെ ഭരണകൂടം പുറത്താക്കി. തിയാൻഷൂയി രൂപതയിലെ മജികു ദേവാലയത്തിൽ സേവനമനുഷ്ഠിച്ചിരുന്ന ഫാ.വാങ്ങ് യി ക്വിൻ, ഫാ.ലി ഷിഡോങ് എന്നിവർക്കെതിരെയാണ് സര്‍ക്കാരിന്റെ ക്രൂര നടപടി. ബോസ്കോ യുവജന സംഘടനയ്ക്ക് ക്യാമ്പ് നടത്തിയ ഇരുവരേയും നാട്ടിലേക്കയയ്ക്കാനും അവർക്ക് പകരം ഭരണകൂടം അംഗീകരിച്ച വൈദികരെ നിയോഗിക്കാനും തിയാൻഷൂയി മുൻസിപ്പൽ മതകാര്യ കമ്മിറ്റി സര്‍ക്കാര്‍ അംഗീകൃത സഭയായ പാട്രിയോട്ടിക് അസോസിയേഷന് കത്തയച്ചു. ഭൂഗർഭ സഭയുടെ കേന്ദ്രമായി പ്രവർത്തിക്കുന്ന ദേവാലയത്തിൽ ഗവൺമെന്റ് അനുശാസിക്കുന്ന നിയമങ്ങൾ നടപ്പിലാക്കാൻ പ്രതിനിധികളെ നിയോഗിക്കണമെന്നും ജൂലൈ 21ന് അയച്ച കത്തിൽ സൂചിപ്പിക്കുന്നുണ്ട്.

കമ്മ്യൂണിസ്റ്റ് രാജ്യമായ ചൈനയിൽ കത്തോലിക്ക സഭയുടെ വളർച്ച തടയാൻ കര്‍ശന നടപടികളാണ് ഓരോ ദിവസവും സര്‍ക്കാര്‍ എടുക്കുന്നത്. വടക്ക് പടിഞ്ഞാറൻ ചൈനയിലെ തിയാൻഷുയി ഭൂഗർഭ സഭയെ ഗവൺമെൻറ് പരിധിയിലാക്കുകയാണ് ലക്ഷ്യമെന്നും സംശയിക്കുന്നു. തിയാൻഷുയി രൂപതയിലെ രണ്ട് ഭൂഗർഭ സഭ ദേവാലയങ്ങളിൽ ഒന്നാണ് മജികു ഗാൻകാൻ ദേവാലയം. 1921 ൽ സ്ഥാപിതമായ ദേവാലയം യുവാൻബയിഡോ ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെയാണ് പ്രവർത്തിക്കുന്നത്.


Related Articles »