News - 2025
“നമുക്കൊരുമിച്ച് ജീവന്റെ അന്തസ്സിനെ സംരക്ഷിക്കാം”: പ്രോലൈഫ് നിലപാട് ആവര്‍ത്തിച്ച് ട്രംപ്
സ്വന്തം ലേഖകന്‍ 30-08-2018 - Thursday
വാഷിംഗ്ടണ്‍ ഡിസി: പ്രോലൈഫ് മൂല്യങ്ങള്‍ക്ക് വേണ്ടിയും, മതസ്വാതന്ത്ര്യത്തിന് വേണ്ടിയും പോരാടുന്നത് തുടരുമെന്ന് ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇക്കഴിഞ്ഞ തിങ്കളാഴ്ച ഇവാഞ്ചലിക്കല്‍ സഭാ നേതാക്കള്‍ക്കും വചനപ്രഘോഷകര്‍ക്കുമായി വൈറ്റ്ഹൗസില്‍ സംഘടിപ്പിച്ച അത്താഴവിരുന്നില്‍ പങ്കെടുക്കുന്നതിനിടെയാണ് ട്രംപ് തന്റെ ശക്തമായ പ്രോലൈഫ് കാഴ്ചപ്പാട് വീണ്ടും വ്യക്തമാക്കിയത്. ജീവന്റെ വിശുദ്ധിയെ സംരക്ഷിച്ചുകൊണ്ട്, നമുക്കൊരുമിച്ച് നമ്മുടെ രാഷ്ട്രത്തെ പ്രാര്‍ത്ഥനയിലൂടെ ഉയര്‍ത്താമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമീപ വര്‍ഷങ്ങളില്‍ തന്റെ ഗവണ്‍മെന്റ് മതസ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനുവേണ്ട നടപടികള്‍ കൈകൊണ്ടിട്ടുണ്ട്. ജീവന്റെ അന്തസ്സിലും, ദൈവമഹത്വത്തിലും, പ്രാര്‍ത്ഥനയുടെ ശക്തിയിലും വിശ്വസിക്കുന്ന ഇവാഞ്ചലിക്കല്‍ നേതാക്കള്‍ക്കൊപ്പം അത്താഴം പങ്കുവെക്കുന്നത് തന്നെ സംബന്ധിച്ചിടത്തോളം ഒരു ബഹുമതിയാണെന്നും ട്രംപ് പറഞ്ഞു. ക്രിസ്ത്യന്‍ നേതാക്കള്‍ നല്‍കുന്ന പിന്തുണയ്ക്ക് നന്ദിപറയുവാനും ട്രംപ് മറന്നില്ല.
ഫെയിത്ത് ആന്‍ഡ് ഫ്രീഡം ചെയര്‍മാന്‍ റാല്‍ഫ് റീഡ്, ഫാമിലി റിസര്‍ച്ച് കൗണ്‍സില്‍ പ്രസിഡന്റ് ടോണി പെര്‍കിന്‍സ്, സിവില്‍ റൈറ്റ്സ് ഫോര്‍ ദി അണ്‍ബോണ്‍ ഡയറക്ടര്‍ അല്‍വേഡാ കിംഗ്, ലിബര്‍ട്ടി സര്‍വ്വകലാശാല പ്രസിഡന്റ് ജെറി ഫാല്‍വെല്‍, ഇവാഞ്ചലിക്കല്‍ സഭാ നേതാക്കളായ ഫ്രാങ്ക്ലിന്‍ ഗ്രഹാം, റോബര്‍ട്ട് ജെഫ്റസ്സ്, പൌള വൈറ്റ്, ഡാരല്‍ സ്കോട്ട് തുടങ്ങിയവര്‍ക്ക് പുറമേ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്, ഹെല്‍ത്ത് ആന്‍ഡ് ഹുമന്‍ സര്‍വീസസ് സെക്രട്ടറി അലെക്സ് അസര്‍, റിലീജിയസ് ഫ്രീഡം അംബാസഡര്‍ സാം ബ്രൌണ്‍ബാക്ക് തുടങ്ങിയവരും അത്താഴവിരുന്നില്‍ പങ്കെടുത്തു.
ഏതാണ്ട് 10 കോടി ഡോളറിന്റെ ഗര്‍ഭഛിദ്രം കച്ചവടം നടത്തുന്ന വലിയ കമ്പനിയാണ് ഇന്റര്‍നാഷണല്‍ പ്ലാന്‍ഡ് പാരന്റ്ഹുഡ് എന്ന് പറഞ്ഞുകൊണ്ട് അവര്‍ക്ക് നല്‍കിവന്ന ധനസഹായം നിര്‍ത്തലാക്കിയ നടപടി ശരിയാണെന്ന് ട്രംപ് പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് പദവിയിലെത്തിയതിനുശേഷം ഇതാദ്യമായല്ല ട്രംപ് തന്റെ ദൈവവിശ്വാസത്തെക്കുറിച്ചും, പ്രോലൈഫ് കാഴ്ചപ്പാടിനെക്കുറിച്ചും പരസ്യമായി പറയുന്നത്. പല പ്രമുഖ വേദികളിലും അദ്ദേഹം തന്റെ ദൈവ വിശ്വാസവും പ്രോലൈഫ് നിലപാടുകളും പരസ്യമായി പ്രഘോഷിച്ചിട്ടുണ്ട്.