News - 2024

"ക്രിസ്തുവില്‍ വിശ്വസിച്ചു"; ഇറാനില്‍ 4 ക്രൈസ്തവർക്ക് 45 വര്‍ഷത്തെ ജയില്‍ ശിക്ഷ

സ്വന്തം ലേഖകന്‍ 01-09-2018 - Saturday

ടെഹ്റാന്‍: ക്രൈസ്തവ വിശ്വാസത്തെ പിന്തുടര്‍ന്നതിനെ തുടര്‍ന്നു ഇറാനില്‍ 4 ക്രൈസ്തവർക്ക് 45 വര്‍ഷത്തെ ജയില്‍ ശിക്ഷ. അസ്സീറിയന്‍ ക്രൈസ്തവരായ പാസ്റ്റര്‍ വിക്ടര്‍ ബെറ്റ്-തംറാസ്, അദ്ദേഹത്തിന്റെ ഭാര്യ ഷമീരാം ഇസ്സാവി, ഇസ്ലാമില്‍ നിന്നും ക്രൈസ്തവ വിശ്വാസം സ്വീകരിച്ച അമിന്‍ അഫ്ഷാര്‍ നദേരി, ഹാദി അസ്ഗാരി എന്നീ ക്രിസ്ത്യാനികള്‍ക്കാണ് ഇറാന്‍ ഭരണകൂടം 45 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്. നിയമപരമല്ലാത്ത രീതിയില്‍ ദേവാലയങ്ങള്‍ പ്രവര്‍ത്തിപ്പിച്ചു, ദേശ സുരക്ഷക്ക് ദോഷമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചു എന്നിവയാണ് ഇവര്‍ക്ക് മേല്‍ ചുമത്തപ്പെട്ട കുറ്റങ്ങള്‍.

എന്നാല്‍ ക്രിസ്തുമസ് പരിപാടിയില്‍ പങ്കെടുത്തതിനും, സ്വഭവനത്തില്‍ ആരാധന നടത്തിയതിനുമാണ് ഇവര്‍ അറസ്റ്റ് ചെയ്യപ്പെട്ടതെന്ന് ‘ഹാര്‍ട്ട്4ഇറാന്‍’ന്റെ മൈക്ക് അന്‍സാരി പറയുന്നു. 2014-ലെ ക്രിസ്തുമസ് പാര്‍ട്ടിയില്‍ പങ്കെടുക്കുമ്പോഴാണ് പാസ്റ്റര്‍ വിക്ടര്‍ ബെറ്റ്-തംറാസ് അറസ്റ്റിലാകുന്നത്. 2017-ല്‍ ഇറാനിയന്‍ റെവല്യൂഷനറി കോടതി ഹാദി അസ്ഗാരിക്കൊപ്പം 10 വര്‍ഷത്തെ തടവ്ശിക്ഷക്ക് വിധിച്ചു. ഇസ്ലാമിനെ അപമാനിച്ചുവെന്ന കുറ്റം ചുമത്തി അമിന്‍ അഫ്ഷാര്‍ നദേരിയേയും 5 വര്‍ഷത്തെ തടവ് ശിക്ഷക്ക് വിധിച്ചത് ഇതേ കോടതിതന്നെയാണ്.

ടെഹ്റാനിലെ റെവല്യൂഷനറി കോടതിയുടെ 26-മത് ശാഖ, ഷമീരാം ഇസ്സാവിയേ ദേശസുരക്ഷക്ക് ഭീഷണിയാകും വിധം സംഘം ചേര്‍ന്നു എന്ന കുറ്റം ചുമത്തി 5 വര്‍ഷത്തെ തടവിനു വിധിച്ചത് ഈ വര്‍ഷമാണ്‌. ദേശസുരക്ഷക്ക് എതിരായി പ്രവര്‍ത്തിച്ചു എന്ന് പറഞ്ഞ് വീണ്ടും 5 വര്‍ഷത്തെ ശിക്ഷ കൂടി ഇവര്‍ക്ക് വിധിച്ചിട്ടുണ്ട്. ജാമ്യത്തില്‍ പുറത്തിറങ്ങിയ ഈ നാല് പേരും ഇപ്പോള്‍ അപ്പീല്‍ കോടതിയുടെ വിധി കാത്തിരിക്കുകയാണ്. മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇറാനില്‍ ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങള്‍ കടുത്ത പീഡനങ്ങളാണ് നേരിടുന്നത്.

വിശ്വാസത്തിന്റെ പേരില്‍ ഇറാനിലെ ക്രിസ്ത്യാനികള്‍ക്ക് അപമാനവും, അന്യായമായ അറസ്റ്റും, വിചാരണ കൂടാതെയുള്ള തടവ് എന്നിവ അനുഭവിക്കേണ്ടി വരുന്നുണ്ടെന്ന് ‘ആംനെസ്റ്റി ഇന്റര്‍നാഷണ’ലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നിരവധി ക്രിസ്ത്യാനികളാണ് ഇറാനില്‍ യാതൊരു കുറ്റവും ചെയ്യാതെ ജയിലില്‍ കഴിയുന്നത്. ലോകത്ത് ഭീകരവാദം വളര്‍ത്തുന്നതില്‍ കാര്യമായ പങ്ക് വഹിക്കുന്ന ഇറാന്റെ മതസ്വാതന്ത്ര്യ ലംഘനങ്ങള്‍ക്കെതിരെ ആഗോളതലത്തില്‍ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു.


Related Articles »