News - 2024
“യേശു വീണ്ടും വരും”: ക്രിസ്ത്യന്‍ സിനിമകള്‍ നിര്‍മ്മിക്കുന്നതിലായിരിക്കും തന്റെ ശ്രദ്ധയെന്ന് ഹോളിവുഡ് നടന്‍ ബാള്‍ഡ്വിന്‍
സ്വന്തം ലേഖകന്‍ 06-09-2018 - Thursday
കാലിഫോര്‍ണിയ: ഒരു ഉത്തമ കുടുംബനാഥനായിരുന്നുകൊണ്ട് നല്ല ക്രിസ്ത്യന്‍ സിനിമകള്‍ നിര്‍മ്മിക്കുന്നതിലായിരിക്കും തന്റെ പ്രധാന ശ്രദ്ധയെന്ന് സുപ്രസിദ്ധ അമേരിക്കന്‍ ചലച്ചിത്ര നടനും, നിര്‍മ്മാതാവും, രചയിതാവുമായ സ്റ്റീഫന്‍ ബാള്‍ഡ്വിന്‍. കഴിഞ്ഞയാഴ്ച ‘ലുക്കാസ് മൈല്‍സ് ഷോ’ യുടെ രണ്ടു ഭാഗമായുള്ള അഭിമുഖത്തിലായിരുന്നു ബാള്‍ഡ്വിന്റെ ഈ വെളിപ്പെടുത്തല്‍. ഇന്നത്തെ ക്രിസ്ത്യന്‍ സിനിമയുടെ അവസ്ഥയെക്കുറിച്ചും ബാള്‍ഡ്വിന്‍ വിവരിച്ചു. ക്രിസ്ത്യന്‍ സിനിമകള്‍ ദിവസം തോറും പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നാണ് ബാള്‍ഡ്വിന്റെ അഭിപ്രായം.
“എന്നെ സംബന്ധിച്ചിടത്തോളം സിനിമ സ്വാഭാവികമായിരിക്കണം, അതിനായി ഞാന്‍ പരിശുദ്ധാത്മാവിനോട് എപ്പോഴും പ്രാര്‍ത്ഥിക്കുന്നു. അതുകൊണ്ട് തന്നെ എനിക്കു എപ്പോഴും ആശയങ്ങള്‍ ലഭിക്കുന്നു”. ബാള്‍ഡ്വിന്‍ വിവരിച്ചു. സാത്താനും ഹോളിവുഡില്‍ പിടിമുറുക്കി കഴിഞ്ഞുവെന്ന് ബാള്‍ഡ്വിന്‍ മുന്നറിയിപ്പ് നല്‍കിയതിനോടൊപ്പം, സുവിശേഷം ലോകമെങ്ങും പ്രചരിപ്പിക്കുന്നതിനായി ക്രിസ്ത്യന്‍ സിനിമകള്‍ കൂടുതല്‍ ആകര്‍ഷകമാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. യേശു വീണ്ടും വരും എന്ന തന്റെ വിശ്വാസമാണ് സുവിശേഷം പ്രഘോഷിക്കുവാന്‍ തനിക്ക് പ്രചോദനം നല്‍കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് ബാള്‍ഡ്വിന്‍ തന്റെ അഭിമുഖം അവസാനിപ്പിച്ചത്.
9/11 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തോടെയാണ് ബാള്‍ഡ്വിന്റെ ക്രിസ്തീയ വിശ്വാസം ശക്തിപ്പെട്ടത്. അന്നുമുതല്‍ അദ്ദേഹം പ്രേഷിത വേലകളിലും, ക്രിസ്ത്യന്‍ സിനിമകളിലും സജീവമായി രംഗത്തുണ്ട്. ‘ദി അണ്‍ യൂഷ്വല്‍ സസ്പെക്റ്റ്’ എന്നൊരു ഗ്രന്ഥവും അദ്ദേഹം രചിച്ചിട്ടുണ്ട്. കഴിഞ്ഞ 30 വര്‍ഷങ്ങളിലായി 110 സിനിമകളോളം നിര്‍മ്മിച്ചിട്ടുണ്ട്. ഇവാഞ്ചലിക്കല്‍ സഭാംഗമായ ബാള്‍ഡ്വിന്‍ കഴിഞ്ഞ ദശാബ്ദങ്ങളായി ഹോളിവുഡില്‍ സജീവമാണ്. ‘ബോണ്‍ ഓണ്‍ ദി 4th ഓഫ് ജൂലൈ’, ‘പൊസ്സെ’, ‘ത്രീസം’ തുടങ്ങിയ സിനിമകളിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്.