News

ഇരുപതുലക്ഷം സ്ത്രീകള്‍ക്ക് പുതുജീവന്‍ സമ്മാനിച്ച് പ്രോലൈഫ് പ്രഗ്നന്‍സി കേന്ദ്രങ്ങള്‍

സ്വന്തം ലേഖകന്‍ 07-09-2018 - Friday

വാഷിംഗ്‌ടണ്‍ ഡി‌സി: ജീവന്റെ മഹത്വത്തിനായി നിലകൊള്ളുന്ന അമേരിക്കയിലെ പ്രോലൈഫ് പ്രഗ്നന്‍സി കേന്ദ്രങ്ങള്‍ കഴിഞ്ഞ വര്‍ഷം സൗജന്യ സേവനവും പിന്തുണയും നല്‍കിയത് ഇരുപത് ലക്ഷത്തോളം സ്ത്രീകള്‍ക്ക്. പ്രോലൈഫ് വക്താക്കളായ സൂസന്‍ ബി അന്തോണി ലിസ്റ്റിന്റെ ഗവേഷണ വിഭാഗമായ ചാള്‍സ് ലോസിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് പ്രോലൈഫ് പ്രഗ്നന്‍സി കേന്ദ്രങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്ന ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇതിനായി 161 മില്യണ്‍ ഡോളര്‍ ചിലവഴിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കെയര്‍ നെറ്റ്, ഹാര്‍ട്ട്ബീറ്റ് ഇന്റര്‍നാഷ്ണല്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാമിലി ആന്‍ഡ്‌ ലൈഫ് അഡ്വക്കേറ്റ്സ് തുടങ്ങിയ ശൃംഖലകളുടെ ഭാഗമായ മൂവായിരത്തോളം പ്രഗ്നന്‍സി കേന്ദ്രങ്ങളില്‍ നടത്തിയ ഓണ്‍ലൈന്‍ സര്‍വ്വേയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

പ്രോലൈഫ് പ്രഗ്നന്‍സി കേന്ദ്രങ്ങള്‍ ഗര്‍ഭവതികള്‍ക്ക് വേണ്ട സേവനങ്ങളും ഉപദേശങ്ങളും നല്‍കുകയും, ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളില്‍ പോലും കുട്ടികള്‍ക്ക് ജന്മം നല്‍കുവാനുള്ള ധീരമായ തീരുമാനമെടുത്ത അമ്മമാരെ പിന്തുണക്കുകയും ചെയ്യുന്നുവെന്ന് ലോസിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റായ ചക്ക് ഡൊണോവന്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ റിപ്പോര്‍ട്ടനുസരിച്ച് 2017-ല്‍ സൗജന്യ അള്‍ട്രാസൗണ്ട് സ്കാനിംഗിനു മാത്രമായി 10 കോടിയാണ് ചിലവഴിച്ചിരിക്കുന്നത്. അമേരിക്കയില്‍ അള്‍ട്രാസൗണ്ട് സേവനം സൗജന്യമായി നല്‍കുന്ന പ്രോലൈഫ് പ്രഗ്നന്‍സി കേന്ദ്രങ്ങളുടെ എണ്ണം 70% മായി ഉയര്‍ന്നു. 2010-ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 24% ത്തിന്റെ വര്‍ദ്ധനവാണുള്ളത്.

2017-ല്‍ രജിസ്റ്റേര്‍ഡ് നേഴ്സുമാരും, മെഡിക്കല്‍ സ്റ്റെനോഗ്രാഫര്‍മാരും 4,00,000 മണിക്കൂറുകളാണ് സൗജന്യ സേവനത്തിനായി വിനിയോഗിച്ചത്. ഇതിനു പുറമേ 67,000 സന്നദ്ധ സേവകരും, 7,500-ഓളം മെഡിക്കല്‍ വിദഗ്ദരും തങ്ങളുടെ സമയവും, കഴിവും പ്രോലൈഫ് പ്രഗ്നന്‍സി കേന്ദ്രങ്ങളിലെ സൗജന്യ സേവനങ്ങള്‍ക്കായി വിനിയോഗിച്ചു. 3,00,000-ത്തോളം പേര്‍ക്കായി ഏതാണ്ട് 6,80,000-ത്തോളം സൗജന്യ പ്രഗ്നന്‍സി ടെസ്റ്റുകളാണ് കേന്ദ്രങ്ങള്‍ നടത്തിയത്.

അബോര്‍ഷന് വിധേയരായ 24,000-ത്തോളം സ്ത്രീകള്‍ക്ക് കൗണ്‍സലിംഗ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ നല്‍കി. പ്രോലൈഫ് പ്രഗ്നന്‍സി കേന്ദ്രങ്ങളുടെ മേല്‍ നിയന്ത്രണമേര്‍പ്പെടുത്തണമെന്ന ആവശ്യവുമായി ചില അബോര്‍ഷന്‍ അനുകൂല സംഘടനകള്‍ രംഗത്ത് വന്ന സാഹചര്യത്തില്‍ പ്രോലൈഫ് പ്രഗ്നന്‍സി കേന്ദ്രങ്ങളുടെ വിജയമായിട്ടാണ് റിപ്പോര്‍ട്ടിനെ ഏവരും നോക്കി കാണുന്നത്.


Related Articles »