News - 2024
നൈജീരിയയെ ഇസ്ലാമികവത്കരിക്കില്ല: പ്രസിഡന്റ് മെത്രാന്മാരോട്
സ്വന്തം ലേഖകന്‍ 11-09-2018 - Tuesday
അബൂജ: നൈജീരിയയെ ഇസ്ലാമികവത്കരിക്കുന്നതിനു യാതൊരു പദ്ധതിയുമില്ലെന്ന് നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദു ബുഹാരി രാജ്യത്തെ കത്തോലിക്ക മെത്രാന്മാര്‍ക്ക് ഉറപ്പുനല്‍കി. ഇക്കഴിഞ്ഞ ഞായറാഴ്ച സൊകോട്ടോയില്‍ വെച്ച് കത്തോലിക്കാ ബിഷപ്പ് കോണ്‍ഫറന്‍സില്‍ (CBCN) സംസാരിക്കുകയായിരുന്നു അദ്ദേഹം. കത്തോലിക്ക മെത്രാന്‍മാര്‍ ഇക്കാര്യത്തില്‍ ജനങ്ങളെ ബോധവാന്‍മാരാക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. 2025-നോടു കൂടി നൈജീരിയയെ ഇസ്ലാമികവത്കരിക്കുന്നതിനുള്ള പദ്ധതിയിട്ടിട്ടുണ്ടെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്നും തന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന് അത്തരം യാതൊരു രഹസ്യ അജണ്ടയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോണ്‍ഫറന്‍സില്‍ നൈജീരിയ അംഗമായതും, വടക്കന്‍ സംസ്ഥാനങ്ങളില്‍ ശരിയത്ത് നിയമം നടപ്പിലാക്കിയതും, ബൊക്കോ ഹറാം പോലെയുള്ള തീവ്രവാദി സംഘടനകളുടെ ആക്രമണങ്ങളും, കൃഷിക്കാരും ഗോത്രക്കാര്‍ക്കും ഇടയിലുള്ള ആക്രമണങ്ങളുമാണ് ഇത്തരം പ്രചാരണങ്ങളുടെ അടിസ്ഥാനമെന്നും അദ്ദേഹം വ്യക്തമാക്കി. ഫെഡറല്‍ ഗവണ്‍മെന്റ് രാജ്യത്തെ ഓരോ പൗരന്റേയും സുരക്ഷ ഉറപ്പാക്കുമെന്നും കുറ്റവാളികളെ വേണ്ടരീതിയില്‍ തന്നെ കൈകാര്യം ചെയ്യുമെന്നും ബുഹാരി പറഞ്ഞു. ബൊക്കോ ഹറാമിനെതിരായ പോരാട്ടം ലക്ഷ്യം കണ്ടുക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മെത്രാന്‍മാര്‍ ഇക്കാര്യത്തില്‍ ജാഗരൂകരാണെന്നും ഇത്തരം പ്രചാരണങ്ങളില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് വിശ്വാസികളോട് വ്യക്തമാക്കിയിട്ടുണ്ടെന്നും മെത്രാന്‍ സമിതിയുടെ പ്രസിഡന്റായ അഗസ്റ്റിന്‍ അകുബുസേ പ്രസിഡന്റിന്റെ സന്ദേശത്തിന് മറുപടിയായി പറഞ്ഞു. സമാധാനത്തിന് ഭംഗം വരുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്ന് അദ്ദേഹം യുവജനങ്ങളോടും, രാഷ്ട്രീയക്കാരോടും അഭ്യര്‍ത്ഥിച്ചു. നൈജീരിയയിലെ അപ്പസ്തോലിക ന്യൂണ്‍ഷോ ആയ മോണ്‍സിഞ്ഞോര്‍ അന്റോണിയോ ഫിലിപാസ്സി, സൊകോട്ടോയിലെ സുല്‍ത്താന്‍ അല്‍ഹാജി സാദ് അബൂബക്കര്‍ III, സൊകോട്ടോ ഗവര്‍ണര്‍ അല്‍ഹാജി അമിനു തംബുവാള്‍, പ്ലേഷ്യോ സംസ്ഥാന ഗവര്‍ണര്‍ സൈമണ്‍ ലാലോങ്ങ്, സൊകോട്ടോ മെത്രാന്‍ മാത്യു ഹസ്സന്‍ കുകാ തുടങ്ങിയവരും കോണ്‍ഫറന്‍സില്‍ പങ്കെടുത്തിരുന്നു.
രാജ്യത്തു ക്രൈസ്തവര്‍ക്ക് നേരെ ഇസ്ലാം മതസ്ഥര്‍ വ്യാപക ആക്രമണങ്ങള്‍ നടത്തുന്നുണ്ട്. ഇതിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അടുത്തിടെ നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദു ബുഹാരിയോട് ആവശ്യപ്പെട്ടിരിന്നു.