News - 2024

ബെംഗളൂരുവില്‍ മാതാവിന്റെ ജനനത്തിരുന്നാൾ പ്രദക്ഷിണത്തിൽ പതിനായിരങ്ങളുടെ പങ്കാളിത്തം

സ്വന്തം ലേഖകന്‍ 11-09-2018 - Tuesday

ബെംഗളൂരു: ബെംഗളൂരുവിലെ തിരക്കേറിയ വീഥിയായ ശിവാജി നഗറിൽ ദൈവമാതാവിന്റെ ജനനത്തിരുന്നാളിനോടനുബന്ധിച്ച് ശനിയാഴ്ച സംഘടിപ്പിച്ച പ്രദക്ഷിണത്തിൽ അമ്പതിനായിരത്തിലധികം വിശ്വാസികള്‍ പങ്കെടുത്തു. സെന്‍റ് മേരീസ് മൈനർ ബസിലിക്കയിൽ പരിശുദ്ധ കന്യകമാതാവിന്റെ ജനനത്തിരുന്നാളിന് ഒരുക്കമായി ഒൻപത് ദിവസം നീണ്ടു നിന്ന നൊവേനയുടെ സമാപനത്തിലാണ് പ്രദക്ഷിണം നടത്തിയത്. ദൈവമാതാവിന്റെ സ്വരൂപം വഹിച്ചുകൊണ്ട് നടന്ന രഥയാത്രയെ ബെംഗളൂരു ആർച്ച് ബിഷപ്പ് ഡോ. പീറ്റര്‍ മച്ചാഡോയാണ് ഫ്ലാഗ് ഓഫ് ചെയ്തത്. അലങ്കാരങ്ങൾക്ക് ചിലവഴിക്കുന്ന തുകയിൽ നിന്നും മിച്ചം പിടിച്ച് ദരിദ്രർക്ക് നല്കുവാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.

പ്രളയക്കെടുതിയനുഭവിക്കുന്ന കുടകിലേയും കേരളത്തിലേയും ജനങ്ങൾക്ക് കഴിയുന്ന സഹായം എത്തിക്കണം. ബസിലിക്കയിൽ നടക്കുന്ന വിവിധ പരിപാടികൾക്ക് സഹകരിക്കുന്ന നാനാജാതി മതസ്ഥർക്കും നന്ദി അറിയിക്കുന്നതായും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. സംസ്ഥാന ആഭ്യന്തരമന്ത്രി കെ.ജെ ജോർജ് ചടങ്ങിൽ സന്നിഹിതനായിരുന്നു. കർണ്ണാടകയുടെ ഉന്നമനത്തിന് ക്രൈസ്തവ സമൂഹം നല്കുന്ന പിന്തുണ അഭിനന്ദനാർഹമാണെന്ന് കെ.ജെ.ജോർജ് പ്രസ്താവിച്ചു. ആറു മണിക്ക് ആരംഭിച്ച പ്രദക്ഷിണം ഒൻപത് മണിയോടെയാണ് സമാപിച്ചത്. പദയാത്രയുടെ സുഗമമായ നടത്തിപ്പിനായി നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിന്നു.

More Archives >>

Page 1 of 361