News - 2024

സ്വവര്‍ഗാനുരാഗികള്‍ തമ്മിലുള്ള ബന്ധത്തെ സഭ അംഗീകരിക്കുന്നില്ല: കെ‌സി‌ബി‌സി

സ്വന്തം ലേഖകന്‍ 09-09-2018 - Sunday

കൊച്ചി: സ്വവര്‍ഗാനുരാഗികള്‍ തമ്മിലുള്ള 'വിവാഹ' ബന്ധത്തെ അംഗീകരിക്കുന്നില്ലായെന്ന കത്തോലിക്ക സഭയുടെ നിലപാട് ആവര്‍ത്തിച്ച് കെ‌സി‌ബി‌സി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട്. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പുറപ്പെടുവിച്ച പ്രസ്താവനയിലാണ് അദ്ദേഹം സഭയുടെ നിലപാട് ആവര്‍ത്തിച്ചത്. സ്വവര്‍ഗരതി നിയമപരമായി കുറ്റകരമല്ലാതാകുന്‌പോള്‍ എതിര്‍ ലിംഗത്തില്‍പ്പെട്ട പ്രായപൂര്‍ത്തിയായവര്‍ തമ്മില്‍ പരസ്പര സമ്മതത്തോടെ രഹസ്യമായോ പരസ്യമായോ ഉള്ള ലൈംഗികപെരുമാറ്റങ്ങളും പ്രവൃത്തികളും നിയമപരമായ നിയന്ത്രണങ്ങള്‍ക്കതീതമായിരിക്കണമെന്ന വാദം ശക്തിപ്പെടാമെന്നും ഇത് വിവാഹപൂര്‍വവിവാഹേതര ലൈംഗികബന്ധങ്ങളെയും അനിയന്ത്രിതമായ സ്വവര്‍ഗലൈംഗികതയെയും പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം ലേഖനത്തില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം ‍

പ്രായപൂര്‍ത്തിയായവര്‍ തമ്മില്‍ ഉഭയസമ്മതപ്രകാരമുള്ള സ്വവര്‍ഗരതി കുറ്റകരമല്ലെന്ന സുപ്രീം കോടതി വിധി നിര്‍ണായകമാണ്. ഇത് ഇന്ത്യന്‍ സമൂഹത്തില്‍ ദൂരവ്യാപകഫലങ്ങളുണ്ടാക്കും. വ്യക്തികള്‍ പരസ്യമായോ രഹസ്യമായോ ഏര്‍പ്പെടുന്ന സ്വവര്‍ഗരതിപരമായ പെരുമാറ്റവും പ്രവൃത്തിയും കുറ്റകരമാക്കുന്ന ഐപിസി 377ല്‍ മാറ്റം വരുത്തിക്കൊണ്ടാണ് സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ച് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. നിയമനടപടി ആവശ്യപ്പെടാവുന്ന കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ നിന്ന് പ്രായപൂര്‍ത്തിയായവര്‍ തമ്മില്‍ ഉഭയസമ്മതപ്രകാരം ഏര്‍പ്പെടുന്ന സ്വവര്‍ഗ ലൈംഗിക പെരുമാറ്റങ്ങളും പ്രവൃത്തികളും ഒഴിവാക്കി. പ്രായപൂര്‍ത്തിയാകാത്തവരുമായുള്ള സ്വവര്‍ഗരതിപരമായ പ്രവൃത്തികളും പെരുമാറ്റങ്ങളും കുറ്റകരമായി തുടരും.

വിധി ഉയര്‍ത്തുന്ന ധാര്‍മികവും സാമൂഹ്യവുമായ പ്രത്യാഘാതങ്ങള്‍ കോടതി വേണ്ടത്ര പരിഗണിച്ചതായി കാണുന്നില്ല എന്നതാണ് ഈ വിധിയുടെ പരിമിതിയും പോരായ്മയും. ഭ്രൂണഹത്യയും ദയാവധവും പോലെ സ്വവര്‍ഗരതിയും നിയമപരമായി കുറ്റകരമല്ലാത്ത പ്രവൃത്തിയായിത്തീര്‍ന്നിരിക്കുന്നു. എന്നാല്‍ ഭ്രൂണഹത്യയ്ക്കും ദയാവധത്തിനും ഏര്‍പ്പെടുത്തിയിട്ടുള്ള നിയമപരമായ നിയന്ത്രണങ്ങള്‍ സ്വവര്‍ഗരതിയുടെ കാര്യത്തില്‍ ഉണ്ടായിട്ടുമില്ല.

സ്വവര്‍ഗലൈംഗികാഭിമുഖ്യമുള്ള വ്യക്തികളുടെ മാനുഷിക മഹത്ത്വവും മൂല്യവും സംരക്ഷിക്കപ്പെടേണ്ടതാണ്. വ്യക്തികളെന്ന നിലയില്‍ സ്വവര്‍ഗരതിക്കാരുടെ മനുഷ്യാന്തസിനെയും അതില്‍ നിന്നുത്ഭവിക്കുന്ന മനുഷ്യാവകാശങ്ങളെയും രാജ്യത്തെ പൗരന്മാരെന്ന നിലയ്ക്കുള്ള അവരുടെ ഭരണഘടനാപരമായ അവകാശങ്ങളെയും സഭ ആദരിക്കുന്നു. പ്രസ്തുത അവകാശങ്ങളെ സംരക്ഷിക്കുന്നതിന് കത്തോലിക്കാസഭ പ്രതിജ്ഞാബദ്ധവുമാണ്. എന്നാല്‍ സ്വവര്‍ഗലൈംഗികതയെന്ന അവസ്ഥ അവരുടെ ലൈംഗികതയില്‍ വരുത്തിയിട്ടുള്ള പരിമിതികള്‍ അവരും സമൂഹവും അംഗീകരിക്കുകയും അതനുസരിച്ചുള്ള ജീവിതക്രമങ്ങള്‍ പാലിക്കുകയും ചെയ്യുന്‌പോഴാണ് വ്യക്തിയുടെയും സമൂഹത്തിന്റെയും നന്മയും സുസ്ഥിതിയും ഉറപ്പുവരുത്താന്‍ കഴിയുന്നത്. വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും പൊതുസമൂഹത്തിലും ഉന്നതമായ ധാര്‍മിക നിലവാരം പ്രതീക്ഷിക്കുന്ന ഭാരതീയസമൂഹത്തിന് ഈ കോടതി വിധി ഉയര്‍ത്തുന്ന ധാര്‍മിക പ്രശ്‌നങ്ങളും നിയമപരമായ പ്രത്യാഘാതങ്ങളും കണ്ടില്ലെന്ന് നടിക്കാനാവില്ല.

Must Read: ‍ സ്വവര്‍ഗ്ഗഭോഗത്തെക്കുറിച്ച് സഭ യഥാര്‍ത്ഥത്തില്‍ എന്താണ് പഠിപ്പിക്കുന്നത്?

സ്വവര്‍ഗരതി നിയമപരമായി കുറ്റകരമല്ലാതാകുന്‌പോള്‍ എതിര്‍ ലിംഗത്തില്‍പ്പെട്ട പ്രായപൂര്‍ത്തിയായവര്‍ തമ്മില്‍ പരസ്പര സമ്മതത്തോടെ രഹസ്യമായോ പരസ്യമായോ ഉള്ള ലൈംഗികപെരുമാറ്റങ്ങളും പ്രവൃത്തികളും നിയമപരമായ നിയന്ത്രണങ്ങള്‍ക്കതീതമായിരിക്കണമെന്ന വാദം ശക്തിപ്പെടാം. ഇത് വിവാഹപൂര്‍വവിവാഹേതര ലൈംഗികബന്ധങ്ങളെയും അനിയന്ത്രിതമായ സ്വവര്‍ഗലൈംഗികതയെയും പ്രോത്സാഹിപ്പിക്കും. ഇത് ഭാരതീയസംസ്‌കാരത്തിന് അനുയോജ്യമാണോയെന്നും സാമൂഹ്യജീവിതത്തിനും കുടുംബഭദ്രതയ്ക്കും ധാര്‍മിക പുരോഗതിക്കും സഹായകമാണോയെന്നും കോടതി ഗൗരവപൂര്‍വം പരിഗണിച്ചതായി കാണുന്നില്ല.

സ്വവര്‍ഗലൈംഗിക പങ്കാളികളുടെ വിവാഹ അവകാശവാദത്തിലേക്കും കൂടിത്താമസം, കുട്ടികളെ ദത്തെടുക്കല്‍ തുടങ്ങിയ അവകാശങ്ങളിലേക്കുമുള്ള ചവിട്ടുപടിയായും ഈ വിധിയെ കാണാവുന്നതാണ്. ഇതു വിവാഹം, കുടുംബം, കുട്ടികളുടെ പരിപാലനം തുടങ്ങിയ വിഷയങ്ങളിലും നിയമപരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. കുടുംബവും സമൂഹവും രാഷ്ട്രവും നിലനില്ക്കുന്നതിന്റെ ധാര്‍മിക അടിത്തറ പ്രകൃതി നിയമത്തിലധിഷ്ഠിതമായ സ്ത്രീ പുരുഷ ബന്ധത്തിലും സ്ത്രീയുടെയും പുരുഷന്റെയും വ്യത്യസ്തമായ ലൈംഗികതയുടെ പാരസ്പര്യത്തിലുമാണ്. ഇപ്രകാരമുള്ള ധാര്‍മിക അടിത്തറയിലാണ് വിവാഹബന്ധത്തിലേക്കും ദാന്പത്യസ്‌നേഹത്തിലേക്കും കുടുംബജീവിതത്തിലേക്കും സന്താനോല്പാദനത്തിലേക്കും നയിക്കുന്ന സ്ത്രീ പുരുഷ ബന്ധം നിലനില്‌ക്കേണ്ടത്. പ്രകൃതിനിയമത്തിനും അതില്‍നിന്നുളവാകുന്ന ധാര്‍മികതയ്ക്കുമെതിരായ നിയമം സമൂഹത്തെ നേര്‍വഴിക്കു നടത്തും എന്നു കരുതാനാവില്ല.

കൂടാതെ സ്വവര്‍ഗലൈംഗികത ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നു. എച്ച്‌ഐവി/എയ്ഡ്‌സ് ഉള്‍പ്പടെയുള്ള മാരകരോഗങ്ങളുടെ വ്യാപനത്തിന് ഇത് കാരണമാകാമെന്ന് സമീപകാലപഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. സ്വവര്‍ഗ ജോഡികളുടെ കൂടിത്താമസവും വിവാഹവും കുട്ടികളെ ദത്തെടുക്കുന്നതുള്‍പ്പെടെയുള്ള അവകാശങ്ങളും സ്വാഭാവിക സ്ത്രീപുരുഷബന്ധത്തിന്റെയും കുടുംബത്തിന്റെയും അന്തരീക്ഷത്തില്‍ വളരാനുള്ള കുട്ടികളുടെ അവകാശത്തെ ഹനിക്കുന്നതായും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.

നിയമപരമായി കുറ്റകരമാകുന്നില്ലയെന്നതുകൊണ്ട് സ്വവര്‍ഗരതി ധാര്‍മികമായി ശരിയോ സ്വീകാര്യമോ ആണെന്നു വരുന്നില്ല. സ്വവര്‍ഗരതിപരമായ പെരുമാറ്റവും പ്രവൃത്തിയും മനുഷ്യന്റെ ലൈംഗികതയുടെ സ്വാഭാവിക ലക്ഷ്യത്തെ ലംഘിക്കുന്നു. രതിയുടെ ലക്ഷ്യം വിവാഹത്തില്‍ സ്ത്രീയും പുരുഷനും തമ്മിലുള്ള സ്‌നേഹപൂര്‍ണമായ ശാരീരിക ഒത്തുചേരലില്‍ പൂര്‍ത്തീകരിക്കപ്പെടുന്ന പ്രജനനവും സ്‌നേഹത്തിന്റെ കൂട്ടായ്മയുമാണ്. ഇതാണ് കത്തോലിക്കാസഭയുടെ ധാര്‍മിക നിലപാട്. കത്തോലിക്കാ ധാര്‍മിക വീക്ഷണത്തില്‍, സ്വവര്‍ഗരതിപരമായ പെരുമാറ്റവും പ്രവൃത്തികളും ധാര്‍മികമായി സ്വീകാര്യമല്ല. കത്തോലിക്കാ വിശ്വാസമനുസരിച്ച് വിവാഹം ഒരു കൂദാശയും സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധവുമാണ്. സ്വവര്‍ഗാനുരാഗികള്‍ തമ്മിലുള്ള 'വിവാഹ'' ബന്ധത്തെ സഭ അംഗീകരിക്കുന്നില്ല.

ജന്മനാ സ്വവര്‍ഗ ലൈംഗിക ചായ്‌വുള്ള ചുരുക്കം ചില വ്യക്തികളുണ്ട്. സ്വവര്‍ഗരതി ഒരു പ്രവണത അഥവാ ആഭിമുഖ്യം എന്ന നിലയില്‍ ഈ വ്യക്തികളില്‍ കാണപ്പെടുന്നത് കുറ്റകരമോ പാപമോ അല്ല.

എന്നാല്‍ സ്വവര്‍ഗരതിയുടെ പ്രവൃത്തികളില്‍ ഏര്‍പ്പെടാനുള്ള അഭിനിവേശം ക്രമരഹിതവും നിയന്ത്രിക്കപ്പെടേണ്ടതുമാണ്. ധാര്‍മികവും നിയമപരവുമായുള്ള ഇത്തരം നിയന്ത്രണമാണ് മനുഷ്യസമൂഹത്തെ സാംസ്‌കാരിക പുരോഗതിയിലേക്ക് നയിക്കുന്നത്. സ്വവര്‍ഗരതിയെ മഹത്വവത്ക്കരിക്കാനും ആഘോഷിക്കാനുമുള്ള പ്രവണതയും സമൂഹത്തിനു ഗുണകരമല്ല. ധാര്‍മികതയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പുരോഗമനത്തിന്റെ പേരിലോ ലിബറലിസത്തിന്റെ പേരിലോ പാശ്ചാത്യ ചിന്താധാരകളെ, അവ ഉണ്ടാക്കിയിട്ടുള്ള ഗുരുതര പ്രത്യാഘാതങ്ങള്‍ പരിഗണിക്കാതെ അന്ധമായി സ്വീകരിക്കുന്നത് അപകടകരമാണ്.

ഫാ. വര്‍ഗീസ് വള്ളിക്കാട്ട് ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍, ഔദ്യോഗിക വക്താവ്, കേരള കാത്തലിക് ബിഷപ്‌സ് കൗണ്സിരല്‍ (കെസിബിസി)

More Archives >>

Page 1 of 361