News - 2024
ഗര്‍ഭഛിദ്രത്തിനെതിരെ ഡൊമനിക്കൻ റിപ്പബ്ലിക്കില്‍ വൻ പ്രതിഷേധ റാലി
സ്വന്തം ലേഖകന്‍ 12-09-2018 - Wednesday
സാന്‍റോ ഡോമിംഗൊ: ഗര്‍ഭഛിദ്രം നിയമവിധേയമാക്കാൻ ശ്രമിക്കുന്നതിനെതിരെ നോര്‍ത്ത് അമേരിക്കന്‍ രാജ്യമായ ഡൊമനിക്കൻ റിപ്പബ്ലിക്കില്‍ വൻ പ്രതിഷേധ റാലി. ഭ്രൂണഹത്യക്ക് നിലവിലുള്ള ശിക്ഷാ നിയമാവലി ഭേദഗതി ചെയ്ത് ഗര്‍ഭഛിദ്രം അനുവദിക്കാനുളള നിയമനിർമ്മാണ സഭയുടെ ശ്രമങ്ങൾക്കെതിരെയാണ് പ്രതിഷേധ റാലി നടന്നത്. സെപ്റ്റംബർ ഒൻപതിനു നടന്ന പ്രോലെെഫ് റാലിയിൽ പങ്കെടുത്തവർ ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ നിയമനിർമ്മാണ സഭയായ നാഷണൽ കോൺഗ്രസ് മന്ദിരത്തിനു മുൻപിൽ സാന്‍റിയാഗോ ആർച്ച്ബിഷപ്പ് ഫ്രാൻസിസ്ക്കോ ഒസാരിയോ അക്കോസ്റ്റോയുടെ നേതൃത്വത്തിൽ ഒത്തുചേർന്നു.
"രണ്ടു ജീവനും രക്ഷിക്കണം" എന്നെഴുതിയ ബാനറുകളുമായാണ് ജനങ്ങൾ പ്രോ ലെെഫ് റാലിയിൽ പങ്കെടുക്കാൻ എത്തിയത്. വൈദ്യശാസ്‌ത്രപരവും, നിയമപരവുമായി എന്തുകൊണ്ട് ഗര്‍ഭച്ഛിദ്രം എതിർക്കപ്പെടണം എന്നതിനെ പറ്റി വിദഗ്ദ്ധർ പ്രസംഗിച്ചു. കത്തോലിക്കാ സഭ സംഘടിപ്പിച്ച റാലി ആയിരുന്നെങ്കിലും ഇവാഞ്ചലിക്കൽ സഭാ വിശ്വാസികളും പ്രോ ലെെഫ് റാലിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഏതാനും സാഹചര്യങ്ങളിൽ ഗര്‍ഭഛിദ്രം നിയമവിധേയമാക്കാനായി കൊണ്ടുവന്ന ഭേദഗതികൾ യാതൊരു നിയന്ത്രണങ്ങളും ഇല്ലാതെ ഗര്‍ഭച്ഛിദ്രം നടത്താനുളള നിയമങ്ങളായി പല രാജ്യങ്ങളിലും മാറിയിട്ടുണ്ട് എന്ന് സാന്‍റോ ഡോമിംഗൊ അതിരൂപത ഇറക്കിയ പ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടി.
ഡൊമനിക്കൻ റിപ്പബ്ലിക്കില്‍ ഏതാനും ചില സാഹചര്യങ്ങളിൽ ഭ്രൂണഹത്യ നിയമവിധേയമായി നടത്താനുള്ള ഭേദഗതിക്കായുളള ശ്രമങ്ങളാണ് രാജ്യത്ത് ഇപ്പോൾ നടക്കുന്നത്. പ്ലാൻഡ് പേരന്‍റ്ഹുഡ്, ജോർജ് സോറോസ് ഒാപ്പൺ സൊസൈറ്റി, ഹ്യൂമൻ റെെറ്റ്സ് വാച്ച്, യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻസ് ഫണ്ട് തുടങ്ങിയ സംഘടനകളാണ് ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ ഗര്‍ഭഛിദ്രം അനുവദിക്കുവാന്‍ ശ്രമം നടത്തുന്ന സംഘടനകള്‍.