News - 2025
ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിന് ഇന്ന് ഒരു വര്‍ഷം
സ്വന്തം ലേഖകന്‍ 12-09-2018 - Wednesday
ന്യൂഡല്‍ഹി: യെമനില്‍ മിഷ്ണറി പ്രവര്‍ത്തനങ്ങള്‍ക്കിടെ തീവ്രവാദികള്‍ ബന്ധിയാക്കിയ സലേഷ്യന്‍ വൈദികന്‍ ഫാ. ടോം ഉഴുന്നാലില്‍ മോചിതനായിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു. സെപ്റ്റംബര്‍ 12നു മോചിതനായി പ്രത്യേക വിമാനത്തില്‍ ഒമാനില്‍ എത്തിയശേഷം ഫാ. ടോം അന്നു രാത്രി തന്നെ വത്തിക്കാനിലേക്ക് തിരിച്ചിരിന്നു. തുടര്‍ന്നു ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ച് ശ്ലൈഹിക ആശിര്‍വാദം തേടി. രണ്ടാഴ്ച റോമിലെ സലേഷ്യന്‍ ആസ്ഥാനത്തു വിശ്രമിച്ചശേഷം ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇതര നേതാക്കളയും കണ്ടു. തുടര്‍ന്ന് ബംഗളൂരുവിലെ സലേഷ്യന്‍ പ്രൊവിന്‍ഷ്യല്‍ ഹൗസിലും തുടര്‍ന്നു കേരളത്തിലുമെത്തി.
വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയുടെ അഗതി മന്ദിരത്തില്‍ ആത്മീയ ശുശ്രൂഷ ചെയ്തുവന്ന ഫാ. ടോമിനെ തീവ്രവാദികള്‍ 2016 മാര്‍ച്ച് നാലിനാണു ബന്ധിയാക്കിയത്. അഗതിമന്ദിരത്തില്‍ തീവ്രവാദികള്‍ നടത്തിയ വെടിവയ്പില്‍ മിഷനറീസ് ഓഫ് ചാരിറ്റിയുടെ നാലു കന്യാസ്ത്രീകളും അഗതിമന്ദിരത്തിലെ ജീവനക്കാരും ഉള്‍പ്പെടെ 16 പേര്‍ അതിദാരുണമായി കൊല്ലപ്പെട്ടു. തുടര്‍ന്നു തീവ്രവാദികള്‍ ഫാ. ടോമിനെ തട്ടിക്കൊണ്ടു പോകുകയായിരിന്നു. മോചനത്തിന്റെ ഒന്നാം വാര്‍ഷികവേളയില്‍ ഫാ. ടോം അമേരിക്കന്‍ സന്ദര്‍ശനത്തിലാണ്. ഭീകരരുടെ തടങ്കലിലെ ഒന്നര വര്‍ഷത്തെ അനുഭവങ്ങളും മോചനത്തിന്റെ വഴികളും പങ്കുവയ്ക്കുന്ന ഫാ. ടോം ഉഴുന്നാലിലിന്റെ ആത്മകഥ 'ദൈവകൃപയാല്‍' എന്ന ശീര്‍ഷകത്തില്‍ കഴിഞ്ഞ ഏപ്രിലില്‍ പുറത്തിറക്കിയിരിന്നു.