News - 2024

രക്തസാക്ഷിത്വം വരിച്ച ചൈനീസ് വൈദികരെ സ്മരിച്ച് ഹോങ്കോങ്ങ് ജനത

സ്വന്തം ലേഖകന്‍ 12-09-2018 - Wednesday

ഹോങ്കോങ്ങ്: അറുപത്തിയഞ്ച് വർഷങ്ങൾക്ക് മുൻപ് ഹോങ്കോങ്ങിൽ രക്തസാക്ഷിത്വം വരിച്ച വൈദികരെ സ്മരിച്ച് വിശ്വാസ സമൂഹം. 1953 സെപ്റ്റബർ ഏഴിനാണ് ഫാ. ജോൺ ബാപ്റ്റിസ്റ്റ് ചെങ്ങ് കവാക്ക് ചിയൂങ്, ഫാ. പീറ്റർ ന്‍ഗായി വാൻ ഫായി എന്നീ വൈദികര്‍ വധിക്കപ്പെട്ടത്. ചൈനയിൽ കത്തോലിക്കർ വിവേചനവും പീഡനവും നടക്കുന്നതായി ഭരണക്കൂടത്തെ അറിയിച്ച വൈദികരെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നിഷ്കരുണം വധിക്കുകയായിരുന്നു. വെള്ളിയാഴ്ച വാഞ്ചയ് ഔർ ലേഡി ഓഫ് കാർമ്മൽ ദേവാലയത്തിലാണ് ഇവരെ അനുസ്മരിച്ചത്.

ക്രിസ്തുവിനു വേണ്ടി ജീവത്യാഗം ചെയ്ത വൈദികരുടെ ഓർമ്മ അടുത്ത തലമുറകൾക്കും പകർന്നു നല്കണമെന്ന് ഫാ. ചെങ്ങിന്റെ ബന്ധുവായ ചെങ്ങ് താക്ക് മെയി പറഞ്ഞു. അദ്ദേഹത്തിന്റെ ദൈവഭക്തിയും സത്യസന്ധതയും വിശിഷ്ടമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. കൊല്ലപ്പെടുന്നതിന് രണ്ട് മാസങ്ങൾക്ക് മുൻപ് ഫാ. ചെങ്ങിന് ഭീഷണി കത്ത് വന്നിരുന്നു. വൈദികരുടെ അനുസ്മരണയിൽ നടന്ന ദിവ്യബലിയ്ക്ക് വാഞ്ചയ് ഔർ ലേഡി ഓഫ് കാർമ്മൽ വൈദികൻ ഫാ.തോമസ് ലോ കവോക്ക് ഫയ് കാർമ്മികത്വം വഹിച്ചു. ഈശോയുടെ സഹനത്തിൽ വൈദികർ പങ്കാളിത്തം വഹിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ക്രൈസ്തവർക്ക് മാതൃകയാണ് വൈദികരെന്നും അനീതിയ്ക്കെതിരെ നിലനിന്ന അവർ യുവജനതയ്ക്ക് പ്രചോദനമാണെന്നും പ്രാർത്ഥന ശുശ്രൂഷയിൽ പങ്കെടുത്ത യുവാവ് പറഞ്ഞു. 1944-ൽ വൈദികനായി അഭിഷിക്തനായ ഫാ. ജോൺ ബാപ്റ്റിസ്റ്റ് ലേഖനങ്ങളിലൂടെ സുവിശേഷവത്ക്കരണം നടത്തി വരികയായിരുന്നു. കത്തോലിക്ക പ്രസിദ്ധീകരണമായ കുങ്ങ് കോ പോ ലേഖകനും അധ്യക്ഷനുമായി അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. ചൈനീസ് കത്തോലിക്ക വിദ്യാർത്ഥികളുടെ ആത്മീയ ഗുരുവായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. ഫാ.പീറ്റർ നഗായി വാൻ ഫയി 1930ലാണ് തിരുപ്പട്ടം സ്വീകരിച്ചത്. ഹോയ്ഫുങ്ങ് പ്രവിശ്യയിൽ സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം, വഞ്ചയ് ഇടവകയിൽ ഫാ. ചെങ്ങിനൊപ്പം പ്രവർത്തിക്കുമ്പോഴാണ് മരണം വരിച്ചത്.

More Archives >>

Page 1 of 362