News - 2024

പ്രാര്‍ത്ഥനക്കും വിശ്രമത്തിനും ഞായറാഴ്ച മാറ്റിവെക്കുവാന്‍ ഇറ്റലിയും

സ്വന്തം ലേഖകന്‍ 14-09-2018 - Friday

റോം: പോളണ്ടിന്റെ ചുവടുപിടിച്ച് ഇറ്റലിയും ഞായറാഴ്ച ഷോപ്പിംഗ് നിരോധിക്കുവാന്‍ ഒരുങ്ങുന്നതായി സൂചന. ഇക്കഴിഞ്ഞ ഞായറാഴ്ച ഡെപ്യൂട്ടി പ്രധാനമന്ത്രി ലൂയിജി ഡി മായോയാണ് ഇതുസംബന്ധിച്ച പ്രസ്താവന നടത്തിയത്. പഴയ പാരമ്പര്യമനുസരിച്ച് ഞായറാഴ്ചകള്‍ വിശ്രമദിനങ്ങളാക്കി മാറ്റുന്നത് കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം ഗുണകരമാകുമെന്ന് മായോ പറഞ്ഞു. ഇറ്റലിയിലെ പുതിയ കൂട്ടുകക്ഷി മന്ത്രിസഭ ഒരു വര്‍ഷത്തിനകം ഇതു സംബന്ധിച്ച തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍ പ്രധാനമന്ത്രി മാരിയോ മോണ്ടി 2012-ല്‍ നടപ്പിലാക്കിയ ലിബറലൈസേഷന്‍ ഓഫ് സണ്‍ഡേ ഷോപ്പിംഗ് നിയമം നീക്കം ചെയ്യുന്നതിനെക്കുറിച്ച് പുതിയ സര്‍ക്കാര്‍ ആലോചിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ലിബറലൈസേഷന്‍ ഓഫ് സണ്‍ഡേ ഷോപ്പിംഗ് നിയമത്തെ കത്തോലിക്കാ സഭയും അപലപിച്ചിരിന്നു. നിയമം ഇറ്റാലിയന്‍ കുടുംബങ്ങളെ നശിപ്പിക്കുന്നുണ്ടെന്ന് മായോ പറഞ്ഞു. നിയമം എടുത്ത് കളയുന്നതിന്റെ ആദ്യപടിയായി കടകള്‍ തുറക്കുന്ന സമയം പരിമിതിപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ചകളില്‍ വിശ്രമമില്ലാതെ നീണ്ട മണിക്കൂറുകള്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കും നടപടി ആശ്വാസം പകരുമെന്നും മായോ കൂട്ടിച്ചേര്‍ത്തു. പോളണ്ട് സര്‍ക്കാര്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഞായറാഴ്ചകള്‍ കച്ചവട രഹിതമാക്കിയത് വന്‍ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. പോളണ്ടിലെ കത്തോലിക്കാ സഭയും തൊഴിലാളി യൂണിയനുകളും ഈ തീരുമാനത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.

കത്തോലിക്കാ സഭയും, ഇറ്റലിയിലെ തൊഴിലാളി പാര്‍ട്ടികളും, വിവിധ അസ്സോസിയേഷനുകളും വളരെക്കാലമായി ആവശ്യപ്പെട്ടിരുന്ന കാര്യമായിരിന്നു ഞായറാഴ്ചകളിലെ വിശ്രമം. ഇതിനായി കഴിഞ്ഞ മാസം ഒരു പ്രചാരണപരിപാടിക്ക് അവര്‍ തുടക്കം കുറിക്കുകയും ചെയ്തിരുന്നു. ഞായറാഴ്ച ദിവസത്തെ പരിമിതപ്പെടുത്തുകയാണെങ്കില്‍ ജര്‍മ്മനി, ഓസ്ട്രിയ, ഫ്രാന്‍സ്, സ്പെയിന്‍, പോളണ്ട് എന്നീ രാജ്യങ്ങളുടെ പട്ടികയില്‍ ഇറ്റലിയും ഉള്‍പ്പെടും.


Related Articles »