News - 2024

ലെബനോന്റെ ഐക്യത്തിന് പുതിയ ഭരണനേതൃത്വം അത്യാവശ്യം: മാരോണൈറ്റ് പാത്രിയാര്‍ക്കീസ്

സ്വന്തം ലേഖകന്‍ 18-09-2018 - Tuesday

ബെയ്റൂട്ട്: ലെബനോനിലെ ദേശീയ ഐക്യം പുനഃസ്ഥാപിക്കുന്നതിനായി അടിയന്തിരമായി നിഷ്പക്ഷ മന്ത്രിസഭ രൂപീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് മാരോണൈറ്റ് സഭയുടെ തലവൻ പാത്രിയര്‍ക്കീസ്‌ ബെച്ചാര ബൗട്രോസ് അൽ റാഹി. പ്രസിഡന്റ് മൈക്കേല്‍ അവോനും, പ്രധാനമന്ത്രി സാദ് ഹരീരിയും സര്‍ക്കാര്‍ രൂപീകരിക്കുന്നതിനു വേണ്ട സത്വര നടപടികള്‍ കൈകൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബെയ്റൂട്ടിന്റെ വടക്ക് ഭാഗത്തുള്ള ഇക്ലിം-ഹറൂബില്‍ നടത്തിയ അജപാലന സന്ദര്‍ശനത്തിന്റെ ഭാഗമായി അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനക്കിടയിലാണ് പാത്രിയാര്‍ക്കീസ് ഇക്കാര്യം പറഞ്ഞത്.

മന്ത്രിസഭ രൂപീകരിക്കുന്നത് വൈകിപ്പിക്കുന്നതിന് യാതൊരു ന്യായീകരണവുമില്ല. രാഷ്ട്രത്തിന്റെ ഐക്യം പുനസ്ഥാപിക്കുന്നതിനും പുതിയ മന്ത്രിസഭാ രൂപീകരണത്തിനുമായി വ്യക്തി താല്‍പ്പര്യങ്ങളേയും, സ്വാര്‍ത്ഥതയേയും മറികടക്കേണ്ടതുണ്ട്. രാഷ്ട്രത്തിന്റെ പൊതു കടം 8000 കോടിയിലധികമാണ്. രാഷ്ട്രം സാമ്പത്തിക മാന്ദ്യത്തിലാണെന്നും അതിനാല്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നത് ഒട്ടും തന്നെ വൈകിക്കരുത്. സംവരണത്തിന്റേയും, സീറ്റുകളുടേയും പേരിലുള്ള തര്‍ക്കങ്ങള്‍ അവസാനിപ്പിക്കണമെന്നും പുതിയൊരു രാഷ്ട്രനിര്‍മ്മിതി എന്ന ഉത്തരവാദിത്വത്തില്‍ നിന്നും ആര്‍ക്കും വിട്ടുനില്‍ക്കുവാന്‍ കഴിയുകയില്ലെന്നും പറഞ്ഞുകൊണ്ടാണ് പാത്രിയാര്‍ക്കീസ് തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത്.

കഴിഞ്ഞ മെയ് മാസത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ഉത്തരവാദിത്വം പ്രസിഡന്റ് പ്രധാനമന്ത്രിയായ ഹരീരിയേ ഏല്‍പ്പിച്ചുവെങ്കിലും ആഭ്യന്തര എതിര്‍പ്പും, രാഷ്ട്രീയവും വടംവലിയും കാരണം ശ്രമങ്ങള്‍ ഫലവത്തായിരിന്നില്ല. ഇക്കഴിഞ്ഞ മൂന്നിന് പ്രധാനമന്ത്രി, മന്ത്രിമാരുടെ ഒരു പട്ടിക പ്രസിഡന്റിനു കൈമാറിയെങ്കിലും പ്രസിഡന്റിന്റെ ഓഫീസില്‍ നിന്നും പ്രതികൂലമായ പ്രതികരണമാണ് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.


Related Articles »