News
ക്രൂശിത രൂപം വിതരണം ചെയ്തു പാപ്പ; കുരിശ് അലങ്കാര വസ്തുവല്ലായെന്ന് ഓര്‍മ്മപ്പെടുത്തല്‍
സ്വന്തം ലേഖകന്‍ 18-09-2018 - Tuesday
വത്തിക്കാന്‍ സിറ്റി: കുരിശിന്റെ പുകഴ്ചയുടെ തിരുനാളിനോട് അനുബന്ധിച്ച് വത്തിക്കാന്‍ തീര്‍ത്ഥാടകര്‍ക്ക് ചെറിയ കുരിശുരൂപം വിതരണം ചെയ്തു ഫ്രാന്‍സിസ് പാപ്പ. ഇക്കഴിഞ്ഞ ഞായറാഴ്ച ത്രികാല പ്രാര്‍ത്ഥനയുടെ അന്ത്യത്തിലാണ് ആയിരങ്ങള്‍ക്ക് പാപ്പ ക്രൂശിത രൂപം വിതരണം ചെയ്തത്. നിരവധി തവണ പോക്കറ്റ് ബൈബിളും, കുടുംബപ്രാര്‍ത്ഥന പുസ്തകവും വിതരണംചെയ്തിട്ടുള്ള പാപ്പ, ഇക്കുറി മനോഹരമായ മെറ്റല്‍ കുരിശുരൂപങ്ങളാണ് സൗജന്യമായി ത്രികാലപ്രാര്‍ത്ഥനയില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് സമ്മാനിച്ചത്.
കുരിശ് അലങ്കാര വസ്തുവല്ലായെന്നും പ്രകടമായ ദൈവസ്നേഹത്തിന്‍റെ അടയാളമാണെന്നും ഇത് സന്തോഷത്തോടെ സ്വീകരിച്ച് ഭവനങ്ങളിലേയ്ക്ക് കൊണ്ടുപോകണമെന്നും പാപ്പ തന്റെ സന്ദേശത്തില്‍ അഭ്യര്‍ത്ഥിച്ചു.
വീട്ടില്‍ മക്കളുടെ മുറിയിലോ, മുതിര്‍ന്നവുരുടെ മുറിയിലോ ഇത് സൂക്ഷിക്കാം. എന്നാല്‍ കുരിശിനെ ഒരു അലങ്കാരവസ്തുവാക്കരുത്. അത് പ്രാര്‍ത്ഥിക്കാനും ധ്യാനിക്കാനുമുള്ള ആത്മീയ ചിഹ്നമാണ്. ക്രൈസ്തവന്‍റെ രക്ഷയുടെ അടയാളമാണ്. ചെറുതെങ്കിലും വിലപ്പെട്ട സമ്മാനമാണ് കുരിശ്. ക്രൂശിതനായ ക്രിസ്തുവിനെ നോക്കുമ്പോള്‍ നമ്മുടെ രക്ഷയെക്കുറിച്ചാണ് ചിന്തിക്കേണ്ടത്. ഇന്നു തരുന്ന കുരിശ് പാപ്പായുടെ സമ്മാനമാണ്. അതിന് പണംകൊടുക്കേണ്ട ആവശ്യമില്ല.
അതിനാല്‍ ആരും കബളിപ്പിക്കപ്പെടരുതെന്നും പാപ്പാ ചിരിച്ചുകൊണ്ട് താക്കീതു നല്കി. പതിനായിരത്തില്‍ അധികം പേര്‍ ത്രികാലപ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ ഉണ്ടായിരുന്നുവെങ്കിലും തിക്കും തിരക്കുമില്ലാതെ എല്ലാവരും ഓരോ ക്രൂശിത രൂപം വാങ്ങിയാണ് വത്തിക്കാന്‍ ചത്വരത്തില്‍ നിന്നു മടങ്ങിയത്.