News - 2024

ആഫ്രിക്കയിൽ കത്തോലിക്ക വൈദികനെ തട്ടിക്കൊണ്ടുപോയി

സ്വന്തം ലേഖകന്‍ 19-09-2018 - Wednesday

നിയാമെ: ആഫ്രിക്കൻ രാജ്യമായ നൈജറിൽ ഇറ്റാലിയന്‍ മിഷ്ണറി കത്തോലിക്ക വൈദികനെ തട്ടികൊണ്ട് പോയി. സൊസൈറ്റി ഓഫ് ആഫ്രിക്കൻ മിഷൻസ് (SAM) അംഗമായ ഫാ. പിയർലുയിജി മക്കാലിയെയാണ് സെപ്റ്റംബർ പതിനേഴ് അർദ്ധരാത്രി മുതൽ കാണാതായിരിക്കുന്നത്. ഇസ്ലാമിക തീവ്രവാദികളാണ് തിരോധാനത്തിന് പിന്നിലെന്ന് സംശയിക്കപ്പെടുന്നു. നിയാമെയിൽ മിഷ്ണറിയായി സേവനമനുഷ്ഠിക്കുന്ന ഫാ. മൗറോ അർമാനിനോ എന്ന മറ്റൊരു വൈദികനാണ് തട്ടികൊണ്ടുപോയ വാർത്ത പുറം ലോകത്തെ അറിയിച്ചത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി മാലി, ബുർക്കിന ഫസോ എന്നിവിടങ്ങളിലെ തീവ്രവാദികളുടെ സാന്നിദ്ധ്യം മൂലം നിയാമെയിൽ അരക്ഷിതാവസ്ഥ രൂക്ഷമായിരിന്നതായി അദ്ദേഹം വെളിപ്പെടുത്തി.

ക്രേമ രൂപതാംഗമായ ഫാ. മക്കാലി നേരത്തെ ഐവറി കോസ്റ്റിൽ വർഷങ്ങളോളം സേവനമനുഷ്ഠിച്ചിരുന്നു. തുടർന്ന്, നിയാമെയിൽ ബൊമാങ്ക ഇടവക വികാരിയായിരിക്കെയാണ് അദ്ദേഹത്തിന്റെ തിരോധാനം. സുവിശേഷവത്ക്കരണം, സാമൂഹ്യ പുരോഗതി, വിദ്യാഭ്യാസ ആതുര സ്ഥാപനങ്ങൾ, യുവകർഷക പരിശീലനം തുടങ്ങിയ മേഖലകളിലും അദ്ദേഹം തന്റേതായ മുദ്ര പതിപ്പിച്ചിരിന്നു. തലസ്ഥാന നഗരിയിൽ നിന്നും നൂറ്റിയിരുപത്തിയഞ്ച് കിലോമീറ്റർ അകലെ തെക്ക് പടിഞ്ഞാറൻ മേഖലയായ ഗോർമൻസിലാണ് സൊസൈറ്റി ഓഫ് ആഫ്രിക്കൻ മിഷൻസ് വൈദികരുടെ ആശ്രമം.

കാർഷിക മേഖലയായ പ്രദേശത്തെ ജനസംഖ്യ മുപ്പതിനായിരത്തോളമാണ്. തൊണ്ണൂറുകളിൽ സ്ഥാപിതമായ മിഷൻ കേന്ദ്രത്തിൽ ഇരുപതോളം മിഷ്ണറിമാർ ശുശ്രൂഷ ചെയ്ത് വരുന്നുണ്ട്. സാമൂഹ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നല്കുകയും ദാരിദ്രനിർമ്മാർജനം, ആരോഗ്യപരിപാലനം, സാക്ഷരത പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യങ്ങളുടെ വികസനം തുടങ്ങിയവ അടക്കം നിരവധി സന്നദ്ധ പ്രവര്‍ത്തനങ്ങളാണ് നൈജറിലെ കത്തോലിക്ക സഭ നടത്തിവരുന്നത്. ഇതിനിടെയാണ് വൈദികനെ അക്രമികള്‍ തട്ടിക്കൊണ്ടുപ്പോയിരിക്കുന്നത്.


Related Articles »