News - 2024
രാജ്യത്തിനായി ജപമാല ചൊല്ലി പ്രാർത്ഥിക്കുവാന്‍ ആഹ്വാനവുമായി നൈജീരിയന്‍ മെത്രാൻ സമിതി
സ്വന്തം ലേഖകന്‍ 21-09-2018 - Friday
അബൂജ: അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, നൈജീരിയയിൽ സമാധാനം സംജാതമാകുന്നതിനും മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും വേണ്ടി പ്രാർത്ഥിക്കണമെന്ന ആഹ്വാനവുമായി ദേശീയ കത്തോലിക്ക മെത്രാൻ സമിതി. സെപ്റ്റംബർ മാസത്തിലെ പ്ലീനറി സമ്മേളനത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയിലാണ് മെത്രാന്മാർ ഇക്കാര്യം അഭ്യര്‍ത്ഥിച്ചത്. ഇഹലോക ജീവിതത്തില്‍ നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തു പ്രാര്‍ത്ഥനയുടെ അത്ഭുതാവാഹമായ ശക്തി കാണിച്ചു തന്നുവെന്നും ഈ മാതൃക പിന്തുടര്‍ന്നു ഇടവകകളിലും കുടുംബങ്ങളിലും ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കേണ്ടത് രാജ്യത്തിന്റെ സുരക്ഷക്ക് അനിവാര്യമാണെന്നും പ്രസ്താവനയില്‍ പറയുന്നു.
ഇസ്ളാമിക തീവ്ര ഗോത്ര സംഘമായ ഫുലാനികള്‍ ക്രൈസ്തവർക്ക് നേരെ നടത്തുന്ന ആക്രമണങ്ങളിൽ പ്രസിഡന്റ് നടപടി വൈകിപ്പിക്കുന്നതിനെയും അവർ പ്രസ്താവനയിൽ ചോദ്യം ചെയ്തു. മത-രാഷ്ട്രീയ-അതിർത്തി തർക്കങ്ങളിൽ നിരായുദ്ധരായ നൈജീരിയൻ ജനത കൊല്ലപ്പെടുന്നത് വേദനാജനകമാണ്. ഭരണകൂടത്തിന്റെ നിസ്സഹകരണം ഇത്തരം ആക്രമണങ്ങൾ വർദ്ധിപ്പിക്കുന്നതിനും വഴി തെളിയിക്കുന്നു. പൗരന്മാരുടെ ജീവനും സമ്പത്തും സംരക്ഷിക്കുക ഗവൺമെന്റിന്റെ ഉത്തരവാദിത്വമാണ്. രാജ്യത്തെ അരക്ഷിതാവസ്ഥ പലപ്പോഴും പരിഹരിക്കപ്പെടാതെ പോകുന്നു.
പ്രതീക്ഷകൾ നിറഞ്ഞ ശോഭനവും സമാധാനപൂർവവുമായ ഭാവി രാജ്യത്ത് സംജാതമാകണം. പൗരന്മാരുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാകാൻ ഭരണകൂടത്തിന്റെ പിന്തുണയും സാന്മാർഗ്ഗിക പരിവർത്തനവും രാജ്യത്തിന് ആവശ്യമാണ്. ശരിയായ അനുതാപവും ആത്മാർത്ഥമായ സാന്മാർഗ്ഗിക പരിവർത്തനവും രാജ്യത്തിന് ആവശ്യമാണ്. അടുത്ത ഫെബ്രുവരിയിൽ വോട്ടെടുപ്പ് നടക്കാനിരിക്കെ സത്യസന്ധമായും സ്വതന്ത്രമായും തീരുമാനിക്കാൻ ജനങ്ങൾക്ക് അവസരം നല്കണം.
നൈജീരിയൻ വോട്ടെടുപ്പ് സമാധാനപരമായി നടത്താൻ ഉദ്യോഗസ്ഥർ മുൻകൈയെടുക്കണം. ബൊക്കോ ഹറാം തീവ്രവാദികൾ തട്ടികൊണ്ടു പോയി ക്രൈസ്തവ വിശ്വാസം ത്യജിച്ച് മതപരിവർത്തനത്തിന് നിർബന്ധിക്കുന്ന ലീയ ഷരിബുവിന്റെ മോചനവും മെത്രാന്‍ സമിതി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സഭയിലെ പ്രതിസന്ധികൾ ദൈവ വിശ്വാസത്തിൽ ആഴപ്പെടാനുള്ള അവസരങ്ങളായും പരിഗണിക്കണം. രാജ്യത്തെ പൗരന്മാർ എന്ന നിലയിൽ ഒറ്റക്കെട്ടായി രാഷ്ട്ര പുരോഗതിയ്ക്ക് പ്രവർത്തിക്കണമെന്ന ആഹ്വാനത്തോടെയാണ് മെത്രാൻ സമിതിയുടെ പ്രസ്താവന സമാപിക്കുന്നത്. ക്രൈസ്തവ മതസ്വാതന്ത്ര്യത്തെ വിലക്കുന്ന പ്രസിഡന്റ് മുഹമ്മദ് ബുഹാരിയെ വിമർശിച്ച് നൈജീരിയൻ ബിഷപ്പുമാർ മുൻപും രംഗത്തെത്തിയിരുന്നു.