News

മംഗോളിയൻ സഭയുടെ പ്രഥമ മെത്രാൻ വിടവാങ്ങി

സ്വന്തം ലേഖകന്‍ 28-09-2018 - Friday

ഉലാൻബാറ്റർ: കിഴക്കനേഷ്യന്‍ രാജ്യമായ മംഗോളിയയിലെ കത്തോലിക്ക സഭയുടെ പ്രഥമ മെത്രാൻ വെൻസെസലോ പാഡില അന്തരിച്ചു. ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരി സഭാംഗമായ അദ്ദേഹം സെപ്റ്റബർ ഇരുപത്തിയഞ്ചിന് ഹൃദയാഘാതത്തെ തുടർന്നാണ് ദിവംഗതനായത്. 68 വയസ്സായിരിന്നു. ഫിലിപ്പീന്‍സ് പൗരനായിരുന്ന മോൺ. പാഡില കാല്‍ നൂറ്റാണ്ടായി മംഗോളിയയിൽ സേവനമനുഷ്ഠിച്ച് വരികയായിരുന്നു. ബിഷപ്പിന്റെ മരണം മംഗോളിയൻ സഭയുടെ നഷ്ടമാണെന്ന്‍ ഫിലിപ്പീന്‍സ് എപ്പിസ്കോപ്പൽ കോൺഫറൻസ് വൈസ് പ്രസിഡൻറും കലൂക്കൻ രൂപത മെത്രാനുമായ പാബ്ലോ വിർജിലിയോ ഡേവിഡ് അനുശോചന സന്ദേശത്തിൽ കുറിച്ചു.

മംഗോളിയയിൽ കത്തോലിക്ക സുവിശേഷവത്ക്കരണത്തിന് നേതൃത്വം നല്കിയ മോൺ. പാഡില, മിഷൻ പ്രവർത്തനം വഴി നൂറുകണക്കിന് ആളുകളെയാണ് യേശുവിനായി നേടിയത്. 1949-ൽ ഫിലിപ്പീൻസിലെ തുബാവോയിൽ ജനിച്ച മോൺ. പാഡില, 1976-ൽ വൈദിക തിരുപ്പട്ടം സ്വീകരിച്ച് ശുശ്രൂഷയാരംഭിച്ചു. 1992-ൽ സഭാംഗങ്ങളായ രണ്ടു വൈദികരോടൊപ്പം മംഗോളിയയിൽ മിഷൻ പ്രവർത്തനം ആരംഭിച്ചു. കത്തോലിക്കരും ദേവാലയങ്ങളും ഇല്ലാത്ത രാജ്യത്ത് വിദേശകാര്യ മന്ത്രാലയങ്ങളിലെ ക്രൈസ്തവരെ ഒന്നിച്ചു കൂട്ടി പ്രാർത്ഥനാ കൂട്ടായ്മകളാണ് അദ്ദേഹം ആദ്യം ആരംഭിച്ചത്.

ഭവനങ്ങളിലെ ദിവ്യബലിയ്ക്ക് സ്ഥലപരിമിതി മൂലം ഹാളുകൾ വാടകയ്ക്ക് എടുത്ത് ഞായറാഴ്ച ദിവ്യബലിയർപ്പണം സാധ്യമാക്കിയ അദ്ദേഹം നിരന്തരമായ പ്രയത്നങ്ങള്‍ക്ക് ഒടുവില്‍ ദേവാലയങ്ങൾ നിർമ്മിച്ചു. 2002- ൽ മംഗോളിയൻ അപ്പസ്തോലിക പ്രതിനിധിയായി അദ്ദേഹത്തെ തിരഞ്ഞെടുത്തു. പാവപ്പെട്ടവരായ ജനങ്ങളോടൊപ്പം അവരുടെ സംസ്കാരത്തിനുസരിച്ച് മിഷൻ പ്രവർത്തനങ്ങൾ നടത്തിയ അദ്ദേഹത്തിന്റെ മാതൃക നൂറുകണക്കിന് ആളുകളെ സഭയിലേക്ക് അടുപ്പിച്ചു. മറ്റ് മതസ്ഥരുമായി സാമൂഹിക സേവനങ്ങൾ സംഘടിപ്പിച്ചും സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനവും അദ്ദേഹം തന്റെ നേതൃത്വത്തിലൂടെ നടപ്പിലാക്കി.

വിവേചനം കൂടാതെ മംഗോളിയൻ ജനതയ്ക്ക് ക്രിസ്തുവിന്റെ സ്നേഹം പകർന്നു നല്കുമെന്നാണ് 2003 ൽ മംഗോളിയൻ സഭാധ്യക്ഷനായി അഭിഷേകം ചെയ്തപ്പോൾ അദ്ദേഹം പ്രസ്താവിച്ചത്.

അക്രൈസ്തവരുടെയിടയിലും മോൺ. പാഡില ഏറെ സ്വാധീനം ചെലുത്തിയിരിന്നു. നിരവധി വിദേശ മിഷ്ണറിമാരുടെ സഹകരണത്തോടെ വിദ്യാലയങ്ങളും ആതുരാലയങ്ങളും സ്ഥാപിച്ച് ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുവാനും ദാരിദ്ര്യ നിർമ്മാർജനം ഉറപ്പുവരുത്തുവാനും നിരന്തരമായ ഇടപെടലുകള്‍ നടത്തി. ബിഷപ്പിന്റെ മരണത്തില്‍ അതീവ ദുഃഖിതരാണ് വിശ്വാസികള്‍. തലസ്ഥാന നഗരമായ ഉലാൻബാറ്റർ കത്തീഡ്രൽ ദേവാലയത്തിൽ ഒക്ടോബർ പതിനാലിനു മോൺ. പാഡിലയുടെ സംസ്കാര ശുശ്രൂഷകൾ നടക്കും.

More Archives >>

Page 1 of 368