News - 2024

ഭ്രൂണഹത്യയിലൂടെ കൊന്നൊടുക്കിയ ശിശുക്കളുടെ കച്ചവടം; ട്രംപ് ഭരണകൂടം കരാര്‍ റദ്ദാക്കി

സ്വന്തം ലേഖകന്‍ 27-09-2018 - Thursday

വാഷിംഗ്ടണ്‍ ഡി‌സി: പ്രോലൈഫ് സംഘടനകളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന്‍ ഗര്‍ഭഛിദ്രം ചെയ്യപ്പെട്ട ശിശുക്കളുടെ ശരീരഭാഗങ്ങള്‍ വാങ്ങുവാനുള്ള ഫുഡ്‌ ആന്‍ഡ്‌ ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ (FDA) കരാര്‍ ട്രംപ് ഭരണകൂടം റദ്ദാക്കി. കരാര്‍ റദ്ദാക്കിയതിനോടൊപ്പം ഇതിനെ കുറിച്ച് അന്വേഷിക്കുവാനും ഉത്തരവിറക്കി കഴിഞ്ഞു. ഭ്രൂണഹത്യയിലൂടെ കൊന്നൊടുക്കിയ കുട്ടികളുടെ കോശഭാഗങ്ങള്‍ എലികളില്‍ കുത്തിവെച്ച് മനുഷ്യ പ്രതിരോധ ശക്തിയോട് കൂടിയ ജീവികളെ സൃഷ്ടിച്ച് ഗവേഷണം നടത്തുന്നതിനായി എഫ്‌ഡി‌എ, അഡ്വാന്‍സ്ഡ് ബയോസയന്‍സ് റിസോഴ്സസുമായി (ABR) ഉണ്ടാക്കിയ കരാറാണ് റദ്ദാക്കപ്പെട്ടിരിക്കുന്നത്.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹെല്‍ത്ത് ആന്‍ഡ്‌ ഹ്യൂമന്‍ സര്‍വീസസ് ഡിപ്പാര്‍ട്ട്മെന്റ് (HHS) കരാര്‍ റദ്ദാക്കി കൊണ്ടുള്ള പ്രസ്താവന പുറത്തുവിട്ടത്. ഭ്രൂണകോശങ്ങളുടെ സംരക്ഷണത്തിനും, ശരീര അവയവങ്ങള്‍ വാങ്ങിക്കുന്നതിന് വേണ്ട മാനദണ്ഡങ്ങള്‍ കരാറില്‍ പാലിച്ചിട്ടുണ്ടെന്ന് വ്യക്തമല്ലാത്തതിനാല്‍ കരാര്‍ റദ്ദാക്കുകയാണെന്നാണ് സംഘടനയുടെ പ്രസ്താവനയില്‍ പറയുന്നത്. ഭ്രൂണ കോശങ്ങള്‍ ഉപയോഗിച്ചുള്ള എല്ലാ പരീക്ഷങ്ങളെക്കുറിച്ചും അന്വേഷിക്കുവാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്.

നടപടിയെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും ഭാവിയില്‍ ഇത്തരം കരാറുകള്‍ ഉണ്ടാകാതിരിക്കുന്നതിന് വേണ്ട നടപടിയും കൈകൊള്ളണമെന്ന് പ്രോലൈഫ് സംഘടനയായ സൂസന്‍ ബി. അന്തോണി ലിസ്റ്റിന്റെ പ്രസിഡന്റായ മാര്‍ജോരി ഡാനെന്‍ഫെല്‍സര്‍ പറഞ്ഞു. നികുതിദായകരുടെ പണമുപയോഗിച്ചു കൊണ്ടുള്ള ബാലഹത്യയാണ് അമേരിക്കയില്‍ നടക്കുന്നതെന്ന് പറഞ്ഞുകൊണ്ട് പ്രോലൈഫ് പ്രവര്‍ത്തകനും, സെന്റര്‍ ഫോര്‍ മെഡിക്കല്‍ പ്രോഗ്രസ്സിന്റെ സ്ഥാപകനുമായ ഡേവിഡ് ഡാലെയിഡന്‍ നേരത്തേ രംഗത്ത് വന്നിരുന്നു.

ഇത്തരം ഭ്രൂണ കോശങ്ങളുടെ വില്‍പ്പനയില്‍ പ്ലാന്‍ഡ് പാരന്റ്ഹുഡിനുള്ള പങ്ക് വ്യക്തമാക്കുന്ന പ്ലാന്‍ഡ് പാരന്റ് ഹുഡ് ഗള്‍ഫ് കോസ്റ്റിന്റെ റിസര്‍ച്ച് വിഭാഗം ഡയറക്ടറായ മെലീസ്സ ഫാരെല്‍ ഉള്‍പ്പെട്ട ഒരു വീഡിയോ 2015-ല്‍ പുറത്തുവന്നിരുന്നു. പ്ലാന്‍ഡ്പാരന്റ് ഹുഡ് ഇത്തരം പരീക്ഷണങ്ങളെക്കുറിച്ച് ബോധവാന്‍മാരാണെന്ന് വീഡിയോയില്‍ മെലീസ്സ വ്യക്തമാക്കുന്നുണ്ട്. ഇതിനെതിരെയും ഡേവിഡ് ഡാലെയിഡന്‍ അടുത്ത നാളുകളില്‍ ശബ്ദമുയര്‍ത്തിയിരിന്നു. അതേസമയം അമേരിക്കയിലെ പ്രോലൈഫ് പ്രവര്‍ത്തകരുടെ വിജയമായിട്ടാണ് നടപടിയെ കണ്ടു വരുന്നത്. പ്രോലൈഫ് നിലപാട് ആവര്‍ത്തിച്ച ട്രംപ് ഭരണകൂടത്തെ നന്ദിയോടെ സ്മരിക്കുന്നവരും നിരവധിയാണ്.

More Archives >>

Page 1 of 368