News - 2024

ആസിയ ബീബി; നാളെ സുപ്രീം കോടതി നിര്‍ണ്ണായക വിധി

സ്വന്തം ലേഖകന്‍ 07-10-2018 - Sunday

ലാഹോര്‍: പാക്കിസ്ഥാനില്‍ മതനിന്ദ ആരോപിച്ച് തടവില്‍ കഴിയുന്ന ക്രൈസ്തവ യുവതി ആസിയ ബീബിയുടെ അന്തിമ അപ്പീലില്‍ നാളെ പാക്കിസ്ഥാനിലെ സുപ്രീംകോടതി വിധി പറയും. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ആസിയ ബീബിയുടെ അഭിഭാഷകർ നൽകിയ അപ്പീലിലാണ് മൂന്ന് മുതിർന്ന ജഡ്ജിമാർ അടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് വിധി പറയുന്നത്. വധശിക്ഷയ്ക്കുളള വിധിയെ ഒന്നെങ്കിൽ സുപ്രീംകോടതിക്ക് അസാധുവാക്കുകയോ, അല്ലെങ്കിൽ വധശിക്ഷ നൽകണം എന്ന് ഉത്തരവിടുകയോ ചെയ്യാം. ആസിയ മോചിതയാകാൻ സാധ്യത ഉണ്ടെന്നും, അതിനായി നമ്മൾക്ക് പ്രാർത്ഥിക്കുകയും, പ്രത്യാശ വയ്ക്കുകയും ചെയ്യാമെന്നും ആസിയായ്ക്കു വേണ്ടിയുള്ള നിയമ സഹായങ്ങള്‍ നൽകുന്ന റിനൈയ്‌സന്‍സ് എഡ്യൂക്കേഷന്‍ ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോസഫ് നദീം പറഞ്ഞു.

ആസിയായുടെ അഭിഭാഷകർക്ക് കൂടി പറയാനുള്ള കാര്യങ്ങൾ കേട്ടിട്ടായിരിക്കും സുപ്രീംകോടതി ബെഞ്ച് അന്തിമ വിധി പ്രസ്താവിക്കുന്നത്. കെട്ടിചമച്ച ആരോപണങ്ങളുടെ ഇരയായി ഏതാണ്ട് ഒരു പതിറ്റാണ്ടായി ആസിയ ജയിലിലാണ്. ഏതാനും ദിവസങ്ങൾക്കു മുൻപ് ജോസഫ് നദീമും, ആസിയായുടെ ഭർത്താവായ ആഷിക്ക് മസിഹും ജയിലിൽ എത്തി അവരെ കണ്ടിരുന്നു. നാളെ സുപ്രീംകോടതി വിധി പ്രതികൂലമായാൽ പാക്കിസ്ഥാൻ പ്രസിഡന്റിന് ദയാ ഹർജി നൽകാനുളള അവസരം ഉണ്ട്.

2009-ല്‍ ആണ് ആസിയായെ മതനിന്ദാകുറ്റം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ക്രിസ്തീയ വിശ്വാസിയായ ആസിയ തങ്ങള്‍ക്കൊപ്പം ജോലി ചെയ്യുന്നതില്‍ ചില മുസ്ലിം സ്ത്രീകള്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് സംഭവത്തിന്റെ തുടക്കം. ആസിയ കുടിവെള്ളം ചോദിച്ചപ്പോള്‍ മുസ്ലിം സ്ത്രീകള്‍ നിഷേധിച്ചിരിന്നു. ഒരു അമുസ്ലീമിന് തങ്ങളുടെ കുടിവെള്ള പാത്രം തൊടാന്‍ പോലും അവകാശമില്ലെന്ന് പറഞ്ഞായിരുന്നു അവര്‍ വെള്ളം നിഷേധിച്ചത്. തുടര്‍ന്ന് ആസിയ കിണറില്‍ നിന്നും വെള്ളം കോരിക്കുടിക്കുകയായിരുന്നു.

ഇതിനിടെ ആസിയായും അയല്‍ക്കാരികളായ മുസ്ലീം സ്ത്രീകളും തമ്മിലുള്ള വാക്കേറ്റത്തിനിടെ പ്രവാചകനെതിരെ ആസിയ പരാമര്‍ശം നടത്തിയതെന്നാണ് ആരോപണം. എന്നാല്‍ തന്നെ മനപ്പൂര്‍വം ദൈവനിന്ദാക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന് ആസിയ ബീബി പിന്നീട് വെളിപ്പെടുത്തിയിരിന്നു. അഞ്ചു കുഞ്ഞുങ്ങളുടെ അമ്മയാണ് ആസിയ. ആസിയായുടെ മോചനം സാധ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ലോകമെമ്പാടും സ്വരം ഉയരുന്നുണ്ട്. അടുത്തിടെ വത്തിക്കാനിലെത്തിയ ആസിയായുടെ കുടുംബത്തിന് ഫ്രാന്‍സിസ് പാപ്പ ഐക്യദാര്‍ഢ്യവും പ്രാര്‍ത്ഥനയും വാഗ്ദാനം ചെയ്തിരിന്നു. ആസിയായുടെ മോചനത്തിനായി അമേരിക്ക, ബ്രിട്ടന്‍ അടക്കമുല്ല രാജ്യങ്ങള്‍ നേരത്തെ ശബ്ദമുയര്‍ത്തിയിരിന്നു. നാളെ അനുകൂല വിധിയുണ്ടാകാന്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് ആഗോള ക്രൈസ്തവ സമൂഹം.

More Archives >>

Page 1 of 371