News - 2024
പരാജയങ്ങളില്‍ വിലപിക്കാതെ നന്മയില്‍ പ്രത്യാശ വയ്ക്കുക: ഫ്രാൻസിസ് പാപ്പ
സ്വന്തം ലേഖകന്‍ 06-10-2018 - Saturday
വത്തിക്കാൻ സിറ്റി: പരാജയങ്ങളുടെയും പ്രശ്നങ്ങളുടെയും പട്ടിക എണ്ണി വിലപിക്കാതെ, നന്മയില്‍ പ്രത്യാശവയ്ക്കാൻ ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനം. സഭയുടെ തന്നെ മക്കള്‍ ഏല്പിക്കുന്ന മുറിവുകളുടെയും പാപങ്ങളുടെയും വേദന സഹിക്കുമ്പോഴും നിരാശരാകാതിരിക്കാമെന്നും പാപ്പ പറഞ്ഞു. മെത്രാൻ സിനഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍വിധികളും സ്ഥിരസങ്കല്പങ്ങളും മാറ്റിവയ്ക്കേണ്ടിവരും. വളരെ തുറന്ന മനസ്സും ഹൃദയവും സിനഡിന്‍റെ വിജയത്തിന് ആവശ്യമാണ്. കാരണം യുവജനങ്ങള്‍ നമ്മുടെ കൂടെയുള്ളവരല്ല, അവരുടെ ലോകം ഒരുവിധത്തില്‍ വിദൂരമാണെന്നു പറയാം.
സിനഡ് സംവാദത്തിന്‍റെ ഒരു കളരിയാവണം, സംവാദം ക്ഷമയോടെ പഠിക്കുന്ന ഇടമാവട്ടെ അത്. സിനഡില്‍ പങ്കെടുക്കുന്നവരില്‍ പലരും സമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള അഭിപ്രായങ്ങള്‍ ഒരുങ്ങി വന്നിട്ടുണ്ടാകും. എന്നാല്‍ പഠനത്തിന്‍റെ പങ്കുവയ്ക്കലിന്‍റെയും വെളിച്ചത്തില്‍ മുന്നേറുമ്പോള്‍ അവ വേണ്ടിവന്നാല്‍ മാറ്റാനും തിരുത്താനും മെച്ചപ്പെടുത്താനും നിങ്ങള്‍ സന്നിഹിതരായിരിക്കണം. മറ്റുള്ളവരെ സ്വീകരിക്കാനും മനസ്സിലാക്കാനും, അങ്ങനെ വേണ്ടിവന്നാല്‍ നമ്മുടെ ബോധ്യങ്ങളും നിലപാടുകളും മാറ്റാനും നവമായവ സ്വീകരിക്കാനും നാം സന്നദ്ധരാവണം. ഇത് മാനുഷികവും ആദ്ധ്യാത്മികവുമായ പക്വതയുടെ അടയാളമാണ്. സിനഡ് ഒരു ഡോക്യുമെന്‍റേഷനല്ല. ഒരു ഡോക്യുമെന്‍റോ, ഒരു പ്രമാണരേഖയോ ഉണ്ടാക്കിയെടുക്കുകയല്ല സിനഡിന്റെ ലക്ഷ്യം.
അതു കുറച്ചുപേര്‍ മുഴുവനായി വായിക്കുകയും, അധികംപേര്‍ മുഴുവന്‍ കാര്യങ്ങളും മനസ്സിലാക്കാതെ, കുറച്ചു വായിച്ചും, അല്പം മനസ്സിലാക്കിയും വിമര്‍ശിക്കുകയുമാണ് പതിവ്. എന്നാല്‍ സിനഡു നിര്‍ദ്ദേശിക്കുന്ന പ്രായോഗികമായി നിവര്‍ത്തിക്കേണ്ട അജപാലന പരിപാടികള്‍ പാടെ അവഗണിക്കുകയും ചെയ്യും. ഇതു ശരിയല്ല! നവീനതയ്ക്കായുള്ള സ്വപ്നങ്ങള്‍ വിരിയിക്കാം. സിനഡിന്‍റെ നിര്‍ദ്ദേശങ്ങളെ ആധാരമാക്കി കര്‍മ്മപദ്ധതികള്‍ ഒരുക്കുക. യുവജനങ്ങളുടെ മുറിവുകളുണക്കി, പ്രത്യാശ വളര്‍ത്തുക. യുവജനങ്ങള്‍ക്ക് ജീവിതത്തില്‍ ആത്മധൈര്യം പകരുക. ആരെയും ഒഴിവാക്കാതെ അവരുടെ കാഴ്ചപ്പാടുകളെ സുവിശേഷ സന്തോഷത്താല്‍ നിറയ്ക്കാം! അങ്ങനെ അവര്‍ ക്രിസ്തുവിന്‍റെ വിശ്വസ്ത ദാസരായി ലോകത്തിന് സുവിശേഷമേകിയും, സുവിശേഷമായും ജീവിക്കാന്‍ ഇടയാകുമെന്നും പാപ്പ പറഞ്ഞു.