News - 2024

വിദേശ മിഷ്ണറിമാരെ പൗരത്വം നല്‍കി ആദരിക്കാൻ തായ്‌വാൻ ഭരണകൂടം

സ്വന്തം ലേഖകന്‍ 05-10-2018 - Friday

തായ്പേയ്: തായ്‌വാന്റെ സമ്പൂര്‍ണ്ണ വളര്‍ച്ചക്ക് നിസ്തുലമായ സംഭാവനകള്‍ നല്‍കിയ വിദേശ മിഷ്ണറികൾക്ക് തായി പൗരത്വം നല്‍കാൻ നിര്‍ദ്ദേശം മുന്നോട്ടുവച്ച് പ്രസിഡന്റ് സായ് ഇങ്ങ് വെൻ. മുതിർന്ന കത്തോലിക്ക മിഷ്ണറിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. പൗരത്വവകാശം സംബന്ധിച്ച നിയമങ്ങൾ പരിഷ്കരിച്ച ഭരണകൂടം, രാജ്യത്തിന്റെ പുരോഗതിയ്ക്ക് സംഭാവന നല്‍കിയ വിദേശിയരായ മിഷ്ണറിമാര്‍ക്കും പൗരത്വം സ്വീകരിക്കുവാന്‍ അവസരമുണ്ടെന്ന് കൂട്ടിച്ചേര്‍ത്തു.

കത്തോലിക്ക വൈദികരും സന്യസ്തരും തായ്‌വാനിലെ ജനങ്ങളുടെ ആരോഗ്യ വിദ്യാഭ്യാസ സാമൂഹിക മേഖലകളിൽ നല്കിയ സഹായങ്ങൾ വിലമതിക്കാനാവാത്തതാണ്. കൂടാതെ സ്ത്രീകളുടെ ഉന്നമനം, വയോധികരുടേയും രോഗികളുടേയും പരിചരണവും നിർവ്വഹിക്കുന്ന അവരുടെ നിസ്വാർത്ഥ സേവനവും രാജ്യം അംഗീകരിക്കുന്നു. തായ്‌വാന്റെ വളർച്ചയ്ക്ക് ഉദാരമായി സംഭാവന ചെയ്ത മിഷ്ണറിമാർ പൗരത്വം അർഹിക്കുന്നു.

വിപ്ലവ ദ്വീപ് എന്ന പേരിൽ അറിയപ്പെട്ടിരുന്നുവെങ്കിലും തായ്‌വാൻ കത്തോലിക്ക മിഷൻ പ്രവർത്തനങ്ങളെ സ്വീകരിച്ചു. മതസ്വാതന്ത്ര്യം രാജ്യത്ത് നടപ്പിലാക്കുകയും ചെയ്തു. അതേസമയം കമ്മ്യൂണിസ്റ്റ് രാഷ്ട്രമായ ചൈനയിൽ മാവോ സേദുങ്ങിന്റെ കാലം മുതൽ മിഷ്ണറിമാരുടെ പ്രവർത്തനങ്ങളെ വിദേശവത്കരണമായി തെറ്റിദ്ധരിച്ചതാണ് അവരുടെ നഷ്ടമെന്നും സായ് ഇങ്ങ് വെൻ കൂട്ടിച്ചേർത്തു. ബുദ്ധമത രാഷ്ട്രമായ തായ്‌വാനിലെ ആകെ ജനസംഖ്യയുടെ ഒരു ശതമാനം മാത്രമാണ് കത്തോലിക്ക വിശ്വാസികള്‍.


Related Articles »