News - 2024

ഭാരതം അടക്കം നാല്‍പ്പതിലധികം രാഷ്ട്രങ്ങളില്‍ ഇന്ന് ജപമാലയത്നം

സ്വന്തം ലേഖകന്‍ 07-10-2018 - Sunday

ന്യൂഡല്‍ഹി/ കാലിഫോര്‍ണിയ: ലോകത്തെയും, തിരുസഭയെയും തകര്‍ക്കുവാന്‍ കുടില ശ്രമം നടത്തുന്ന തിന്മയുടെ ശക്തികള്‍ക്കെതിരെ പോരാടുവാന്‍ ഭാരതം അടക്കം നാല്‍പ്പതിലധികം രാഷ്ട്രങ്ങളില്‍ ജപമാല രാജ്ഞിയുടെ തിരുനാള്‍ ദിനമായ ഇന്ന് ജപമാലയത്നം നടക്കും. പൌരന്‍മാര്‍ക്കും ലോകം മുഴുവന്റെ പാപപ്പൊറുതിക്കും വൈദികർക്കും സമർപ്പിതര്‍ക്കു വേണ്ടിയും ജീവന്റെ സംസ്‌ക്കാരം വളരുന്നതിനും വിവാഹ- കുടുംബജീവിത വിശുദ്ധി ഉണ്ടാകുന്നതിനും വേണ്ടിയാണ് ഭാരതത്തില്‍ ‘റോസറി എക്രോസ് ഇന്ത്യ’ എന്ന പേരില്‍ ജപമാലയത്നം നടത്തുന്നത്. നിരവധി ബിഷപ്പുമാര്‍ രാജ്യവ്യാപക പ്രാര്‍ത്ഥനയ്ക്കു പിന്തുണയുമായി രംഗത്തുണ്ട്. ദേവാലയങ്ങൾ, ഗ്രോട്ടോകൾ, പ്രാദേശിക പ്രാർത്ഥനാ കൂട്ടായ്മകൾ, കരിശുപള്ളികൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഇന്ന് പ്രാര്‍ത്ഥനായത്നം നടക്കും.

അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, മധ്യപൂര്‍വ്വേഷ്യ മുതലായ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികളും ജപമാല റാലികള്‍ സംഘടിപ്പിക്കുന്നുണ്ട്. അമേരിക്കയില്‍ ‘റോസറി കോസ്റ്റ് റ്റു കോസ്റ്റ്’ എന്ന പേരിലാണ് കൂട്ടായ്മയില്‍ പ്രത്യേകം പ്രാര്‍ത്ഥിക്കുക. ‘റോസറി അറ്റ്‌ ദി ബോര്‍ഡേഴ്സ്’ എന്ന പേരില്‍ പോളണ്ട് തുടക്കമിട്ട ജപമാല കൂട്ടായ്മ പിന്നീട് ലോകമെങ്ങും വ്യാപിക്കുകയായിരുന്നു. പോളണ്ടിന്റെ വിജയമാതൃക പിന്തുടര്‍ന്നുകൊണ്ട് അമേരിക്ക, അയര്‍ലണ്ട് ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ഇത്തരത്തില്‍ ജപമാല കൂട്ടായ്മകള്‍ സംഘടിപ്പിച്ചു.

“ഇരുട്ടിന്റെ ശക്തികള്‍ക്കെതിരെയുള്ള ലോകവ്യാപകമായ പോരാട്ടം” എന്നാണ് ആഗോള ജപമാല കൂട്ടായ്മകളെ കുറിച്ച് ‘റോസറി കോസ്റ്റ് റ്റു കോസ്റ്റ്’ന്റെ വെബ്സൈറ്റില്‍ പറഞ്ഞിരിക്കുന്നത്.

ക്വിട്ടോ, ലാസലൈറ്റ്, ഫാത്തിമ, ട്രി ഫോണ്ടാനെ, അകിത എന്നിവിടങ്ങളില്‍ മുഴങ്ങിയ പരിശുദ്ധ ദൈവമാതാവിന്റെ കാഹളം നമുക്കായി മുഴങ്ങി കഴിഞ്ഞുവെന്നും സംഘാടകരുടെ വെബ്സൈറ്റില്‍ പറയുന്നുണ്ട്. ‘റോസറി ഓണ്‍ ദി കോസ്റ്റ്സ് ഫോര്‍ ലൈഫ് ആന്‍ഡ്‌ ഫെയിത്ത്’ എന്ന പേരില്‍ കഴിഞ്ഞ നവബറില്‍ അയര്‍ലണ്ടില്‍ നടത്തിയ ജപമാല കൂട്ടായ്മയില്‍ മുപ്പതിനായിരത്തോളം വിശ്വാസികളാണ് പങ്കെടുത്തത്. കഴിഞ്ഞ ഡിസംബറില്‍ 30 അമേരിക്കന്‍ സംസ്ഥാനങ്ങളിലെ വിശ്വാസികള്‍ ‘റോസറി ഓണ്‍ ദി കോസ്റ്റ്സ് ആന്‍ഡ്‌ ബോര്‍ഡേഴ്സ്’ എന്ന പേരില്‍ നടത്തിയ കൂട്ടായ്മയും, ഏപ്രില്‍ മാസത്തില്‍ ‘റോസറി ഓണ്‍ ദി കോസ്റ്റ്’ എന്ന പേരില്‍ യു.കെ. യിലെ വിശ്വാസികളും നടത്തിയ കൂട്ടായ്മയും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

ഇന്ന് നടക്കുന്ന ജപമാലയത്നത്തിന് മുന്നോടിയായി 54 ദിവസത്തെ നൊവേനയും ദി ന്യൂ ഹോളി ലീഗ് ഓഫ് നേഷന്‍സ് സംഘടിപ്പിച്ചിരിന്നു. പതിനാറാം നൂറ്റാണ്ടിനു സമാനമായ സാഹചര്യത്തിലൂടെയാണ് സഭ ഇപ്പോള്‍ കടന്നുപോകുന്നുവെന്നതാണ് ഇത്തരം ജപമാല യജ്ഞങ്ങള്‍ സംഘടിപ്പിക്കുന്നതിന്റെ പിന്നിലെ ലക്ഷ്യമെന്നു ന്യൂ ഹോളി ലീഗ് ഓഫ് നേഷന്‍സ് വക്താക്കള്‍ പറഞ്ഞു. ഞായറാഴ്ചത്തെ ജപമാല റാലികളുടെ വീഡിയോകള്‍ #RosaryCoastToCoast #HolyLeagueOfNations എന്നീ ഹാഷ്ടാഗുകള്‍ക്കൊപ്പം സമൂഹമാധ്യമങ്ങളിലൂടെ തത്സമയ സംപ്രേഷണം നടത്തണമെന്നും സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.

ഒക്ടോബര്‍ മാസം മുഴുവനും ജപമാല ചൊല്ലണമെന്നും, വിശുദ്ധ മിഖായേല്‍ മാലാഖയുടെ സംരക്ഷണം ആവശ്യപ്പെടണമെന്നും ഫ്രാന്‍സിസ് പാപ്പ കഴിഞ്ഞ ആഴ്ച വിശ്വാസികളോട് ആഹ്വാനം ചെയ്തിരുന്നു. പാപ്പായുടെ ഈ ആഹ്വാനത്തോടുള്ള പ്രതികരണമെന്ന നിലയില്‍ ഇന്നു സെന്റ്‌ പീറ്റേഴ്സ് സ്ക്വയറില്‍ വെച്ച് ജപമാല റാലി നടത്തുമെന്ന് ഇറ്റലിയിലെ സംഘാടകരും അറിയിച്ചിട്ടുണ്ട്.

More Archives >>

Page 1 of 371