News
ദിവ്യബലിയും കാരുണ്യ പ്രവര്‍ത്തിയുമായി അമേരിക്കന്‍ വിദ്യാര്‍ത്ഥികളുടെ വിദ്യാരംഭം
സ്വന്തം ലേഖകന്‍ 11-10-2018 - Thursday
മിന്നീപോളിസ്: പുതിയ വിദ്യാഭ്യാസ വര്‍ഷാരംഭത്തോടനുബന്ധിച്ച് അമേരിക്കയിലെ കാത്തലിക് സ്കൂള്‍സ് സെന്റര്‍ ഫോര്‍ എക്സലന്‍സ് യുഎസ് ബാങ്ക് സ്റ്റേഡിയത്തില്‍ സ്കൂള്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ പന്ത്രണ്ടായിരത്തോളം വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം. ക്രിസ്തീയ വിശ്വാസത്തിന് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള ഒരു അധ്യയന വര്‍ഷം ആരംഭിക്കുക എന്നതായിരുന്നു പരിപാടിയുടെ പിന്നിലെ മുഖ്യലക്ഷ്യം. സെന്റ് പോള്‍ ആന്‍ഡ് മിന്നീപോളിസ് അതിരൂപതയിലെ എഴുപത്തിയൊന്‍പതോളം വരുന്ന സ്കൂളുകളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളാണ് ബലിയില്‍ പങ്കുചേര്‍ന്നത്. “വിശ്വാസം പ്രവര്‍ത്തിയില്‍” എന്നതായിരുന്നു പരിപാടിയുടെ മുഖ്യ പ്രമേയം.
ഒക്ടോബര്‍ 10 ബുധനാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച സംഗീതപരിപാടിക്ക് ശേഷം 11 മണിയോടെയായിരുന്നു വിശുദ്ധ കുര്‍ബാന ആരംഭിച്ചത്. അതിരൂപത മെത്രാപ്പോലീത്തയായ ബെര്‍ണാര്‍ഡ് എ. ഹെബ്ഡയായിരുന്നു വിശുദ്ധ കുര്‍ബാനയുടെ മുഖ്യകാര്‍മ്മികന്‍. ബിഷപ്പ് ആന്‍ഡ്ര്യൂ എച്ച്. കോസെന്‍സ് ഉള്‍പ്പെടെ എഴുപതോളം വൈദികര്‍ വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിച്ചു. സെന്റ് പോള്‍ ആന്‍ഡ് മിന്നീപോളിസ് അതിരൂപതയിലെ നാലാം ഗ്രേഡ് മുതല്‍ എട്ടാം ഗ്രേഡ് വരെയുള്ള കുട്ടികള്‍ കുര്‍ബാനയില്‍ സംബന്ധിച്ചു. മുന്‍ മിന്നസോട്ട വൈകിംഗ് താരവും എന്‍എഫ്‌എല്‍ സൂപ്പര്‍ ബൗള്‍ ചാമ്പ്യനുമായ മാറ്റ് ബിര്‍ക്ക് വിദ്യാര്‍ത്ഥികളുമായി വിശ്വാസത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംവദിക്കുകയുണ്ടായി.
വിശ്വാസത്തെ കുറിച്ച് അറിഞ്ഞിരുന്നാല്‍ മാത്രം പോര, വിശ്വാസം പ്രവര്‍ത്തിയില്‍ കൊണ്ടുവരണമെന്നും ഈ പരിപാടി അതിനുള്ള ഒരവസരമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തില്‍ നിന്നും വിഭിന്നമായി ‘ചാരിറ്റി കോട്ട് ഡ്രൈവ്’ എന്ന പരിപാടിയും ഇത്തവണ നടന്നു. കത്തോലിക്ക സന്നദ്ധ സംഘടനയായ നൈറ്റ്സ് ഓഫ് കൊളംബസിന്റെ സഹകരണത്തോടെയായിരുന്നു ‘ചാരിറ്റി കോട്ട് ഡ്രൈവ്’ സംഘടിപ്പിച്ചത്. ദിവ്യബലിക്ക് മുന്‍പായി വിദ്യാര്‍ത്ഥികള്‍ കൊണ്ടുവന്ന ശൈത്യകാല തൊപ്പികളും, കയ്യുറകളും, കോട്ടുകളും സമര്‍പ്പണം നടത്തി. നൈറ്റ്സ് ഓഫ് കൊളംബസ്സിന്റെ ‘കോട്ട് ഫോര്‍ കിഡ്സ്’ പദ്ധതി വഴി ഇവ അര്‍ഹിക്കുന്നവര്‍ക്ക് വിതരണം ചെയ്യും.