News

ജപമാലയുടെ ആയുധം ധരിച്ച് ലോകം; റാലികളില്‍ വന്‍ ജനപങ്കാളിത്തം

സ്വന്തം ലേഖകന്‍ 09-10-2018 - Tuesday

വാഷിംഗ്ടണ്‍ ഡി‌സി: ലോകത്തെയും, തിരുസഭയെയും തകര്‍ക്കുവാന്‍ കുടില ശ്രമം നടത്തുന്ന തിന്മയുടെ ശക്തികള്‍ക്കെതിരെയുളള പോരാട്ടമായി നാല്‍പ്പതിലധികം ലോകരാഷ്ട്രങ്ങളില്‍ ജപമാല രാജ്ഞിയുടെ തിരുനാള്‍ ദിനത്തില്‍ വലിയ ജനപങ്കാളിത്തത്തോടെ ജപമാല റാലികൾ സംഘടിപ്പിച്ചു. അമേരിക്കയിലെ മാഡിസൺ രൂപതാ വെെദികനായ ഫാദർ റിച്ചാർഡ് ഹേയിൽമാനാണ് ലോകമെമ്പാടും വലിയ ചലനമുണ്ടാക്കിയ ജപമാല റാലികളുടെ മുഖ്യ സംഘാടകൻ. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നടന്ന ജപമാല റാലികൾ വലിയ ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഒക്ടോബർ മാസം ജപമാല ചൊല്ലി പ്രാർഥിക്കാൻ ഫ്രാൻസിസ് മാർപാപ്പ നടത്തിയ ആഹ്വാനം കൂടി കണക്കിലെടുത്ത് റോമിലും ജപമാല റാലി നടന്നു.

ഇസ്ലാമിക്ക് സ്റ്റേറ്റ് തീവ്രവാദികളിൽ നിന്നും മോചിപ്പിക്കപ്പട്ട ഇറാഖിലെ മൊസൂൾ നഗരത്തിൽ നടന്ന ജപമാല റാലിയിൽ അഞ്ഞൂറോളം വിശ്വാസികൾ പങ്കെടുത്തു. അമേരിക്കയിൽ മാത്രം നൂറു കണക്കിന് കേന്ദ്രങ്ങളിൽ ജപമാല റാലി സംഘടിപ്പിക്കപ്പെട്ടു. ഇന്ത്യയിലെ ഒട്ടനവധി സ്ഥലങ്ങളിലും "റോസറി എക്രാസ് ഇന്ത്യ" എന്ന പേരിൽ മാതാവിന്റെ മാധ്യസ്ഥ്യം തേടി ജപമാല റാലികള്‍ നടന്നു. കേരളത്തിൽ, തലസ്ഥാന നഗരിയെ ഭക്തിസാന്ദ്രമാക്കി സീറോ മലബാർ, ലത്തീൻ, മലങ്കര റീത്തുകൾ സംയുക്തമായാണ് തിരുവനന്തപുരം നഗരത്തിൽ ജപമാല റാലി നടത്തിയത്.

ആഗസ്റ്റ് പതിനാലിന് ആരംഭിച്ച അൻപത്തിനാലു ദിവസം നീണ്ടുനിന്ന നൊവേനയ്ക്കു ശേഷമാണ് ഒക്ടോബർ ഏഴിന് കത്തോലിക്കാ വിശ്വാസികൾ ജപമാല റാലികൾക്കായി അണിചേർന്നത്. 1571-ൽ നടന്ന ലെപ്പാന്‍റോ യുദ്ധത്തിൽ യൂറോപ്പിന്റെ കത്തോലിക്കാ സൈന്യം ഒട്ടോമൻ തുർക്കികളെ ദൈവമാതാവിന്റെ മാധ്യസ്ഥ്യതയിൽ തോൽപ്പിച്ചതിന്റെ ഒാർമയാക്കായിട്ടാണ് ഒക്ടോബർ ഏഴാം തീയതി ജപമാല രാജ്ഞിയുടെ തിരുനാള്‍ ദിനമായി പയസ് അഞ്ചാമൻ മാർപാപ്പ പ്രഖ്യാപിച്ചത്.

More Archives >>

Page 1 of 372