News - 2024

വിവാഹമോചനം സൃഷ്ടാവിന്റെ യഥാർത്ഥ ഉദ്ദേശത്തിന് വിരുദ്ധം: ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 09-10-2018 - Tuesday

വത്തിക്കാന്‍ സിറ്റി: വിവാഹബന്ധത്തിന്റെ പവിത്രതയും ദാമ്പത്യ ബന്ധത്തിന്റെ പിന്നില്‍ സൃഷ്ടാവിനുള്ള ഉദ്ദേശ്യവും വ്യക്തമാക്കി ഫ്രാന്‍സിസ് പാപ്പയുടെ സന്ദേശം. വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷത്തിലെ പത്താം അദ്ധ്യായത്തില്‍ വിവാഹമോചനത്തെ സംബന്ധിച്ച പ്രബോധനത്തെ കേന്ദ്രീകരിച്ചാണ് പാപ്പ ഇക്കഴിഞ്ഞ ഞായറാഴ്ച സന്ദേശം നല്‍കിയത്. വിവാഹമോചനം സൃഷ്ടാവിന്‍റെ യഥാർത്ഥ ഉദ്ദേശത്തിന് വിരുദ്ധമാണെന്ന്‍ മാര്‍പാപ്പ വ്യക്തമാക്കി. ഈ ഞായറാഴ്ചത്തെ സുവിശേഷം നമ്മുടെ മുന്നില്‍ അവതരിപ്പിക്കുന്നത് വിവാഹത്തെക്കുറിച്ചുള്ള യേശുവിന്‍റെ വാക്കുകളെയാണ് എന്ന ആമുഖത്തോടെയാണ് പാപ്പ സന്ദേശം ആരംഭിച്ചത്.

ഒരു സ്ത്രീയെ വിവാഹം കഴിക്കുകയും പൊരുത്തക്കേടുകള്‍ ഉണ്ടാകുമ്പോള്‍ അവളെ ഉപേക്ഷിക്കുകയും ചെയ്യുന്ന ഒരു പുരുഷന്‍ ദൈവത്തിന്‍റെ യഥാര്‍ത്ഥ പദ്ധതിയില്‍ ഇല്ല. മറിച്ച് വിവാഹത്തില്‍, പരസ്പരം അംഗീകരിക്കാനും പരസ്പരം പൂര്‍ണ്ണരാക്കാനും, പരസ്പരം സഹായിക്കാനും വിളിക്കപ്പെട്ടിരിക്കുന്നവരാണ് സ്ത്രീപുരുഷന്മാര്‍. യേശുവിന്‍റെ ഈ പ്രബോധനം വളരെ വ്യക്തവും വിവാഹത്തിന്റെ പവിത്രതയെ സൂചിപ്പിക്കുന്നതുമാണ്. യേശുവിന്റെ കൃപയാല്‍ നല്‍കപ്പെട്ട പരസ്പര ദാനത്താലുള്ള സ്നേഹം വഴിയാണ് വിവാഹത്തില്‍ ദമ്പതികള്‍ ഒന്നിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ സ്വാര്‍ത്ഥ താല്പര്യങ്ങളാണ് ദമ്പതികളില്‍ പ്രബലപ്പെടുന്നതെങ്കില്‍ അവരുടെ ഐക്യം നിലനില്‍ക്കില്ല.

സ്നേഹത്തിന്റെ കൂട്ടായ്മയില്‍ നിന്ന്‍ വ്യതിചലിക്കുന്ന പ്രവര്‍ത്തികള്‍ ദമ്പതികള്‍ ചെയ്യുന്നത് ഖേദകരമാണ്. എന്നാല്‍ തന്റെ അവിശ്വസ്ത ഗണമായ നമ്മോടുള്ള ദൈവത്തിന്റെ പ്രവര്‍ത്തികള്‍ നമ്മളെ പഠിപ്പിക്കുന്നത്, ക്ഷമയാലും കാരുണ്യത്താലും മുറിവേറ്റ സ്നേഹത്തെ സൗഖ്യപ്പെടുത്തുവാന്‍ കഴിയുമെന്നാണ്. അതിനാല്‍ ഇത്തരം സാഹചര്യങ്ങളില്‍ ഉടന്‍ തന്നെ നമുക്ക് ശിക്ഷവിധിക്കുവാനല്ല സഭ വിളിക്കപ്പെട്ടിരിക്കുന്നത്. അതിനാല്‍ മുറിവേറ്റതും തകര്‍ന്നതുമായ ഹൃദയങ്ങളെ തിരിച്ച് ദൈവത്തിലേക്ക് ആനയിക്കുവാന്‍ തിരുസഭ ശ്രമിക്കുന്നുവെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. കാല്‍ ലക്ഷത്തോളം പേര്‍ പാപ്പായുടെ ത്രികാലജപ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തുവെന്നാണ് വത്തിക്കാന്റെ അനുമാനം.

More Archives >>

Page 1 of 372