News - 2024

മെത്രാന്മാരുടെ സിനഡിന്റെ വിജയത്തിനായി പ്രാര്‍ത്ഥനയുമായി പോളിഷ് യുവത്വം

സ്വന്തം ലേഖകന്‍ 10-10-2018 - Wednesday

വാര്‍സോ, പോളണ്ട്: യുവജനങ്ങളെ കേന്ദ്രീകരിച്ച് ഒക്ടോബര്‍ മൂന്നിന് റോമില്‍ ആരംഭിച്ച മെത്രാന്മാരുടെ സിനഡിന്റെ വിജയത്തിനായി നാല്‍പ്പതിനായിരത്തോളം വരുന്ന പോളിഷ് യുവജനങ്ങളുടെ പ്രാര്‍ത്ഥന. ശനിയാഴ്ച പോളണ്ടിന്റെ തലസ്ഥാനമായ വാര്‍സോയിലെ നാഷ്ണല്‍ സ്റ്റേഡിയത്തിലാണ് സിനഡ് ആരംഭിച്ചതിനു ശേഷമുണ്ടായ ഏറ്റവും വലിയ യുവജനകൂട്ടായ്മ നടന്നത്. 12 മണിക്കൂര്‍ നീണ്ട പരിപാടിയില്‍ പ്രാര്‍ത്ഥനയും, കോണ്‍ഫറന്‍സുകളും, സാക്ഷ്യങ്ങളും, സംഗീതവും, കലാപരിപാടികളും ഉള്‍പ്പെട്ടിരുന്നു.

പ്രാര്‍ത്ഥനാ റാലിക്ക് പുറമേ പ്രത്യേകം നിയോഗിക്കപ്പെട്ട യുവതീയുവാക്കളുടെ ഒരു സംഘം ബ്ലാക്ക് മഡോണ എന്ന പേരില്‍ അറിയപ്പെടുന്ന പരിശുദ്ധ കന്യകാമാതാവിന്റെ രൂപമുള്‍ക്കൊള്ളുന്ന സെസ്റ്റോച്ചോവായിലെ ജസ്ന ഗോരാ ദേവാലയത്തില്‍ വെച്ച് സിനഡിന്റെ പിന്നിലെ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥന നടത്തി. മെത്രാന്‍മാരുടെ സിനഡുമായി ആത്മീയ ബന്ധം സ്ഥാപിക്കുക, സിനഡിനുവേണ്ടി പ്രാര്‍ത്ഥിക്കുക എന്നതാണ് പരിപാടിയുടെ പിന്നിലെ ലക്ഷ്യമെന്ന്‍ പോളണ്ടിലെ പ്രാര്‍ത്ഥനാ കൂട്ടായ്മയുടെ സംഘാടകരിലൊരാളായ ഫാ. റഫാല്‍ ജാരോസേവിച്ച് പറഞ്ഞു.

ഒക്ടോബര്‍ 28-ന് അവസാനിക്കുന്ന സിനഡിനുവേണ്ടിയുള്ള പ്രാര്‍ത്ഥനായജ്ഞത്തില്‍ ഇതുവരെ പോളണ്ടിലെ ഏതാണ്ട് 1,22,000-ത്തോളം യുവജനങ്ങള്‍ പങ്കെടുത്തുവെന്നാണ് അനുമാനിക്കുന്നത്. കൂട്ടായ്മയോടനുബന്ധിച്ചുണ്ടായിരുന്ന വിശുദ്ധ കുര്‍ബാനക്ക് വാര്‍സോയിലെ കാസിമിയേഴ്സ് കര്‍ദ്ദിനാള്‍ നേതൃത്വം നല്‍കി. സിനഡ് നിങ്ങളെക്കുറിച്ചും, നിങ്ങള്‍ക്ക് വേണ്ടിയുള്ളതുമാണെന്നും നിങ്ങളിലാണ് സഭയുടേയും ലോകത്തിന്റേയും പ്രതീക്ഷയെന്നും കര്‍ദ്ദിനാള്‍ കൂട്ടായ്മയില്‍ പറഞ്ഞു. മെത്രാന്‍മാരുടെ സിനഡില്‍ പോളിഷ് മെത്രാന്‍മാരും പങ്കെടുക്കുന്നുണ്ട്. തലമുറകള്‍ തമ്മിലുള്ള ബന്ധം, സമൂഹമാധ്യമങ്ങള്‍, കായികം, അജപാലക ശുശ്രൂഷ തുടങ്ങിയ വിഷയങ്ങളിലേക്ക് പോളണ്ടില്‍ നിന്നുള്ള മെത്രാന്മാര്‍ സിനഡിന്റെ ശ്രദ്ധയെ ക്ഷണിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

More Archives >>

Page 1 of 373