News
മനുഷ്യത്വം ഇല്ലാതെ പാക്ക് ജനത: ആസിയ ബീബിയെ വധിക്കണമെന്ന് ആവശ്യപ്പെട്ട് റാലി
സ്വന്തം ലേഖകന്‍ 17-10-2018 - Wednesday
ലാഹോര്‍: വ്യാജ മതനിന്ദ കുറ്റം ചുമത്തി വധശിക്ഷക്ക് വിധിക്കപ്പെട്ട് പാക്കിസ്ഥാനില്‍ ജയിലില്‍ കഴിയുന്ന ക്രൈസ്തവ വനിത ആസിയ ബീബിയെ വധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ലാഹോറില്‍ റാലി. മതനിന്ദക്കെതിരെ പ്രവര്‍ത്തിക്കുന്ന തെഹരീക് ഇ-ലബായിക് പാകിസ്ഥാന്‍ (TLP) എന്ന പാര്‍ട്ടിയാണ് ഒക്ടോബര്‍ 12 വെള്ളിയാഴ്ച റാലി സംഘടിപ്പിച്ചത്. കറാച്ചിയിലും, റാവല്‍പിണ്ടിയിലും സമാനമായ പ്രതിഷേധങ്ങള്‍ ഉണ്ടായി എന്നാണു വിവിധ പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആസിയാ ബീബിയുടെ അവസാന അപ്പീല്‍ സുപ്രീം കോടതി പരിഗണിച്ച സാഹചര്യത്തിലാണ് റാലി സംഘടിപ്പിച്ചത്. ക്രൈസ്തവ വനിത ആസിയയെ വധിക്കുക എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ വഹിച്ചാണ് റാലി നടന്നത്.
ആസിയ ബീബിയെ ജയിലിനുള്ളില്‍ കൊലപ്പെടുത്തുന്നവര്‍ക്ക് അഞ്ചു ലക്ഷം രൂപ നല്‍കാമെന്ന് ഒരു മുസ്ലീം പണ്ഡിതന്‍ നേരത്തെ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. സമാനമായ പ്രതികരണം നടത്തിയവരും നിരവധിയാണ്. ഇക്കഴിഞ്ഞ തിങ്കളാഴ്ച നടന്ന വിചാരണയില്‍ തീരുമാനത്തിലെത്തിയിട്ടുണ്ടെങ്കിലും അന്തിമ വിധി ഇതുവരെ വന്നിട്ടില്ല. ബീബി മോചിപ്പിക്കപ്പെടുകയാണെങ്കില്‍ രാജ്യം വിടാന്‍ അനുവദിക്കരുതെന്ന ഒരു പരാതിയും തങ്ങള്‍ക്ക് കിട്ടിയിട്ടുണ്ടെന്ന് കോടതി അന്ന്‍ വെളിപ്പെടുത്തിയിരിന്നു.
പാക്കിസ്ഥാനിൽ 1985ൽ നിലവിൽ വന്ന മത നിന്ദാനിയമം അനുസരിച്ച് ഒരാൾ ദൈവനിന്ദ നടത്തിയതായി മറ്റൊരാൾ ചൂണ്ടിക്കാട്ടിയാൽപോലും നിയമത്തിന്റെ വലയിൽ കുടുങ്ങും. ന്യൂനപക്ഷങ്ങളെ അമര്‍ച്ച ചെയ്യാന്‍ തീവ്ര ഇസ്ലാം മതസ്ഥര്‍ നിയമം ദുരുപയോഗം ചെയ്യുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരിന്നു. നിയമത്തിനെതിരെ നിലപാടെടുത്ത പഞ്ചാബിലെ ഗവർണർ സൽമാൻ തസീർ ജയിലിലായ ആസിയയെ സന്ദർശിച്ചിരുന്നു. ഇതിന് ശേഷം 2011ൽ അദ്ദേഹം കൊല്ലപ്പെട്ടിരിരുന്നു.