News - 2024
പശ്ചിമേഷ്യയിൽ ക്രെെസ്തവർക്ക് ഇത് അന്ധകാരത്തിന്റെ നാളുകൾ: ഇസ്രായേൽ പ്രസിഡന്റ്
സ്വന്തം ലേഖകന്‍ 18-10-2018 - Thursday
ജെറുസലേം: പശ്ചിമേഷ്യയിൽ ക്രെെസ്തവർക്ക് അനുഭവിക്കേണ്ടി വരുന്ന പീഡനങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് ഇസ്രായേൽ പ്രസിഡന്റ് റൂവൻ റിവലിൻ. ക്രെെസ്തവർക്ക് ഇത് അന്ധകാരത്തിന്റെ നാളുകളാണെന്നാണ് പ്രസിഡന്റിന്റെ വസതിയിൽ നടന്ന ക്രെെസ്തവ മാധ്യമ പ്രവർത്തകരുടെ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞത്. മേഖലയിലെ അസമാധാനത്തിന് ക്രെെസ്തവർ വലിയ വിലയാണ് നൽകേണ്ടി വരുന്നതെന്നും അതേസമയം ഇസ്രായേലിൽ വലിയ സഹിഷ്ണുതയാണ് അനുഭവിക്കുന്നതെന്നും റൂവൻ റിവലിൻ കൂട്ടിച്ചേർത്തു. ക്യൂസർ അൽ യഹൂദ് എന്ന പേരിൽ അറിയപ്പെടുന്ന യേശു യോഹന്നാനിൽ നിന്നും മാമ്മോദീസാ സ്വീകരിച്ച ജോർദാൻ നദിയുടെ ഭാഗമായ സ്ഥലത്ത് ഇസ്രായേൽ സർക്കാർ നടത്തിയ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഈ സഹിഷ്ണുതയുടെ ഭാഗമാണെന്നും റൂവൻ റിവലിൻ ചൂണ്ടിക്കാട്ടി.
അമേരിക്ക തങ്ങളുടെ കാര്യാലയം ടെൽ അവീവിൽ നിന്നും ജറുസലേമിലേയ്ക്ക് മാറ്റിയ കാര്യവും ഇസ്രായേൽ പ്രസിഡന്റ് പരാമർശിച്ചു. കൂടുതൽ രാജ്യങ്ങൾ അമേരിക്കയുടെ മാതൃക പിന്തുടർന്ന് അവരുടെ രാജ്യത്തിന്റെ കാര്യാലയങ്ങൾ ജറുസലേമിലേയ്ക്ക് മാറ്റുമെന്നും റൂവൻ റിവലിൻ വിശ്വാസം പ്രകടിപ്പിച്ചു. ഞായറാഴ്ച സമ്മേളനത്തിൽ പ്രസംഗിച്ച ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പശ്ചിമേഷ്യയിൽ ക്രെെസ്തവർക്ക് സംരക്ഷണം നല്‍കുന്ന ഏക രാജ്യം ഇസ്രായേലാണെന്ന് പറഞ്ഞിരുന്നു.