News
ദേശീയ മാധ്യമത്തിൽ സംപ്രേക്ഷണം ചെയ്യുന്ന പ്രാർത്ഥന അവസാനിപ്പിക്കരുതെന്ന് ഐറിഷ് ജനത
സ്വന്തം ലേഖകന്‍ 30-10-2018 - Tuesday
ഡബ്ലിന്‍: റേഡിയോ ടെലിഫിസ് ഐറന്‍ അഥവാ ആർടിഇ ദേശീയ മാധ്യമത്തിൽ ദിനംപ്രതി സംപ്രേക്ഷണം ചെയ്യുന്ന പ്രാർത്ഥന അവസാനിപ്പിക്കരുതെന്ന് അയർലണ്ടിലെ ജനങ്ങൾക്കിടയിൽ നടത്തിയ എക്സിറ്റ് പോൾ ഫലം. എക്സിറ്റ് പോളിൽ പങ്കെടുത്ത മൂന്നിൽ രണ്ട് ആളുകളും ആഞ്ചലസ് അഥവാ 'കര്‍ത്താവിന്റെ മാലാഖ' എന്ന കത്തോലിക്ക സഭയുടെ പരമ്പരാഗത പ്രാർത്ഥനാ ക്രമം നിലനിർത്തണം എന്നു ആവശ്യപ്പെട്ടു. എക്സിറ്റ് പോളിൽ പങ്കെടുത്ത അറുപത്തിയെട്ടു ശതമാനം ആളുകളും ആഞ്ചലസ് പ്രാർത്ഥനാ ക്രമം തുടരണം എന്നു അഭിപ്രായപ്പെട്ടു. വെറും ഇരുപത്തിയൊന്നു ശതമാനം ആളുകൾ മാത്രമാണ് ആഞ്ചലസ് പ്രാർത്ഥന ദേശീയ മാധ്യമത്തിൽ സംപ്രേക്ഷണം ചെയ്യരുതെന്ന് അഭിപ്രായപ്പെട്ടത്.
11% ആളുകള്‍ സര്‍വ്വേയില്‍ അഭിപ്രായം രേഖപ്പെടുത്തിയില്ല. കത്തോലിക്ക ഭൂരിപക്ഷ രാജ്യമായ അയര്‍ലണ്ടില്‍ ക്രൈസ്തവ വിശ്വാസത്തിന് പ്രചാരം കുറഞ്ഞെങ്കിലും വിശ്വാസ പാരമ്പര്യത്തെ ജനത ഇപ്പോഴും കൈവിട്ടിട്ടില്ലായെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 1962 മുതല്‍ അനുദിനം വൈകീട്ട് 6മണിക്ക് ആർടിഇ ദേശീയ മാധ്യമത്തിൽ ഈ പ്രാര്‍ത്ഥന സംപ്രേക്ഷണം ചെയ്തുവരികയായിരിന്നു. പന്ത്രണ്ടാം നൂറ്റാണ്ടിലാണ് 'നൻമനിറഞ്ഞ മറിയമേ സ്വസ്തി' എന്ന പ്രാർത്ഥനയെ അടിസ്ഥാനപ്പെടുത്തി, ആഞ്ചലസ് പ്രാർത്ഥനാ ക്രമം രൂപപ്പെട്ടത്. വെെകിട്ട് ദേവാലയ മണിനാദത്തിന് ശേഷമാണ് ആളുകൾ സാധാരണയായി ആഞ്ചലസ് പ്രാർത്ഥന ചൊല്ലുന്നത്.