News
‘ഫോളോ ജീസസ് ക്രൈസ്റ്റ് ഗോ’: കത്തോലിക്ക സഭയുടെ സ്വന്തം പോക്കിമോന്‍ പുറത്തിറങ്ങി
സ്വന്തം ലേഖകന്‍ 27-10-2018 - Saturday
വത്തിക്കാന്‍ സിറ്റി: കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ സ്വാധീനിച്ച ‘പോക്കിമോന്‍ ഗോ’ എന്ന വീഡിയോ ഗെയിമിന്റെ ചുവടുപിടിച്ച് വത്തിക്കാന്‍ പിന്തുണയോട് കൂടി കത്തോലിക്ക സഭയുടെ സ്വന്തം ഗെയിം പുറത്തിറങ്ങി. ‘ഫോളോ ജെ സി ഗോ’ അഥവാ ‘ഫോളോ ജീസസ് ക്രൈസ്റ്റ്’ എന്ന് പേരിട്ടിരിക്കുന്ന ഈ ഗെയിം കുട്ടികളെ വിശ്വാസവുമായി അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഫ്രാന്‍സിസ് പാപ്പായുടെ ആശീര്‍വാദത്തോടെ 2019-ലെ ലോകയുവജന ദിനാഘോഷത്തെ മുന്നില്‍ കണ്ടുകൊണ്ട് ‘റാമോണ്‍ പാനെ ഫൗണ്ടേഷന്‍’ എന്ന മിനിസ്ട്രിയാണ് ഗെയിം വികസിപ്പിച്ചിരിക്കുന്നത്. ഗെയിമിന്റെ സ്പാനിഷ് പതിപ്പാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. ഇംഗ്ലീഷ് ഉള്‍പ്പെടെ മറ്റ് ഭാഷകളിലെ പതിപ്പുകള്‍ അധികം താമസിയാതെ തന്നെ പുറത്തിറക്കും. ആന്‍ഡ്രോയിഡിലും, ആപ്പിളിന്റെ ഐഓഎസിലും പ്രവര്‍ത്തിക്കുന്ന ഈ ഗെയിം സൗജന്യമാണ്.
പോക്കിമോനില്‍ ഉപയോഗിച്ചിരിക്കുന്ന ജിപിഎസ് ട്രാക്കിംഗ്, യഥാർത്ഥ ലോകത്തിലേക്ക് കംപ്യൂട്ടറിനാല്‍ സൃഷ്ടിക്കപ്പെട്ട ചിത്രങ്ങൾ കൂടിചേര്‍ത്ത് മായാപ്രപഞ്ചം സൃഷ്ടിക്കുന്ന ‘ഓഗ്മെന്റഡ് റിയാലിറ്റി’ (AR) എന്നീ സാങ്കേതികവിദ്യകള്‍ തന്നെയാണ് ‘ഫോളോ ജെ സി ഗോ’യിലും ഉപയോഗിച്ചിരിക്കുന്നത്. പോക്കിമോനിലെ മ്യൂടൂ, പിക്കാച്ചു പോലെയുള്ള ജീവികള്‍ക്ക് പകരം ‘ഫോളോ ജെ സി ഗോ’ കളിക്കുന്നവര്‍ കണ്ടുപിടിക്കേണ്ടത് പൗലോസിനെ പോലെയുള്ള വിശുദ്ധരേയും, മോശയെ പോലുള്ള ബൈബിള്‍ കഥാപാത്രങ്ങളേയുമാണെന്നു ശ്രദ്ധേയമാണ്.
43 ഡിസൈനര്‍മാര്‍, ദൈവശാസ്ത്രജ്ഞര്‍, ബൈബിള്‍ പണ്ഡിതന്മാര്‍, സഭാചരിത്രകാരന്മാര്‍ അടങ്ങിയ ഒരു വലിയ സംഘം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ ഏതാണ്ട് മുപ്പത്തിരണ്ടായിരത്തോളം മണിക്കൂറുകള്‍ കഠിനമായി പരിശ്രമിച്ചതിന്റെ ഫലമാണ് ഗെയിം. ഗെയിം പുറത്ത് വരുന്നതോടെ കുട്ടികള്‍ വിശുദ്ധരെയും, ബൈബിള്‍ കഥാപാത്രങ്ങളേയും അന്വേഷിച്ച് തെരുവുകളിലൂടെ നടക്കുന്നത് കാണാം. 2016-ല്‍ പോക്കിമോന്‍ പുറത്തിറക്കിയതിനു ശേഷം 50 കോടി ആളുകളാണ് പോക്കിമോന്‍ ഡൌണ്‍ലോഡ് ചെയ്തത്. ഇതിനു സമാനമായ ‘ഫോളോ ജെ സി ഗോ’യും വന്‍ വിജയമാകുമെന്നാണ് ഗെയിമിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നവരുടെ പ്രതീക്ഷ.