News - 2024
“യൂറോപ്പിന്റെ ഇസ്ലാമികവത്കരണത്തിന്റെ കാരണം സഭയുടെ മയക്കം": തുറന്ന് പറഞ്ഞ് ആഫ്രിക്കന്‍ മെത്രാന്‍
സ്വന്തം ലേഖകന്‍ 26-10-2018 - Friday
വത്തിക്കാന്‍: യൂറോപ്പ് ഇസ്ലാമികവത്കരിക്കപ്പെട്ട് കൊണ്ടിരിക്കുന്നതിന്റെ കാരണം സഭയുടെ നിദ്രയാണെന്നും, യൂറോപ്പിലെ ജനനനിരക്കിലെ കുറവ് സൂചിപ്പിക്കുന്നത് സ്വന്തം നാശത്തെ തന്നെയാണെന്നും ആഫ്രിക്കന്‍ മെത്രാന്‍ ആന്‍ഡ്ര്യൂ ഇങ്കീ ഫുവാന്യ. യുവജനങ്ങളെ കേന്ദ്രീകരിച്ചു വത്തിക്കാനിൽ നടക്കുന്ന മെത്രാന്‍മാരുടെ സിനഡിനിടയില്‍ അമേരിക്കയിലെ കത്തോലിക്ക ദിനപത്രമായ നാഷണല്‍ കാത്തലിക് രജിസ്റ്ററിന് നല്‍കിയ അഭിമുഖത്തിലാണ് കാമറൂണിലെ മാംഫെയിലെ മെത്രാനായ ഫുവാന്യ യൂറോപ്പിനെക്കുറിച്ചുള്ള തന്റെ ആശങ്കകള്‍ പങ്കുവെച്ചത്.
ഇസ്ലാമിക അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ ഞാന്‍ പറയുന്നു. ചരിത്രത്തില്‍ ഉടനീളം നോക്കിയാല്‍ എപ്പോഴൊക്കെ തിരുസഭ ഉറങ്ങുകയോ, സുവിശേഷത്തില്‍ നിന്നും വ്യതിചലിക്കുകയോ ചെയ്തിട്ടുണ്ടോ, അപ്പോഴൊക്കെ ഇസ്ലാം മതം ശക്തി പ്രാപിച്ചിട്ടുണ്ട്. യൂറോപ്പിലെ സഭ ഉറങ്ങുകയാണ്, ഇത് മുതലെടുത്ത് ഇസ്ലാം നുഴഞ്ഞുകയറിക്കൊണ്ടിരിക്കുകയാണ്. ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കുള്ള പ്രതിരോധശേഷി യൂറോപ്പിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യൂറോപ്പിന്റെ ജനസംഖ്യാപരമായ പിന്നോക്കത്തെക്കുറിച്ച് സിനഡ് പിതാക്കന്‍മാര്‍ ചര്‍ച്ച ചെയ്തില്ലെന്നും, യുവാക്കളെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയകാര്യമാണെന്നും മെത്രാന്‍ പറഞ്ഞു. ക്രിസ്ത്യന്‍ യൂറോപ്പിന്റെ അപ്രത്യക്ഷമാകല്‍ ആഗോളതലത്തില്‍ ഒരു മോശം പ്രതിച്ഛായയാണ് സൃഷ്ടിച്ചിരിക്കുന്നത്. യൂറോപ്പ് ഇസ്ലാമികവത്കരിക്കപ്പെടുകയാണ്, ആഫ്രിക്കയേയും ഇത് ബാധിക്കും. അതേസമയം സത്യത്തില്‍ വെള്ളം ചേര്‍ക്കുന്ന പരിപാടി ആഫ്രിക്കയിൽ ചിലവാകില്ലെന്നും, യുവാക്കളെ സഭയുമായി അടുപ്പിക്കുവാന്‍ നേരിട്ടുള്ള ചര്‍ച്ചകളാണ് വേണ്ടതെന്ന നിര്‍ദ്ദേശവും അദ്ദേഹം മുന്നോട്ടുവച്ചു.
നൈജീരിയയും, ചാഡ്‌മായും അതിര്‍ത്തി പങ്കിടുന്ന കാമറൂണില്‍ നിന്നുമുള്ള മെത്രാനായ ഫുവാന്യ, ബൊക്കോഹറാം പോലെയുള്ള ഇസ്ലാമിക ഭീകര സംഘടനകളുടെ വര്‍ഗ്ഗീയതയും ആക്രമണങ്ങളുടെ തീവ്രതയും നേരിൽ കണ്ടിട്ടുള്ള ആളാണ്. അതിനാൽ ഏറെ ശ്രദ്ധയോടെയാണ് അദ്ദേഹത്തിന്റെ പ്രസ്താവനയെ ഏവരും ഉറ്റുനോക്കുന്നത്.