News - 2024
മദ്ധ്യകാല തീർത്ഥാടന വഴിയെ സിനഡ് അംഗങ്ങള്‍
സ്വന്തം ലേഖകന്‍ 27-10-2018 - Saturday
വത്തിക്കാന്‍ സിറ്റി: യുവജനങ്ങളെ കേന്ദ്രീകരിച്ചു വത്തിക്കാനിൽ നടക്കുന്ന മെത്രാൻമാരുടെ സിനഡ് നാളെ സമാപിക്കുവാന്‍ ഇരിക്കെ മെത്രാൻമാരും, സിനഡിൽ പങ്കെടുക്കുന്ന യുവജന പ്രതിനിധികളും റോമിലെ മദ്ധ്യകാല തീർത്ഥാടന വഴിയെ വിശുദ്ധ പത്രോസിന്റെ ശവകുടീരത്തിലേയ്ക്ക് തീർത്ഥാടനം നടത്തി. ഫ്രാൻസിഞ്ചന എന്നറിയപ്പെടുന്ന മദ്ധ്യകാല തീർത്ഥാടന വഴിയുടെ അവസാന അഞ്ചു മെെലുകൾ ഒക്ടോബർ ഇരുപത്തിഅഞ്ചാം തീയതിയാണ് തീർത്ഥാടകർ പിന്നിട്ടത്.
തീര്‍ത്ഥാടനം ഏറ്റവും അനുഭവവേദ്യമായതായി വിവിധ പ്രതിനിധികള്‍ പ്രതികരിച്ചു. തീർത്ഥാടനം സിനഡിൽ നിന്നും മനസ്സിലാക്കിയതും, അനുഭവിച്ച് അറിഞ്ഞതും, എങ്ങനെ പ്രതിഫലിപ്പിക്കാം എന്നുള്ളത് പര്യാലോചിക്കാനുളള നിമിഷങ്ങളായിരിന്നുവെന്ന് ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ നിന്നും എത്തിയ ഫാ. ജൂലസ് ബോട്രോസ് എന്ന വൈദികന്‍ പറഞ്ഞു. തീർത്ഥാടന വഴിയിൽ ജപമാലയും ഇതര പ്രാർത്ഥനകളും, സുവിശേഷ വിചിന്തനവും ഉണ്ടായിരുന്നു.
തീർത്ഥാടനത്തിനൊടുവിൽ യാത്രാസംഘം വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയോടൊപ്പം വിശുദ്ധ കുർബാനയിലും പങ്കുചേര്‍ന്നു. ഇംഗ്ലണ്ടിലെ കാൻറ്റർബെറി കത്തീഡ്രലിൽ നിന്നും ഫ്രാൻസും, സ്വിറ്റ്സർലൻഡും പിന്നിട്ട് പത്രോസിന്റെ ശവകുടീരത്തിൽ എത്തി ചേരുന്നതാണ് ഫ്രാൻസിഞ്ചന തീർത്ഥാടന വഴി. ഒൻപതാം നൂറ്റാണ്ടിലാണ് ഈ വഴിയെ രേഖപ്പെടുത്തിയ ആദ്യത്തെ തീർത്ഥാടനം നടന്നത്.