News - 2024

ഗർഭസ്ഥ ശിശുക്കളുടെ ജീവൻ സംരക്ഷിക്കുന്ന നയം പിന്തുടരും: യുഎന്നിൽ അമേരിക്ക

സ്വന്തം ലേഖകന്‍ 07-11-2018 - Wednesday

ജനീവ: ഗർഭസ്ഥ ശിശുക്കളെ സംരക്ഷിക്കുന്ന നയം പിന്തുടരുമെന്ന് ഐക്യരാഷ്ട്ര സഭയില്‍ ആവര്‍ത്തിച്ച് അമേരിക്ക. ഒാരോ വർഷവും യുഎന്നിലെ അംഗ രാജ്യങ്ങൾ സാമൂഹ്യ വിഷയങ്ങളിൽ സ്വീകരിക്കേണ്ട നിലപാടുകൾ സംബന്ധിച്ചും യുഎന്നിൽ നിന്നും സാമൂഹ്യ പ്രവർത്തനങ്ങൾക്കായി അംഗ രാജ്യങ്ങൾക്കു നൽകുന്ന തുക ഏതുതരത്തിലാണ് വിനിയോഗിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ചും "ആന്വൽ യുണൈറ്റഡ് നേഷൻസ് ഹ്യൂമാനിറ്റേറിയൻ അസിസ്റ്റൻസ് ഒമ്നിബസ് റെസല്യൂഷൻ" എന്ന പേരിൽ പാസാക്കുന്ന പ്രമേയം സംബന്ധിച്ചുള്ള കൂടിയാലോചനകൾ നടക്കുന്നതിനിടെയാണ് യുഎന്നിലെ അമേരിക്കൻ പ്രതിനിധി നിക്കി ഹേലിയുടെ വക്താവ്‌ ആൻഡ്രിയ സ്റ്റാൻഫോഡ് നിലപാട് വ്യക്തമാക്കിയത്.

2015- മുതൽ പ്രമേയത്തെ അടിസ്ഥാനപ്പെടുത്തി സ്ത്രീകൾക്കും പെൺകുട്ടികൾക്കും ലെെംഗീക കാര്യങ്ങളിലും പ്രത്യുത്‌പാദനവുമായി ബന്ധപ്പെട്ട കാര്യങ്ങളിലുമുളള ആരോഗ്യ പരിപാലനത്തിനായി സഹായം നൽകാൻ യുഎൻ അംഗ രാജ്യങ്ങളെ പ്രോത്സാഹിപ്പിക്കാറുണ്ട്. ഗര്‍ഭഛിദ്രം ചെയ്യാനും ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിക്കാനും വലിയ പ്രോത്സാഹനമാണ് യുഎൻ ഇതിലൂടെ അംഗ രാജ്യങ്ങളിലെ ജനങ്ങൾക്കു നൽകുന്നത്. യുഎൻ പ്രമേയങ്ങൾ അന്താരാഷ്ട്ര നിയമം അല്ലെങ്കിലും തുടർച്ചയായി ഗര്‍ഭഛിദ്രത്തെയും ഗർഭനിരോധന മാർഗങ്ങളുടെ ഉപയോഗത്തെയും പ്രോത്സാഹിപ്പിച്ചു കൊണ്ടുള്ള പ്രമേയങ്ങൾ ഗര്‍ഭഛിദ്രം ഒരു മനുഷ്യാവകാശമാക്കി മാറ്റുമോ എന്ന ഭയം പ്രോലൈഫ് പ്രവര്‍ത്തകരെ അലട്ടുന്നുന്നുണ്ട്.

അതിനാൽ പ്രസ്തുത വിഷയങ്ങളെ സംബന്ധിച്ച പരാമര്‍ശം യുഎൻ പ്രമേയത്തിന്റെ കരടു രേഖയിൽ നിന്നും നിക്കി ഹേലി ഇടപെട്ട് നീക്കം ചെയ്യുവാന്‍ സാധ്യതയുണ്ടെന്ന നിരീക്ഷണം നിലനില്‍ക്കുന്നുണ്ട്. പരാമര്‍ശം നീക്കം ചെയ്യുമോയെന്ന് ഹേലിയുടെ വക്താവ്‌ സൂചിപ്പിച്ചില്ലെങ്കിലും, ഗർഭസ്ഥ ശിശുക്കളുടെ ജീവൻ രക്ഷിക്കാൻ ഐക്യരാഷ്ട്ര സഭയില്‍ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്ന്‍ ആൻഡ്രിയ സ്റ്റാൻഫോഡ് കാത്തലിക് ന്യൂസ് ഏജന്‍സിയോട് വ്യക്തമാക്കി.

More Archives >>

Page 1 of 382