News - 2024

'പാവങ്ങളുടെ ആഗോള ദിന'ത്തോടനുബന്ധിച്ച് റോമില്‍ വീണ്ടും സൗജന്യ ചികിത്സ

സ്വന്തം ലേഖകന്‍ 14-11-2018 - Wednesday

റോം: കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി ഈ വര്‍ഷവും പാവങ്ങളുടെ ആഗോള ദിന(വേള്‍ഡ് ഡേ ഓഫ് ദി പുവര്‍)ത്തോടനുബന്ധിച്ച് വത്തിക്കാന്‍ സെന്റ്‌ പീറ്റേഴ്സ് സ്ക്വയറിനു സമീപം താല്‍ക്കാലിക സൗജന്യ ആശുപത്രി സജ്ജീകരിക്കും. നവംബര്‍ 18-ന് ആരംഭിക്കുന്ന താല്‍ക്കാലിക ആശുപത്രി ഒരാഴ്ചത്തേക്ക് ഉണ്ടായിരിക്കുന്നതാണ്. പാവങ്ങള്‍ക്കായി സജ്ജമാക്കിയിട്ടുള്ള ആശുപത്രിയില്‍ കാര്‍ഡിയോളജി, ഡെര്‍മാറ്റോളജി, റ്യൂമാറ്റോളജി, ഗൈനക്കോളജി എന്നിവക്ക് പുറമേ നേത്രചികിത്സയിലും, പാദ ചികിത്സയിലും വിദഗ്ദരായ ഡോക്ടര്‍മാരുടെ സേവനം സൗജന്യമായി നല്‍കും.

“ഈ എളിയവന്‍ നിലവിളിച്ചു, കര്‍ത്താവ് കേട്ടു, എല്ലാ കഷ്ട്ടതകളില്‍ നിന്ന്‍ അവനെ രക്ഷിക്കുകയും ചെയ്തു” (സങ്കീര്‍ത്തനം 34:6) എന്ന ബൈബിള്‍ വാക്യമാണ് ഈ വര്‍ഷത്തെ പാവങ്ങളുടെ ആഗോള ദിനത്തിന്റെ മുദ്രാവാക്യം. വരുന്ന ഞായറാഴ്ച ഫ്രാന്‍സിസ് പാപ്പ സെന്റ്‌ പീറ്റേഴ്സ് ബസലിക്കയില്‍ വെച്ച് ഭവനരഹിതര്‍ക്കായി ഒരു പ്രത്യേക കുര്‍ബാന അര്‍പ്പിക്കുന്നതാണ്. അതിനു ശേഷം വത്തിക്കാനില്‍ വെച്ച് റോമിലെ ഹില്‍ട്ടണ്‍ ഹോട്ടല്‍ നല്‍കുന്ന വിരുന്നിലും പാപ്പ പങ്കെടുക്കും. പാവങ്ങളും, ഭവനരഹിതരുമായ ഏതാണ്ട് മൂവായിരത്തോളം പേര്‍ വിരുന്നില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കരുണയുടെ വര്‍ഷത്തിന്റെ സമാപന വേളയില്‍ വെച്ചാണ് ഫ്രാന്‍സിസ് പാപ്പ ‘പാവങ്ങളുടെ ആഗോള ദിനം’ പ്രഖ്യാപനം നടത്തിയത്. ക്രിസ്തുവിന്റെ കാരുണ്യ പ്രവര്‍ത്തികള്‍ക്ക് ലോകം മുഴുവനുമുള്ള ക്രിസ്ത്യാനികള്‍ സാക്ഷികളാകണമെന്ന ആഗ്രഹമാണ് പാവങ്ങളുടെ ആഗോള ദിന പ്രഖ്യാപനത്തിന് പാപ്പായെ പ്രേരിപ്പിച്ചത്. രണ്ടാമത്തെ പാവങ്ങളുടെ ആഗോള ദിനമാണ് ഈ വര്‍ഷം ആചരിക്കുന്നത്.

More Archives >>

Page 1 of 385