News - 2024

പ്രാർത്ഥനയുടെ ശക്തിയ്ക്ക് താൻ സാക്ഷ്യം വഹിച്ചു: ഫാ. ടോം ഉഴുന്നാലിൽ

സ്വന്തം ലേഖകന്‍ 12-11-2018 - Monday

ബാംഗ്ലൂർ: പ്രാർത്ഥനയുടെ ശക്തിയ്ക്കാണ് താൻ സാക്ഷ്യം വഹിച്ചതെന്ന്‍ ഒന്നര വര്‍ഷത്തെ ഭീകരരുടെ തടങ്കലില്‍ നിന്നു മോചിക്കപ്പെട്ട മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലില്‍. കാത്തലിക് ന്യൂസ് ഏജന്‍സിയുടെ സ്പാനിഷ് വിഭാഗമായ എ.സി.ഐ പ്രന്‍സയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തടവറയില്‍ നിന്നും മോചനത്തിനായി പ്രാർത്ഥിക്കുമ്പോഴും ദൈവഹിതം പൂർത്തിയാക്കാൻ കൃപ നല്കണമേയെന്ന് പൂർണ മനസ്സോടെ ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

യെമനിലെ ദേവാലയങ്ങൾ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്തിരുന്ന സാഹചര്യങ്ങൾക്ക് മാറ്റം വന്നുകൊണ്ടിരിക്കെയാണ്. എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവരെയും ഞാൻ നന്ദിയോടെ ഓർക്കുന്നു. പ്രതിസന്ധികളെ അതിജീവിച്ച് കടന്നുപോകാൻ സഹായിച്ചത് ഓരോരുത്തരുടേയും പ്രാർത്ഥനയാണ്. പതിനെട്ട് മാസങ്ങൾക്കിടയിൽ അഞ്ചോ ആറോ സ്ഥലങ്ങളിൽ താമസിപ്പിച്ചുവെങ്കിലും എവിടെയാണ് തങ്ങിയതെന്ന് വ്യക്തമല്ല. കൃത്യമായ ഇടവേളകളിൽ ഭക്ഷണവും വെള്ളവും നല്കിയ അവരുടെ മനസ്സിലെ നന്മയെ പ്രതി ഞാൻ ദൈവത്തിന് നന്ദി പറഞ്ഞു.

ഞാൻ ക്രിസ്ത്യാനിയാണെന്ന് അറിഞ്ഞപ്പോൾത്തന്നെ വധിക്കാമായിരുന്നിട്ടും ദൈവത്തിന് സാക്ഷ്യം നല്‍കാൻ ഞാൻ സ്വതന്ത്രനായി എന്നതു തന്നെ ദൈവത്തിന്റെ പരിപാലനയാണ്. ബന്ധനത്തിൽ നിന്നും മോചിതനായപ്പോൾ പ്രാർത്ഥനകൾക്ക് ഉത്തരം നല്കിയ അവിടുത്തെ ശക്തമായ അനുഗ്രഹത്തിനാണ് ഞാൻ സാക്ഷ്യം വഹിച്ചത്. മോചനത്തിനു ശേഷം ഫ്രാൻസിസ് പാപ്പയെ സന്ദർശിച്ചപ്പോൾ അദ്ദേഹത്തിന് മുന്നിൽ വികാരധീനനാവുകയും അദ്ദേഹം തനിക്ക് വേണ്ടി നടത്തിയ പ്രാർത്ഥനാപേക്ഷകൾക്ക് കൃതജ്ഞത അറിയുക്കുകയുമാണ് ചെയ്തത്.

പീഡനമനുഭവിക്കുന്ന ക്രൈസ്തവർക്ക് വേണ്ടി ഉപവാസ പ്രാർത്ഥനയോടെ ദൈവത്തിൽ വിശ്വാസമർപ്പിച്ച് പ്രാർത്ഥിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബാംഗ്ലൂരിൽ താമസിക്കുന്ന ഫാ.ടോം, യെമനിൽ പോകുക എന്നാണ് ദൈവത്തിന്റെ ഹിതം എങ്കിൽ അതിന് തയ്യാറാണെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. തടവറയിലെ അനുഭവങ്ങളടങ്ങിയ 'ദൈവ കൃപയാൽ' എന്ന അദ്ദേഹത്തിന്റെ പുസ്തകം ഈ വർഷാദ്യം പ്രസിദ്ധികരിച്ചിരിന്നു.


Related Articles »