India - 2024
വിജ്ഞാന കൈരളിയില്‍ ക്രൈസ്തവ വിശ്വാസത്തെ പരിഹസിക്കുന്നത് തുടര്‍ക്കഥ
സ്വന്തം ലേഖകന്‍ 14-11-2018 - Wednesday
തൃശൂര്‍: കുമ്പസാരത്തെ അധിക്ഷേപിച്ചു ലേഖനം പ്രസിദ്ധീകരിച്ച കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസിദ്ധീകരണമായ വിജ്ഞാന കൈരളിയില്‍ ബൈബിളിനെ ദുര്‍വ്യാഖ്യാനം ചെയ്തു വേറെയും ലേഖനം. ഓഗസ്റ്റ് ലക്കത്തില്‍ വിനു ഏബ്രഹാം എന്നയാള്‍ എഴുതിയ 'പൊളിച്ചെഴുത്തിന്റെ ദീപ്തവചനങ്ങള്‍' എന്ന തലക്കെട്ടോടു കൂടിയ ലേഖനത്തിലാണ് ബൈബിളിനെ മോശമായി രീതിയില്‍ വ്യാഖ്യാനിച്ചിരിക്കുന്നത്. വിജയന്‍ കോടഞ്ചേരി എഴുതിയ 'സോദോം: പാപത്തിന്റെ ശേഷപത്രം' എന്ന നോവലിന്റെ പഠനമെന്ന നിലയില്‍ എഴുതിയ ലേഖനത്തിലാണ് ബൈബിളിലെ പഴയനിയമ ഭാഗങ്ങളെ ദുര്‍വ്യാഖ്യാനം.
ബൈബിളിലെ പഴയനിയമത്തിലെ ലോത്തിന്റെയും കുടുംബത്തിന്റെയും അസാന്മാര്‍ഗിക കഥകളെ അശ്ലീലവത്കരിച്ചു വര്‍ണിച്ചാണ് ലേഖനം എഴുതിയിരിക്കുന്നത്. വിശ്വാസികളുടെ പിതാവായ അബ്രഹാം അസാന്മാര്‍ഗിക മാര്‍ഗങ്ങളിലൂടെയാണ് സ്വത്തു സമ്പാദിച്ചതെന്നു ലേഖനത്തില്‍ ആരോപിക്കുന്നു. സോദോം ഗൊമോറയുടെ ശത്രുക്കള്‍ അവിടത്തെ ഭൂരിഭാഗം സ്ത്രീകളെയും യുദ്ധവേളയില്‍ പിടിച്ചുകൊണ്ടുപോയതിനാല്‍ ഗതികേടുകൊണ്ടാണ് സോദോം നിവാസികള്‍ അസാന്മാര്‍ഗികളായതെന്നും അതിന് ഇടവരുത്തിയ യഹോവ തന്നെയാണു പാപത്തിനു കാരണക്കാരനെന്നും ലേഖനത്തില്‍ ദുര്‍വ്യാഖ്യാനം ചെയ്തിട്ടുണ്ട്. ക്രൈസ്തവ വിശ്വാസത്തെ പരിഹസിച്ച് ജനങ്ങളുടെ ചെലവില്‍ അച്ചടിക്കുന്ന സര്‍ക്കാരിന്റെ പ്രസിദ്ധീകരണത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.