News - 2025
വെനിസ്വേലന്‍ അടിച്ചമര്‍ത്തലില്‍ ജനങ്ങള്‍ക്ക് അഭയമായി കത്തോലിക്ക ദേവാലയങ്ങള്‍
സ്വന്തം ലേഖകന്‍ 26-01-2019 - Saturday
മാറ്റുരിനോ: വെനിസ്വേലന്‍ സര്‍ക്കാരിനെതിരെ ഉയര്‍ന്ന ശക്തമായ പ്രതിഷേധങ്ങളെ നാഷ്ണല്‍ ഗാര്‍ഡുകളേയും, പോലീസിനേയും ഉപയോഗിച്ച് അടിച്ചമര്‍ത്തുവാന്‍ തുടങ്ങിയതോടെ നൂറുകണക്കിന് ആളുകള്‍ക്ക് അഭയമായി കത്തോലിക്ക ദേവാലയങ്ങള്‍. മാറ്റുരിനിലെ നൂയെസ്ട്രാ സെനോര ഡെല്‍ കാര്‍മന്‍ കത്തീഡ്രലില്‍ മാത്രം എഴുന്നൂറോളം പേരാണ് ഇപ്പോഴുള്ളത്. വെനിസ്വേലയിലെ പ്രതിപക്ഷത്തിന്റെ നേതൃത്വത്തില്‍ ജനുവരി 23-ന് നടത്തിയ പ്രതിഷേധ റാലി അടിച്ചമര്‍ത്തുവാന്‍ സര്‍ക്കാര്‍ കടുത്ത നടപടികള്‍ സ്വീകരിച്ചതോടെയാണ് പ്രതിഷേധത്തെ പിന്തുണക്കുന്നവര്‍ മാറ്റുറിനിലെ ദേവാലയത്തിലെത്തിയത്.
ദേവാലയത്തിന് പുറത്ത് പോലീസ് ഉപരോധം തീര്‍ത്തതോടെ ദേവാലയത്തില്‍ തന്നെ ഇവര്‍ തുടരുകയായിരിന്നു. ഇതിനിടെ വെനിസ്വേലയിലെ എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സ് അക്രമങ്ങളുടെ നേര്‍സാക്ഷ്യമായ ഓഡിയോകളും, വീഡിയോകളും പുറത്തുവിട്ടു. ഇന്റര്‍ അമേരിക്കന്‍ കമ്മീഷന്‍ ഓണ്‍ ഹ്യുമന്‍ റൈറ്റ്സ് (CIDH) മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുവാന്‍ ഒരു അടിയന്തിര കമ്മീഷനെ തന്നെ നിയോഗിച്ചു കഴിഞ്ഞു. കാരക്കാസ്, ബാര്‍ക്വിസിമെറ്റോ, മാരകായിബോ, ബറിനാസ്, സാന്‍ ക്രിസ്റ്റൊബല്‍ തുടങ്ങിയ നഗരങ്ങളില്‍ വലിയ തോതിലാണ് പ്രതിഷേധക്കാര്‍ തടിച്ചു കൂടിയിരിക്കുന്നത്.
സംഘട്ടനങ്ങളും, സ്ഫോടനങ്ങളും കാരണം പല പ്രദേശങ്ങളിലേയും ആളുകള്‍ സ്വന്തം ഭവനങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. വെനിസ്വേലന്‍ പ്രസിഡന്റായ നിക്കോളാസ് മഡുറോക്കെതിരെ ശക്തമായ വികാരമാണ് ജനങ്ങള്‍ക്കുള്ളത്. അമേരിക്ക, കാനഡ, അര്‍ജന്റീന, ബ്രസീല്‍, പെറു, ഇക്വഡോര്‍, കോസ്റ്ററിക്ക, പരാഗ്വ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങള്‍ മഡുറോക്ക് പകരം പ്രതിപക്ഷ നേതാവ് ഗ്വായിദോയെ പ്രസിഡന്റായി അംഗീകരിച്ചു കഴിഞ്ഞു.
വെനിസ്വേലയുടെ സമാധാനത്തിനായി ഫ്രാന്‍സിസ് പാപ്പ നിരവധി തവണ ശബ്ദമുയര്‍ത്തിയിട്ടുണ്ട്. ലോക യുവജന സംഗമത്തിനായി പനാമയിലാണെങ്കിലും വെനിസ്വേലയില്‍ നിന്നും വരുന്ന വാര്‍ത്തകളെ പാപ്പ ശ്രദ്ധിച്ചു കൊണ്ടാണിരിക്കുന്നതെന്നും, രാജ്യത്തെ കഷ്ടതയനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വത്തിക്കാന്റെ പിന്തുണയുണ്ടായിരിക്കുമെന്നും വത്തിക്കാന്‍ പ്രസ്സ് ഓഫീസ് പ്രസ്താവനയില്‍ കുറിച്ചു.