News - 2025
അറേബ്യന്‍ മണ്ണില്‍ പാപ്പയോടൊപ്പം ദിവ്യബലി അര്‍പ്പിക്കാന്‍ മലയാളി വൈദികനും
സ്വന്തം ലേഖകന്‍ 31-01-2019 - Thursday
അബുദാബി: ഫെബ്രുവരി അഞ്ചിന് യുഎഇയിലെ സൈദ് സ്പോർട്സ് സിറ്റിയിൽ മാര്‍പാപ്പ അര്‍പ്പിക്കുന്ന വിശുദ്ധ ബലിയില്‍ സഹകാര്‍മ്മികനാകാന്‍ മലയാളി വൈദികനും. കുട്ടനാട്ടുകാരനായ ഫാ.ജോബി കരിക്കംപള്ളില്‍ ഒഎഫ്എം കപ്പുച്ചിനാണ് മാര്‍പാപ്പായൊടൊപ്പം വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാന്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ അബുദാബി സെന്റ് ജോസഫ്‌സ് കത്തീഡ്രലില്‍ അസിസ്റ്റന്റ് വികാരിയായി ശുശ്രൂഷ ചെയ്തുവരികയാണ് അദ്ദേഹം. മുന്‍പ് മസ്‌കറ്റിലെ സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍ കാത്തോലിക്കാ പള്ളിയില്‍ ശുശ്രൂഷ ചെയ്തിരിന്നു.
ഫെബ്രുവരി അഞ്ച് ചൊവ്വാഴ്ച യുഎഇ സമയം രാവിലെ 9.15നു (ഇന്ത്യന്‍ സമയം രാവിലെ 10.45) കത്തീഡ്രല്‍ സന്ദര്‍ശിക്കുന്ന പാപ്പ 10.30നു സൈദ് സ്പോർട്സ് സിറ്റിയിൽ നടത്തുന്ന ബലിയിലാണ് ഫാ. ജോബി സഹകാര്‍മ്മികനാകുക. കെഎസ്ഇബി റിട്ട. ഉദ്യോഗസ്ഥന്‍ ആലപ്പുഴ എടത്വ ചെക്കിടിക്കാട് കരിക്കംപള്ളില്‍ ചിറയില്‍ സി.സി. ജോസിന്റെയും മുട്ടാര്‍ ശ്രാന്പിക്കല്‍ പുത്തന്‍പുരയില്‍ ത്രേസ്യാമ്മയുടെയും മകനാണ് ഫാ. ജോബി. 2011ല്‍ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം ഭരണങ്ങാനം അസീസി ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറായിരുന്നു. മാര്‍പാപ്പായൊടൊപ്പം വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ സാധിക്കുന്നത് ദൈവാനുഗ്രഹമാണെന്നു ഫാ. ജോബി കരിക്കംപള്ളില്‍ പ്രതികരിച്ചു.