News - 2025
ആസിയാക്ക് അഭയം നല്‍കണം: അമേരിക്കന്‍ കോണ്‍ഗ്രസില്‍ പ്രമേയം
സ്വന്തം ലേഖകന്‍ 02-02-2019 - Saturday
വാഷിംഗ്ടണ്‍ ഡിസി: മതനിന്ദാക്കേസില്‍ പാക്ക് സുപ്രീംകോടതി കുറ്റവിമുക്തയാക്കിയ ക്രൈസ്തവ വീട്ടമ്മ ആസിയാ ബീബിക്ക് അമേരിക്കയില്‍ അഭയം നല്‍കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ കോണ്‍ഗ്രസില്‍ പ്രമേയം. കെന്‍ കാല്‍വെര്‍ട്ട് എന്ന പ്രതിനിധിയാണ് ഇത് സംബന്ധിച്ചു യുഎസ് കോണ്‍ഗ്രസില്‍ പ്രമേയം അവതരിപ്പിച്ചത്. ആസിയയെ കുറ്റവിമുക്തയാക്കിയതിനെതിരെ നല്‍കിയ റിവ്യുഹര്‍ജി ചൊവ്വാഴ്ച തള്ളിയ സുപ്രീം കോടതി ആസിയായ്ക്ക് രാജ്യത്തോ പുറത്തോ സ്വതന്ത്രമായി സഞ്ചരിക്കുന്നതിനു വിലക്കില്ലെന്നും വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് അമേരിക്കന്‍ കോണ്‍ഗ്രസില്‍ പ്രമേയം അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ ആസിയായ്ക്ക് അഭയം നല്‍കാമെന്നു കാനഡ സമ്മതിച്ചിരിന്നു. അവരുടെ രണ്ടു മക്കള്‍ ഇപ്പൊഴും കാനഡയില്‍ തുടരുകയാണ്. ഇതിനിടെ ആസിയാ ഉടന്‍ പാക്കിസ്ഥാന്‍ വിടുമെന്നു പാക്ക് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. ആസിയ സുരക്ഷിത സ്ഥാനത്ത് എത്തിയെന്ന വാര്‍ത്തയ്ക്കായി പ്രാര്‍ത്ഥനാപൂര്‍വ്വം കാത്തിരിക്കുകയാണ് ആഗോള ക്രൈസ്തവ സമൂഹം.
