News - 2025

ആഗോള തലത്തില്‍ അറുനൂറിലധികം ഭാഷകളില്‍ ബൈബിള്‍ തര്‍ജ്ജമക്കായി ആവശ്യം

സ്വന്തം ലേഖകന്‍ 08-02-2019 - Friday

ഫ്ലോറിഡ: തങ്ങളുടെ സ്വന്തം ഭാഷയിലുള്ള ബൈബിള്‍ തര്‍ജ്ജമകള്‍ വേണമെന്ന് അറുനൂറിലധികം വിവിധ ഭാഷകള്‍ സംസാരിക്കുന്ന ജനവിഭാഗങ്ങള്‍ തങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബൈബിള്‍ തര്‍ജ്ജമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയായ വൈക്ലിഫ് അസോസിയേറ്റ്സിന്റെ വെളിപ്പെടുത്തല്‍. ഡമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഇന്തോനേഷ്യ, പാപുവ ന്യൂഗിനിയ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ജനങ്ങളാണ് ബൈബിളിനായി ആവശ്യമുന്നയിച്ചു രംഗത്തുള്ളത്'.

ബൈബിള്‍ തര്‍ജ്ജമാ രംഗത്തെ നൂതന സാങ്കേതികവിദ്യയാണ് ഇതിന്റെ കാരണമായി വൈക്ലിഫ് അസോസിയേറ്റ്സിന്റെ പ്രസിഡന്റും, സി.ഇ.ഒ. യുമായ ബ്രൂസ് സ്മിത്ത് ചൂണ്ടിക്കാട്ടുന്നത്. വര്‍ഷങ്ങളെടുത്ത് ചെയ്തിരുന്ന പുതിയ നിയമ തര്‍ജ്ജമകള്‍ ഇപ്പോള്‍ മാസങ്ങള്‍കൊണ്ട് പൂര്‍ത്തിയാക്കാമെന്ന് അറിഞ്ഞതോടെയാണ് ബൈബിള്‍ തര്‍ജ്ജമകള്‍ക്ക് വേണ്ടിയുള്ള ആവശ്യം വര്‍ദ്ധിച്ചിരിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്.

MAST (Mobilised Assistance Supporting Translation) എന്ന നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് കൊണ്ടാണ് തര്‍ജ്ജമ നടത്തുക. കംബ്യൂട്ടര്‍ ടാബ്ലെറ്റും, പ്രത്യേക സോഫ്റ്റ്‌വെയറും, വേഗമേറിയ അച്ചടി ഉപകരണങ്ങളും ഉപയോഗിച്ച് സ്വന്തം ഭാഷകളില്‍ തര്‍ജ്ജമകള്‍ ചെയ്യുന്നതിനായി ആളുകള്‍ക്ക് പരിശീലനം നല്‍കുവാന്‍ കഴിയുന്നതിനാല്‍ തര്‍ജ്ജമക്കെടുക്കുന്ന സമയം ഗണ്യമായി കുറക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. 2014 വരെ ഒരു തര്‍ജ്ജമാ പദ്ധതി ചിലപ്പോള്‍ 25 മുതല്‍ 30 വര്‍ഷങ്ങള്‍ കൊണ്ടായിരുന്നു പൂര്‍ത്തിയായിരുന്നത്. എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ MAST പരിശീലന പദ്ധതികള്‍ ആരംഭിച്ചതോടെ 1,250-ഓളം ബൈബിള്‍ തര്‍ജ്ജമാ പദ്ധതികളാണ് ആരംഭിച്ചിട്ടുള്ളത്‌. 67 രാജ്യങ്ങളിലായി ഇത്തരം 5,485 ടാബ്ലെറ്റുകളും, അച്ചടി സംവിധാനങ്ങളുമാണ് വൈക്ലിഫ് വിതരണം ചെയ്തിരിക്കുന്നത്.

കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ ബൈബിള്‍ തര്‍ജ്ജമയെന്നത് വളരെ ബുദ്ധിമുട്ടേറിയതും കാലതാമസമേടുക്കുന്നതുമായ ഒരു പ്രക്രിയയായിരുന്നു. അക്രമങ്ങളും, മതപീഡനങ്ങളുമുള്ള പ്രദേശങ്ങളില്‍ പോകുവാനോ തര്‍ജ്ജമകള്‍ നടത്തുവാനോ കഴിയുമായിരുന്നില്ല. എന്നാല്‍ ദൈവാനുഗ്രഹത്താല്‍ ഇപ്പോള്‍ അക്രമങ്ങളും, അടിച്ചമര്‍ത്തലുകളുമുള്ള പ്രദേശങ്ങളില്‍ പോലും ദൈവം നമുക്കായി വാതില്‍ തുറന്നുതന്നിരിക്കുകയാണെന്ന് സ്മിത്ത് പറയുന്നു. 2025-ല്‍ ലോകത്തെ എല്ലാ ഭാഷകളിലുമുള്ള ബൈബിള്‍ തര്‍ജ്ജമകള്‍ ലഭ്യമാക്കണമെന്നതാണ് വൈക്ലിഫിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More Archives >>

Page 1 of 416