News - 2025

ഇവള്‍ ഗബ്രിയേല: സോഷ്യൽ മീഡിയയിൽ താരമായ കൊച്ചു മിടുക്കി

സ്വന്തം ലേഖകന്‍ 07-02-2019 - Thursday

അബുദാബി: സുരക്ഷാ നിയന്ത്രണങ്ങളെല്ലാം മറികടന്ന് മാർപാപ്പയുടെ അടുത്തെത്തി പാപ്പയുടെ ആശിർവാദം മേടിച്ച ബാലിക സോഷ്യൽ മീഡിയയിൽ താരം. കഴിഞ്ഞ ദിവസം സയിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ വിശുദ്ധ കുർബാന അർപ്പണത്തിനായി പാപ്പ എത്തിയ സമയത്ത്, സുരക്ഷാ നിയന്ത്രണങ്ങളെല്ലാം മറികടന്ന് മാർപാപ്പയുടെ അടുത്തെത്തി പേപ്പൽ ആശിർവാദം മേടിച്ച ബാലികയാണ് ഇപ്പോൾ നവ മാധ്യമങ്ങളില്‍ തരംഗമാകുന്നത്. പതിമൂവായിരം കിലോമീറ്ററുകൾ താണ്ടി കൊളംബിയയിൽ നിന്ന് യുഎഇയിൽ എത്തിയ ഗബ്രിയേല എന്ന് ബാലികയാണ് ആളുകളുടെ മനംകവർന്നത്. സ്വന്തം കൈപ്പടയില്‍ എഴുതിയ കത്ത് മാർപാപ്പയ്ക്ക് നൽകാനാണ് കടുത്ത നിയന്ത്രണങ്ങൾ മറികടന്ന് അവൾ മാർപാപ്പയുടെ അടുത്തെത്തിയത്.

അവിടെയുണ്ടായിരുന്ന ഒരു യുഎഇ സുരക്ഷാ ഉദ്യോഗസ്ഥൻ അവളെ മാർപാപ്പയുടെ സമീപത്തേക്ക് ഉയർത്തി നൽകി. മാർപാപ്പ നിറഞ്ഞ പുഞ്ചിരിയോടെ അവളെ ആശിർവദിച്ചപ്പോൾ ഗബ്രിയേലയുടെ കണ്ണുകളിൽനിന്ന് ആനന്ദ കണ്ണുനീർ ഇറ്റു വീഴുന്നുണ്ടായിരുന്നു. യുഎഇയിൽ നിന്ന് തിരിച്ച് റോമിലേക്കുള്ള യാത്രാമധ്യേ വിമാനത്തിൽ വച്ച് പാപ്പ ഈ മിടുക്കിയെ ഓര്‍ത്തുവെന്നതും ശ്രദ്ധേയമായി. "അവള്‍ ധൈര്യവതിയാണ്, അവൾക്കൊരു ഭാവിയുണ്ട്" എന്നാണ് മാധ്യമപ്രവർത്തകരോട് ഗബ്രിയേലയെ പറ്റി ഫ്രാൻസിസ് മാർപാപ്പ പറഞ്ഞത്. പതിനായിരകണക്കിന് ആളുകളാണ് ഗബ്രിയേലിന്റെ വികാരഭരിതമായ ചിത്രം ഷെയര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

More Archives >>

Page 1 of 416