News - 2025
കര്‍ദ്ദിനാള്‍ സാറയുടെ പുതിയ പുസ്തകത്തിന്റെ പ്രകാശനം മാര്‍ച്ച് 20ന്
സ്വന്തം ലേഖകന്‍ 17-02-2019 - Sunday
റോം, ഇറ്റലി: വത്തിക്കാന്‍ ആരാധനക്രമ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ തന്റെ മൂന്നു പുസ്തകങ്ങളുടെ പരമ്പരയിലെ അവസാനത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ പുസ്തകത്തിന്റെ പ്രകാശന തിയതി പ്രഖ്യാപിച്ചു. ‘ഈവനിംഗ് അപ്രോച്ചസ് ആന്‍ഡ് ദി ഡേ ഫാര്‍ സ്പെന്റ്’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിന്റെ പ്രകാശനം ഫ്രാന്‍സില്‍ വെച്ച് വരുന്ന മാര്‍ച്ച് 20-നാണ് നടക്കും. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കര്‍ദ്ദിനാള്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
സമകാലീന ലോകത്തിലെ ആത്മീയപരവും, ധാര്‍മ്മികവും, രാഷ്ട്രീയവുമായ പ്രശ്നങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകം മറ്റ് രണ്ടു പുസ്തക രചനയിലും ഭാഗമായിരുന്ന നിക്കോളാസ് ഡിയാറ്റുമായി ചേര്‍ന്നാണ് കര്‍ദ്ദിനാള്‍ രചിച്ചിട്ടുള്ളത്. ഇക്കാലഘട്ടത്തില്‍ മനുഷ്യ വിനാശത്തിന്റെ എല്ലാ മുഖങ്ങളും അടങ്ങിയിരിക്കുന്നുവെന്ന്‍ താന്‍ കരുതുന്നതിനാല്‍ ഇതുവരെ താന്‍ രചിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും പ്രധാനപ്പെട്ട പുസ്തകമായിരിക്കുമിതെന്ന്‍ കര്‍ദ്ദിനാള്‍ സാറ പറഞ്ഞു.
‘ഗോഡ് ഓര്‍ നതിംഗ്’, ‘ദി പവര്‍ ഓഫ് സൈലന്‍സ്’ എന്നിവയാണ് പുസ്തകപരമ്പരയില്‍ മുന്‍പിറങ്ങിയ രണ്ട് പുസ്തകങ്ങള്‍. കര്‍ദ്ദിനാള്‍ സാറയുടെ പുതിയ പുസ്തകത്തില്‍ നിന്നും ഒരുപാട് പ്രതീക്ഷിക്കാനുണ്ടെന്നാണ് ഫ്രാന്‍സിലെ സെന്റ് ബെനോയിറ്റ് ആശ്രമത്തിന്റെ സ്ഥാപക പ്രിയോറും, കര്‍ദ്ദിനാള്‍ സാറ കൂടി ഭാഗമായ സ്കാര ലിറ്റര്‍ജിയ പ്രസ്ഥാനത്തിന്റെ അന്താരാഷ്ട്ര കോ-ഓര്‍ഡിനേറ്ററുമായ ഡോം അല്‍ക്കൂയിന്‍ റീഡ് പറയുന്നത്.
2015-ല്‍ പ്രസിദ്ധീകരിച്ച ‘ഗോഡ് ഓര്‍ നതിംഗ്’ എന്ന ആദ്യ പുസ്തകം കര്‍ദ്ദിനാള്‍ സാറയുടെ പ്രേഷിത ജീവിതത്തില്‍ പ്രചോദനമായ സുവിശേഷകരേക്കുറിച്ചും, പുരോഹിതരെക്കുറിച്ചും വിവരിക്കുന്ന ജീവചരിത്രപരമായ അഭിമുഖമായിരുന്നുവെങ്കില്‍, 2017-ല്‍ പുറത്തിറങ്ങിയ ദി പവര്‍ ഓഫ് സൈലന്‍സ് : എഗൈന്‍സ്റ്റ് ദി ഡിക്റ്റേറ്റര്‍ഷിപ് ഓഫ് നോയിസ് എന്ന പുസ്തകം ഭൗതീകതയും, സാങ്കേതികതയും മനുഷ്യ ജീവിതങ്ങളെ സ്വാധീനിക്കുമ്പോള്‍ നിശബ്ദതയുടെ ശക്തിയെക്കുറിച്ച് വിവരിക്കുന്നതായിരുന്നു.
രണ്ടു പുസ്തകങ്ങളും വന്‍ വിജയമായിരുന്നു. പുതിയ പുസ്തകത്തിന്റെ ഫ്രഞ്ച് പതിപ്പാണ് ഇപ്പോള്‍ പുറത്തിറക്കുന്നത്. ഇംഗ്ലീഷ് പതിപ്പ് എപ്പോള്‍ പുറത്തിങ്ങുമെന്ന കാര്യത്തില്‍ വ്യക്തതയില്ലെങ്കിലും മെയ് മാസത്തില്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ശക്തമായ കത്തോലിക്ക വിശ്വാസത്തില്‍ കേന്ദ്രീകൃതമായ ജീവിതം നയിക്കുന്ന കര്‍ദ്ദിനാള്‍ സാറയുടെ പുസ്തകത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആഗോള സമൂഹം.