News - 2024

ജനങ്ങളുടെ കഷ്ടതകളെ കണ്ണു തുറന്നു കാണൂ: വെനിസ്വേലന്‍ പ്രസിഡന്റിനോട് ബിഷപ്പ്

സ്വന്തം ലേഖകന്‍ 18-02-2019 - Monday

സാന്‍ ക്രിസ്റ്റോബല്‍: വെനിസ്വേലയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ പൊതുജനങ്ങള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളും, യാതനകളും കണ്ണുതുറന്നു കാണുവാന്‍ വെനിസ്വേലന്‍ മെത്രാന്‍ സമിതിയുടെ വൈസ്-പ്രസിഡന്റും, സാന്‍ ക്രിസ്റ്റോബലിലെ മെത്രാനുമായ മൊറോണ്ടാ വെനിസ്വേലന്‍ പ്രസിഡന്റിനോടാവശ്യപ്പെട്ടു. സിഎന്‍എയുടെ സ്പാനിഷ് ഏജന്‍സിയായ എസിഎന്‍ പ്രേന്‍സക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം പ്രസിഡന്റ് നിക്കോളാസ് മഡൂറോക്കെതിരെ ആഞ്ഞടിച്ചത്.

വെനിസ്വേലയില്‍ രാഷ്ട്രീയവും, സാമൂഹികവുമായ മാറ്റം ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. ജനങ്ങളുടെ അഭിപ്രായത്തിന് വിലകല്‍പ്പിക്കണമെന്നാണ് സഭക്ക് പറയുവാനുള്ളത്. ജനങ്ങളുടെ കഷ്ടപ്പടുകള്‍ക്ക് നേരെ കണ്ണുതുറക്കൂ. സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും അന്തസ്സിനും വേണ്ടി വാദിക്കുന്നവരുടെ നിലവിളി ശ്രദ്ധിക്കണമെന്നു ഓര്‍മ്മിപ്പിച്ച അദ്ദേഹം രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക രംഗങ്ങളിലെ നേതൃത്വം പൊതുജനങ്ങളുടെ ഭാഗത്തായിരിക്കണമെന്ന് ഓര്‍മ്മിപ്പിച്ചു.

സമാധാന പുനഃസ്ഥാപനത്തിനുള്ള പാലമായിരിക്കുക എന്നതാണ് സഭയുടെ കര്‍ത്തവ്യം, അത് ചെയ്യുവാന്‍ സഭ തയ്യാറാണ്. പൊതു ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുവാന്‍ വേണ്ട ശക്തമായ നടപടികള്‍ സഭ രൂപതാതലത്തില്‍ കൈക്കൊണ്ടു വരുന്നുണ്ടെന്നും, കൊളംബിയിലെ കുക്കൂട്ട ഉള്‍പ്പെടെ ലാറ്റിന്‍ അമേരിക്കയിലെ വിവിധ സഭകളുമായി വെനിസ്വേലന്‍ സഭ ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും മെത്രാന്‍ പറഞ്ഞു.

ഹ്യൂഗോ ഷാവേസിന്റെ പിന്‍ഗാമിയായി 2013-ല്‍ വെനിസ്വേലന്‍ പ്രസിഡന്റ് പദവിയിലേക്ക് മഡൂറോ തിരഞ്ഞെടുക്കപ്പെട്ടത് മുതല്‍ വെനിസ്വേല അക്രമത്തിന്റേയും അശാന്തിയുടേയും താഴ്വരയായി മാറിയിരിക്കുകയാണ്. ഭരണകൂട വിരുദ്ധ പ്രക്ഷോഭത്തിനിടയില്‍ ജനുവരി 21 മുതല്‍ നാല്‍പ്പതോളം പേരുടെ ജീവന്‍ നഷ്ടപ്പെടുകയും നൂറുകണക്കിന് പേര്‍ അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്. വിലകയറ്റവും, നാണയപ്പെരുപ്പവും മൂലം ലക്ഷങ്ങളാണ് വെനിസ്വേലയില്‍ നിന്നും പലായനം ചെയ്യുന്നത്. മഡൂറോയുടെ നടപടികള്‍ ആഗോളതലത്തില്‍ വിമര്‍ശന വിധേയമായിക്കൊണ്ടിരിക്കുകയാണ്.


Related Articles »