News - 2025

വത്തിക്കാൻ - ചൈന കരാർ ഉടനടി നടപ്പിൽ വരുത്തണമെന്ന് സ്റ്റേറ്റ് സെക്രട്ടറി

സ്വന്തം ലേഖകന്‍ 04-03-2019 - Monday

റോം: വത്തിക്കാൻ - ചൈന കരാർ ഉടൻ നടപ്പിൽ വരുത്തണമെന്ന് ആവശ്യപ്പെട്ട് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ. വത്തിക്കാൻ നയതന്ത്രത്തെ പറ്റി മാർച്ച് ഒന്നാം തിയതി റോമിലെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ നടന്ന കോൺഫറൻസിലാണ് കരാർ എത്രയും വേഗം നടപ്പിലാക്കണമെന്ന് കർദ്ദിനാൾ പരോളിൽ നിർദ്ദേശിച്ചത്. വത്തിക്കാൻ ഏർപ്പെട്ടിരിക്കുന്ന കരാറുകളെ പറ്റിയുള്ള ഒരു പൊതു ചിത്രം വിശദമാക്കിയതിനുശേഷമാണ് ചൈനയുമായി ഏർപ്പെട്ടിരിക്കുന്ന കരാറിനെ പറ്റിയും, അവിടുത്തെ മെത്രാന്മാരുടെ നിയമന നടപടിക്രമങ്ങളെക്കുറിച്ച് മറ്റും കര്‍ദ്ദിനാൾ പരോളിൻ സംസാരിച്ചത്.

കഴിഞ്ഞ വർഷം സെപ്റ്റംബർ ഇരുപത്തിരണ്ടാം തീയതി ഒപ്പുവച്ച കരാറിലെ പല വിശദാംശങ്ങളും ഇതുവരെ പുറത്തുവിട്ടിട്ടില്ല. കരാർ ഒപ്പിട്ടതിനു ശേഷം സർക്കാർ അംഗീകാരം മാത്രമുണ്ടായിരുന്ന ഏഴു മെത്രാന്മാരെ വത്തിക്കാൻ അംഗീകരിച്ചു. എന്നാൽ പുതിയ കരാറിലെ നടപടിക്രമങ്ങളെല്ലാം പാലിച്ച് പുതിയതായി ഒരു മെത്രാനെ പോലും വത്തിക്കാനു നിയമിക്കുവാന്‍ സാധിച്ചിട്ടില്ല. ഇപ്പോൾ ചൈനയിലെ എല്ലാം മെത്രാന്മാർക്കും സർക്കാരിന്റെയും വത്തിക്കാന്റെയും അംഗീകാരമുണ്ട്. കരാർ സഭയ്ക്കും രാജ്യത്തിനുമായി ഫലം ചൂടും എന്നും കർദ്ദിനാൾ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ക്രൈസ്തവ പാരമ്പര്യമില്ലാത്ത രാജ്യങ്ങളിലും, ക്രൈസ്തവർ ന്യൂനപക്ഷമായ രാജ്യങ്ങളിലും മതസ്വാതന്ത്ര്യം കണക്കിലെടുത്താണ് സഭ കരാറിൽ ഏർപ്പെടുന്നതെന്നും പരോളിൻ പറഞ്ഞു. വത്തിക്കാന്‍- ചൈന കരാര്‍ പ്രാബല്യത്തില്‍ വന്നെങ്കിലും കമ്മ്യൂണിസ്റ്റ് ചൈനയില്‍ ക്രൈസ്തവ അടിച്ചമര്‍ത്തല്‍ തുടരുകയാണ്. ഈ സാഹചര്യത്തില്‍ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയുടെ പ്രസ്താവനക്ക് അതീവ പ്രാധാന്യമാണുള്ളത്.

ഒരു രാജ്യം എങ്ങനെയാണ് വത്തിക്കാനുമായി കരാറിൽ ഏർപ്പെടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. രാജ്യം വത്തിക്കാനുമായി ചർച്ചയ്ക്ക് തയ്യാറായാൽ ആ രാജ്യത്തെ ന്യൂൺഷോ അധ്യക്ഷനായ, പ്രാദേശിക മെത്രാന്മാരും കാനോൻ നിയമ വിദഗ്ധരും അടങ്ങുന്ന ഒരു സംഘത്തെ സഭ നിയമിക്കും. പിന്നീട് വിദഗ്ധ സംഘം കരാറിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങളെപ്പറ്റി പഠിച്ച് ഒരു കരട് കരാർ തയ്യാറാക്കി അംഗീകാരത്തിനായി വത്തിക്കാൻ സെക്രട്ടറേറിയേറ്റ് ഓഫ് സ്റ്റേറ്റിന് കൈമാറുന്നു. സെക്രട്ടേറിയറ്റ് ഓഫ് സ്റ്റേറ്റ് ഇതിന്റെ നിയമ വശങ്ങളെ പറ്റി വിശദമായി പഠിച്ച് അന്തിമകരാർ രൂപീകരിക്കുന്നു. ഇങ്ങനെയാണ് ഒരു അന്താരാഷ്ട്ര കരാറിന് സഭ രൂപം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.


Related Articles »